കൊച്ചി: തകർപ്പൻ പ്രകടനം കാഴ്‌ച്ചവെച്ച് ഇന്ത്യൻ ഓഹരി വിപണി ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരത്തിലെത്തി . ബോംബെ സൂചിക സെൻസെക്‌സ് 575 പോയിൻറ്റും നിഫ്‌റ്റി 183 പോയിൻറ്റും കഴിഞ്ഞ ആഴ്ച ഉയർന്നു. ആഭ്യന്തര വിദേശ ധനകാര്യസ്ഥാപനങ്ങൾ മുൻ നിര രണ്ടാം നിര ഓഹരികൾ സ്വന്തമാക്കാൻ കാണിച്ച മത്സരം വിപണിയെ റെക്കോർഡ് ഉയരത്തിലെത്തിച്ചു.
തുടർച്ചയായി എട്ട് ദിവസം നീണ്ട ബുൾ റാലിയിൽ ബോംബെ സൂചിക 2100 പോയിൻറ്റാണ് മുന്നേറിയത്. കുതിച്ചു ചാട്ടത്തിനിടയിൽ സൂചിക മുൻവാരത്തിലെ 62,293 ൽ നിന്നും 63,414 വരെ ഉയർന്ന് റെക്കോർഡ് സ്ഥാപിച്ചു. സൂചികയിലെ ബുൾ റാലിക്കിടിയിൽ വാരാന്ത്യ ദിനം ഒരു വിഭാഗം ഫണ്ടുകൾ ലാഭമെടുപ്പിന് രംഗത്ത് ഇറങ്ങിയത് ചെറിയതോതിലുള്ള ചാഞ്ചാട്ടങ്ങൾക്ക് കാരണമായെങ്കിലും മാർക്കറ്റ് ക്ലോസിങിൽ സെൻസെക്‌സ് 62,868 പോയിൻറ്റിലാണ്.
ഈവാരം തുടക്കത്തിൽ ഒരു കൺസോളിഡേഷന് വിപണി ശ്രമം നടത്താം. 62,100 ലെ സപ്പോർട്ട് നിലനിൽക്കുവോളം ബുൾ ഇടപാടുകാരുടെ സാന്നിധ്യം വിപണിക്ക് ഉണർവ് പകരും. സെൻസെക്‌സിന് 64,200 ൽ ആദ്യ പ്രതിരോധം പ്രതീക്ഷിക്കാം.
നിഫ്‌റ്റി 18,500 റേഞ്ചിൽ ഉടലെടുത്ത ബുൾ റാലി സൂചികയെ പുതിയ ഉയരങ്ങളിലേയ്‌ക്ക് നയിച്ചു. പിന്നിട്ടവാരം സൂചിപ്പിച്ച പോലെ ഡിസംബർ ആദ്യ ദിനത്തിൽ തന്നെ നിഫ്‌റ്റി 18,800 നെ ലക്ഷ്യമാക്കിയെന്ന് മാത്രമല്ല റെക്കോർഡായ 18,888 പോയിന്റ് വരെ ഉയർന്നു. 18,800 റേഞ്ചിൽ ശക്തമായ ലാഭമെടുപ്പിന് ഒരു വിഭാഗം രംഗത്ത് ഇറങ്ങിയെങ്കിലും ഇതിനിടയിൽ പുതിയ നിക്ഷേപകരുടെ വരവ് നിഫ്‌റ്റിയെ എറ്റവും ഉയർന്ന നിലവാരത്തിൽ എത്തിച്ചു.
വാരാന്ത്യത്തിലെ ലാഭമെടുപ്പിൽ അൽപ്പം ആടി ഉലഞ്ഞ സൂചിക വാരാവസാനം 18,696 പോയിന്റിലാണ്. ഈവാരം 18,900 ലെ ആദ്യ പ്രതിരോധം തകർത്താൽ കുതിപ്പ് 19,000 നെ ലക്ഷ്യമാക്കുമെങ്കിലും ഉയർന്ന തലത്തിൽ ശക്തമായ പ്രോഫിറ്റ് ബുക്കിങിന് ആഭ്യന്തര വിദേശ ഓപ്പറേറ്റർമാർ വീണ്ടും രംഗത്ത് ഇറങ്ങാം.
പിന്നിട്ടവാരം വിപണിയിൽ തിളങ്ങിയ ടാറ്റാ സ്‌റ്റീൽ ഓഹരി വില ആറ് ശതമാനത്തിൽ അധികം ഉയർന്ന് 112 രൂപയിലെത്തി. ആർ.ഐ.എൽ അഞ്ച് ശതമാനം നേട്ടവുമായി 2722 രൂപയിലേയ്‌ക്ക് കയറി. ഡോ: റെഡീസ്, സൺ ഫാർമ്മ, എയർടെൽ, വിപ്രോ, ഇൻഫോസീസ്, ടി.സി.എസ്, എച്ച്.സി.എൽ ടെക്, ടെക് മഹീന്ദ്ര തുടങ്ങിയവ ശ്രദ്ധിക്കപ്പെട്ടു. എസ്.ബി.ഐ, ഐ. സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, എച്ച്.ഡി.എഫ്.സി, മാരുതി, ഐ.ടി.സി ഓഹരി വിലകൾ താഴ്‌ന്നു.
ഡോളറിന് മുന്നിൽ രൂപയുടെ മൂല്യം മെച്ചപ്പെട്ടു. 81.62 ൽ നിന്നും വാരാന്ത്യം കരുത്ത് നേടി രൂപ 81.31 ലാണ്. വിപണിയുടെ ചലനങ്ങൾ നിരീക്ഷിച്ചാൽ 81.95 ൽ പ്രതിരോധം മറികടന്നാൽ 82.49 ലേയ്‌ക്ക് രൂപ ദുർബലമാകാം.
സ്വർണ വിപണിയിൽ ശക്തമായ മുന്നേറ്റം. ഫണ്ടുകൾ വാങ്ങലിന് ഉത്സാഹിച്ചതോടെ ട്രോയ് ഔൺസിന് 1755 ഡോളറിൽ നിന്നും 1804 ഡോളർ വരെ ഉയർന്ന ശേഷം ക്ലോസിങിൽ 1797 ഡോളറിലാണ്. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ നേരിയ റേഞ്ചിൽ ചാഞ്ചാടുന്നു. 78 ഡോളറിൽ നിന്ന് 74 ലേയ്‌ക്ക് താഴ്‌ന്ന അവസരത്തിലെ ഷോട്ട് കവറിങ് നിരക്ക് ഉയർത്തി. ഞായറാഴ്‌ച്ച നടക്കുന്ന ഒപെക്ക് പ്ലസ് യോഗത്തെ ഉറ്റുനോക്കുകയാണ് വിപണി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.