വിദേശ ധനകാര്യസ്ഥാപനങ്ങൾ ഓഹരി വിൽപ്പനയുമായി മുന്നേറിയത് ഇന്ത്യൻ മാർക്കറ്റിനെ വീണ്ടും തളർത്തി. ഫണ്ടുകളുടെ വിൽപ്പനയിൽബോംബെ സൂചിക 136 പോയിൻറ്റും നിഫ്‌റ്റി 69 പോയിൻറ്റും തളർന്നു. എന്നാൽ ആഭ്യന്തര മ്യൂചൽ ഫണ്ടുകൾ എല്ലാ അവസരത്തിലും വിപണിക്ക് ശക്തമായി പിൻതുണയുമായി നിലയുറപ്പിച്ചിട്ടും ഏപ്രിൽ മാസത്തിൽ മുൻ നിര സൂചികകൾ ഒന്നരശതമാനം ഇടിഞ്ഞു.
പുതിയ സാമ്പത്തിക വർഷമായതിനാൽ ആഭ്യന്തര ഫണ്ടുകൾ പ്രദേശിക നിക്ഷേപകർക്ക് ഒപ്പ് സഞ്ചരിച്ച് ഓരോ അവസരത്തിലും വിപണിയുടെ കരുത്ത് നിലനിർത്താൻ കിണഞ്ഞു ശ്രമിച്ചു. എന്നാൽ വിദേശ ഇടപാടുകാർ അവരുടെ ബാധ്യത കുറക്കാനാണ് പിന്നിട്ടമാസത്തിലും ഉത്സാഹിച്ചത്.വിദേശ ഫണ്ടുകൾ ഏപ്രിലിൽ 42,371 കോടി രൂപയുടെ ഓഹരികൾ വിറ്റു. പോയവാരത്തിലെ വിൽപ്പന 12,190 കോടി രൂപ. അഞ്ച് ദിവസം
നിക്ഷേപത്തിന് ഉത്സാഹിച്ച ആഭ്യന്തര ഫണ്ടുകൾ 9703 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ബി എസ് ഇ യിൽ ടെലികോം സൂചിക അഞ്ച്‌ശതമാനം ഇടിഞ്ഞു. ഓയിൽ ആൻഡ് ഗ്യാസ്, മെറ്റൽ, ഐ റ്റി സൂചികകൾ നഷ്ടത്തിലാണ്. ബി എസ് ഇ ഓട്ടോ, എഫ് എം സി ജി സൂചികകൾനേട്ടത്തിലാണ്.
മുൻ നിര ഓഹരികളായ എച്ച് ഡി എഫ് സി, എച്ച് ഡി എഫ് സി ബാങ്ക്, ഇൻഡസ് ബാങ്ക്, സൺ ഫാർമ്മ, സിപ്ല, മാരുതി, എയർടെൽ, ബജാജ് ഓട്ടോ, എച്ച് യു എൽ തുടങ്ങിയവയിൽ നിക്ഷേപകർ താൽപര്യം കാണിച്ചു. വിൽപ്പന സമ്മർദ്ദം മൂലം എസ്.ബി.ഐ, ഐ.സി.ഐ.സി.ഐ ബാങ്ക്, ഡോ: റെഡീസ്, ടാറ്റാ മോട്ടേഴ്‌സ്, ടാറ്റാ സ്‌റ്റീൽ, ഇൻഫോസീസ്, ടി.സി. എസ് തുടങ്ങിയവയ്‌ക്ക് തിരിച്ചടി നേരിട്ടു.
ബോംബെ സെൻസെക്‌സ് 58,338 പോയിന്റിൽ നിന്നും തുടക്കത്തിൽ 56,522 ലേയ്‌ക്ക് ഇടിഞ്ഞ വേളയിൽ മുൻ നിര ഓഹരികളിലെ വാങ്ങൽതാൽപര്യം സൂചികയെ 57,975 വരെ ഉയർത്തിയെങ്കിലും വെളളിയാഴ്‌ച്ച ക്ലോസിങിൽ സെൻസെക്‌സ് 57,060 ലാണ്. ഈ വാരംസെൻസെക്‌സിന് 57,849‐58,638 ൽ പ്രതിരോധവും 56,396‐55,732 ൽ താങ്ങും പ്രതീക്ഷിക്കാം.
നിഫ്‌റ്റി സൂചിക 17,171 ൽ നിന്നും 16,936 ലേയ്‌ക്ക് താഴ്‌ന്ന ശേഷം തിരിച്ചു വരവിനുള്ള ശ്രമത്തിൽ 17,377 വരെ ഉയർന്നു, വാരാന്ത്യം നിഫ്‌റ്റി 17,102 പോയിൻറ്റിലാണ്. ഈ വാരം റംസാൻ പ്രമാണിച്ച് ഒരു ദിവസം വിപണി അവധിയായതിനാൽ ഇടപാടുകൾ നാല് ദിവസങ്ങളിൽ ഒതുങ്ങും. 16,899 ലെ ആദ്യ സപ്പോർട്ട് നിലനിർത്തി 17,340 ലേയ്‌ക്ക് തിരിച്ച് വരവ് നടത്താം. പ്രതികൂല വാർത്തകൾക്ക് ആക്കം വർദ്ധിച്ചാൽ മാസമദ്ധ്യം നിഫ്‌റ്റി 16,697റേഞ്ചിലേയ്‌ക്ക് തളരാം. നിഫ്‌റ്റിയുടെ മറ്റ് സാങ്കേതിക വശങ്ങൾ വിലയിരുത്തിയാൽ പാരാബോളിക്ക് എസ് ഏ ആർ, സൂപ്പർ ട്രെൻറ്റ്,ഏം എ സി ഡി തുടങ്ങിയവ തളർച്ചയിലേയ്‌ക്ക് മുഖം തിരിച്ചു.
ഫോറെക്‌സ് മാർക്കറ്റിൽ യു എസ് ഡോളറിന് മുന്നിൽ ഇന്ത്യൻ രൂപയുടെ കാലിടറുന്നു. വിദേശ നിക്ഷേപം കുറഞ്ഞതോടെ ഡോളർ ശേഖരിക്കാൻഫണ്ടുകൾ മത്സരിച്ചത് രൂപയുടെ മൂല്യം 76.29 ൽനിന്നും 76.92 ലേയ്‌ക്ക് ഇടിഞ്ഞ ശേഷം വാരാന്ത്യം 76.45 ലാണ്. രൂപ താൽക്കാലികമായി 76.02‐77.14 റേഞ്ചിൽ നിലകൊള്ളാം. യൂറോപ്യൻ യൂണിയൻ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി നിരോധിച്ചു. ഇതോടെ ആഗോള വിപണിയിൽ ക്രൂഡ് വില ബാരലിന് 99 ഡോളറിൽ നിന്ന് 109 വരെ കയറിയ ശേഷം വാരാന്ത്യം 106 ഡോളറിലാണ്.
ലഭ്യത കുറയുന്നത് ന്യൂയോർക്ക്, ലണ്ടൻ എക്‌സ്‌ചേഞ്ചുകളിൽ ക്രൂഡിലെ വാങ്ങൽ താൽപര്യം ഉയർത്തും. ആഗോള തലത്തിൽ ഫണ്ടുകളിൽ നിന്നും സ്വർണത്തിൽ വിൽപ്പന കനത്തതോടെ ട്രോയ് ഔൺസിന് 1900 ഡോളറിലെ താങ്ങ് നഷ്‌ടമായി. 1871 ഡോളറിൽ നിന്നും 1920 വരെ കയറി ശേഷം 1896 ൽ വ്യാപാരം അവസാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.