സെബി മാനദണ്ഡം; നാല് പൊതുമേഖല ബാങ്കുകളിലെ ഓഹരികൾ വിൽക്കാൻ കേന്ദ്രം ഒരുങ്ങുന്നതായി റിപ്പോർട്ട്

ന്യൂഡൽഹി: നാല് പൊതുമേഖല ബാങ്കുകളിലെ കുറഞ്ഞ ശതമാനം ഓഹരികൾ വിൽക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് കേന്ദ്ര സർക്കാർ വക്താക്കളെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, യൂക്കോ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് എന്നിവയിലെ ഓഹരികൾ വിൽക്കാനാണ് നീക്കം. പൊതു ഓഹരി പങ്കാളിത്തവുമായി ബന്ധപ്പെട്ട സെബിയുടെ മാനദണ്ഡങ്ങൾ പാലിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ ഓഹരികൾ വിൽക്കുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ കേന്ദ്ര സർക്കാറിന് 93 ശതമാനം ഓഹരിയാണുള്ളത്. ഇന്ത്യൻ ഓവർസീസ് ബാങ്കിൽ 96.4 ശതമാനവും, യൂക്കോ ബാങ്കിൽ 95.4 ശതമാനവും, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിൽ 98.3 ശതമാനവും ഓഹരികൾ കേന്ദ്ര സർക്കാറിന്‍റെ കയ്യിലാണ്. ഓഹരി വിപണിയിൽ പ്രത്യേക വിൽപ്പന ഓഫറിലൂടെ ഓഹരികൾ വിൽക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി ധനമന്ത്രാലയം മന്ത്രിസഭയുടെ അനുമതി തേടും.

ഓഹരി വിൽപ്പനയുടെ റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ ഈ ബാങ്കുകളുടെ ഓഹരിവിലയിൽ മൂന്ന് മുതൽ നാല് ശതമാനം വരെ കുതിപ്പുണ്ടായി.

വിപണിയിൽ ലിസ്റ്റ് ചെയ്ത സ്ഥാപനങ്ങളുടെ ഓഹരിയിൽ 25 ശതമാനം ഓഹരികളും പൊതു ഉടമസ്ഥതയിലുണ്ടാകണമെന്നാണ് സെബിയുടെ നിർദേശം. എന്നാൽ, സർക്കാർ ഉടമസ്ഥതയിലുള്ള പൊതു മേഖലാ സ്ഥാപനങ്ങൾക്ക് ഈ മാനദണ്ഡം അനുസരിക്കുന്നതിന് 2026 ആഗസ്റ്റ് വരെ ഇളവ് നൽകിയിട്ടുണ്ട്. 

Tags:    
News Summary - India plans minority stake sale in four state-run banks, source says

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT