വീണ്ടും വാങ്ങലുകാരായി വിദേശനിക്ഷേപകർ​; വിപണിയിൽ ഉണർവ്

കൊച്ചി: യൂറോപ്യൻ കേന്ദ്ര ബാങ്കുകൾ പലിശ നിരക്ക്‌ പുതുക്കി സാമ്പത്തിക മേഖലയ്‌ക്ക്‌ ഊർജം പകരുന്ന പദ്ധതികളുമായി മുന്നേറുന്നത്‌ കണ്ട വിദേശ ഫണ്ടുകൾ ഇന്ത്യ അടക്കമുള്ള വിവിധ മാർക്കറ്റുകളിൽ നിന്നും ഹെവിവെയിറ്റ്‌ ഓഹരികൾ സ്വന്തമാക്കാൻ ഉത്സാഹിച്ചു.ആഭ്യന്തര ധനകാര്യസ്ഥാപനങ്ങളും പ്രാദേശിക നിഷേപകരും ഈ അവസരത്തിൽ വിപണിയിൽ അണിനിരന്നതോടെ മുൻ നിര ഇൻഡക്‌സുകൾ നാല്‌ ശതമാനത്തിൽ അധികം മുന്നേറി. ബോംബെ സെൻസെക്‌സ്‌ 2311 പോയിന്റും നിഫ്‌റ്റി 670 പോയിന്റും കഴിഞ്ഞവാരം ഉയർന്നു.

വിനിമയ വിപണിയിൽ രൂപയ്‌ക്ക്‌ നേരിട്ട റെക്കോർഡ്‌ തകർച്ചയെ സാമ്പത്തിക വിദ്ധദർ ആശങ്കയോടെ വീക്ഷിക്കുന്നതിനിടയിൽ റിസർവ്‌ ബാങ്ക്‌ കരുതൽ ശേഖരത്തിൽ നിന്നും ഡോളർ ഇറക്കി രൂപയുടെ കരുത്ത്‌ തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ്‌. ഒരു വശത്ത്‌ കരുതൽ ധനം ഓരോ ആഴ്‌ച്ചകൾ പിന്നിടും തോറും കൂടുതൽ ദുർബലമാകുന്നതല്ലാതെ രൂപയിൽ തിരിച്ചു വരവിന്റെ സൂചനകൾ ഇനിയും ദൃശ്യമായില്ല. തുടർച്ചയായ പന്ത്രണ്ടാം വാരത്തിലും ഡോളറിന്‌ മുന്നിൽ രൂപയ്‌ക്ക്‌ മൂല്യം തകർച്ച നേരിട്ടു.

വിനിമയ നിരക്ക്‌ 79.86 ൽ നിന്നും 80.29 ലേയ്‌ക്ക്‌ ഇടിഞ്ഞ ശേഷം വാരാന്ത്യം 79.85 ലാണ്‌. രൂപയുടെ മൂല്യത്തിൽ ഈ വർഷം ഇതിനകം ഏഴ്‌ ശതമാനം ഇടിവ്‌ സംഭവിച്ചു. ജൂലൈ 15 ന്‌ അവസാനിച്ച വാരത്തിൽ വിദേശ നാണയ കരുതൽ ശേഖരത്തിൽ 7.5 ബില്യൻ ഡോളർ കുറഞ്ഞ്‌ 572.7 ബില്യൻ ഡോളറായി. കഴിഞ്ഞ സെപ്‌റ്റംബറിൽ കരുതൽ ധനം സർവകാല റെക്കോർഡായ 645.42 ബില്യൻ ഡോളർ വരെ എത്തിയിരുന്നു.

സെൻസെക്‌സ്‌ 53,760 ൽ നിന്നും മികവോടെയാണ്‌ തിങ്കളാഴ്‌ച്ച ഇടപാടുകൾക്ക്‌ ആരംഭിച്ചത്‌. മുൻ നിര ഓഹരികളിൽ നിക്ഷേപത്തിന്‌ ധനകാര്യസ്ഥാപനങ്ങൾ ഒരുപോലെ മത്സരിച്ചതോടെ 54,000 പോയിൻറ്റും 55,000 വും മാത്രമല്ല 56,000 ലെ പ്രതിരോധവും തകർത്ത്‌ 56,186 പോയിന്റ് വരെ സൂചിക മുന്നേറി. വാരാന്ത്യ ക്ലോസിങിൽ 56,072 ലാണ്‌ സെൻസെക്സ്. ഈ വാരം 56,820 നെ ലക്ഷ്യമാക്കിയാവും ഇടപാടുകൾ തുടങ്ങുക. ഈ പ്രതിരോധം തകർക്കാനായാൽ അടുത്ത ലക്ഷ്യം 57,580 പോയിന്റാണ്. വിപണിയുടെ താങ്ങ്‌ 54,675‐53,275 പോയിന്റിലാണ്.

നിഫ്‌റ്റി സൂചിക 16,049 പോയിന്റിൽ നിന്നും 16,752 വരെ ഉയർന്നു. എല്ലാ ദിവസങ്ങളിലും സൂചിക ഉണർവ്‌ കാഴ്‌ച്ചവെച്ചത്‌ പ്രദേശിക ഓപ്പറേറ്റർമാരെ വിപണിയിലേയ്‌ക്ക്‌ അടുപ്പിച്ചു. വാരാന്ത്യം 16,719 ൽ നിലകൊള്ളുന്ന നിഫ്‌റ്റി ഈവാരം 16,320 ലെ സപ്പോർട്ട്‌ നിലനിർത്തി 16,930‐17,150 നെ ലക്ഷ്യമാക്കി സഞ്ചരിക്കാം.

മുൻ നിര ബാങ്കിംഗ്‌ ഓഹരികളിൽ നിക്ഷപകർ കൂടുതൽ താൽപര്യം കാണിച്ചത്‌ എസ്‌.ബി.ഐ, എച്ച്‌.ഡി.എഫ്‌.സി, എച്ച്‌. ഡി.എഫ്‌.സി ബാങ്ക്‌, ഐ.സി.ഐ.സി ഐ ബാങ്ക്‌, ഇൻഡസ്‌ ബാങ്ക്‌ തുടങ്ങിയവയെ ശ്രദ്ധേയമാക്കി. ഇൻഫോസീസ്‌, എച്ച്‌. സി.എൽ ടെക്‌, വിപ്രോ, ടി.സി.എസ്‌, ആർ.ഐ.എൽ, എം ആൻറ്‌ എം, മാരുതി തുടങ്ങിയവയുടെ നിരക്ക്‌ ഉയർന്നു.രാജ്യാന്തര വിപണിയിൽ ക്രൂഡ്‌ ഓയിൽ വില ബാരലിന്‌ 106 ഡോളറിൽ നിന്നും 101 ലേയ്‌ക്ക്‌ അടുത്ത ശേഷം വാരാന്ത്യം 103 ഡോളറിലാണ്‌.

ഫോറെക്‌സ്‌ മാർക്കറ്റിൽ ഡോളർ കരുത്ത്‌ നേടിയതോടെ സ്വർണ വില ഔൺസിന്‌ 1708 ഡോളറിൽ നിന്നും പതിനാറ്‌ മാസത്തിനിടയിലെ ഏറ്റവും താഴ്‌ന്ന നിരക്കായ 1680 ലേയ്‌ക്ക്‌ ഇടിഞ്ഞു. ഇതിനിടയിൽ യൂറോപ്യൻ കേന്ദ്ര ബാങ്ക്‌ പലിശ നിരക്ക്‌ ഉയർത്തിയത്‌ ഫണ്ടുകളെ മഞ്ഞലോഹത്തിൽ വീണ്ടും വാങ്ങലുകാരാക്കി. വാരാന്ത്യ ദിനത്തിൽ 1737 ഡോളർ വരെ തിരിച്ച്‌ വരവ്‌ കാഴ്‌ച്ചവെച്ച ശേഷം സ്വർണം 1725 ഡോളറിൽ ക്ലോസിങ്‌ നടന്നു.

Tags:    
News Summary - Indian Stock market Review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT