ആഗോള സാമ്പത്തിക നില കൂടുതൽ പരുങ്ങുന്നത് കണ്ട് ഫണ്ടുകൾ ഓഹരി ബാധ്യതകൾ വിറ്റുമാറാൻ വാരാവസാന ദിനങ്ങളിൽ തിടുക്കം കാണിച്ചു. വർഷാന്ത്യമായതിനാൽ വിദേശ ഓപ്പറേറ്റർമാരുടെ വിൽപ്പനയ്‌ക്ക് ആക്കം കൂടും. ഒഴിവ് കാലം ആസ്വദിക്കാൻ ഫണ്ട് മാനേജർമാർ ഈവാരം രംഗത്ത് നിന്ന് അകലും. ഇതിനിടയിലെ പ്രതികൂല റിപ്പോർട്ടുകൾ മുൻ നിർത്തി അവർ പൊസിഷനുകൾ കുറച്ചത് തുടർച്ചയായ രണ്ടാം വാരവും ഇന്ത്യൻ മാർക്കറ്റിനെ തളർത്തി. സെൻസെക്‌സ് 843 പോയിൻറ്റും നിഫ്‌റ്റി സൂചിക 227 പോയിൻറ്റും താഴ്‌ന്നു.
അമേരിക്കൻ കേന്ദ്ര ബാങ്ക് നാണയപ്പെരുപ്പം നിയന്ത്രിക്കാൻ വീണ്ടും പലിശ ഉയർത്തി. ഇതിൻറ്റ ചുവടു പിടിച്ച് യുറോപ്യൻ കേന്ദ്ര ബാങ്കും ബാങ്ക് ഓഫ് ഇംഗ്ലണ്ടും സ്വിസ് കേന്ദ്ര ബാങ്കും പലിശ വർധിപ്പിച്ചു. റഷ്യ‐ഉക്രൈയിൻ സംഘർഷാവസ്ഥയ്‌ക്ക് അയവ് വന്നാൽ മാത്രമേ നാണയപ്പെരുപ്പം നിയന്ത്രണത്തിലേയ്‌ക്ക് തിരിയു. വിവിധ രാജ്യങ്ങൾക്ക് ഒപ്പം ഇന്ത്യയും പുതുവർഷത്തിൽ വീണ്ടും പലിശ ഉയർത്താം.
ബോംബെ സൂചിക 62,181 ൽ നിന്നും മുൻ വാരം സൂചിപ്പിച്ച 61,730 ലെ ആദ്യ സപ്പോർട്ട് നിലനിർത്തി കൊണ്ട് 62,780 ലെ പ്രതിരോധം തകർത്ത് 62,832 വരെ കയറി. ഈ അവസരത്തിൽ ഫെഡ് റിസർവിൽ നിന്നുള്ള വാർത്തകൾ ഇതര വിപണികൾക്ക് ഒപ്പം സെൻസെക്‌സിനെയും 61,292 ലേയ്‌ക്ക് ഇടിച്ചു. എന്നാൽ ഈ അവസരത്തിൽ കഴിഞ്ഞ ലക്കം സൂചിപ്പിച്ച 61,280 ലെ താങ്ങ് നിലനിർത്തി ക്ലോസിങിൽ 61,337 പോയിൻറ്റിലാണ്. ഈവാരം 60,280‐62,348 റേഞ്ചിൽ സഞ്ചരിക്കാം. സാങ്കേതികമായി വിപണി സെല്ലിങ് മൂഡിലേയ്‌ക്ക് തിരിഞ്ഞത് വിദേശ ഓപ്പറേറ്റർമാരെ കൂടുതൽ വിൽപ്പനയ്‌ക്ക് പ്രേരിപ്പിക്കാം.
നിഫ്‌റ്റിയിൽ ശക്തമായ ചാഞ്ചാട്ടം. ഓപ്പണിങിൽ സൂചിക 18,500 ലെ നിർണായക പ്രതിരോധം തകർത്തത് നിഷേപകരെ പുതിയ വാങ്ങലുകൾക്ക് പ്രേരിപ്പിച്ചു. സൂചിക 18,600 ന് മുകളിലേയ്‌ക്ക് ചുവടുവെച്ചതോടെ ഒരു വിഭാഗം ഊഹക്കച്ചവടക്കാർ ഷോട്ട് കവറിങ് രംഗത്ത് ഇറങ്ങിയത് നിഫ്‌റ്റിയെ 18,695 പോയിൻറ് വരെ ഉയർത്തി. ഇതിനിടയിൽ വിദേശ മാർക്കറ്റുകളിൽ നിന്നുള്ള പ്രതികൂല വാർത്തകൾ വാങ്ങലുകാരെ വിൽപ്പനയിലേയ്‌ക്ക് തിരിയാൻ നിർബന്‌ധിതരാക്കി. വെളളിയാഴ്‌ച്ച ഒരവസരത്തിൽ നിഫ്‌റ്റി 18,255 പോയിന്റിലേക്ക് ഇടിഞ്ഞ ശേഷം വ്യാപാരാന്ത്യം 18,269 പോയിൻറ്റിലാണ്.
നിഫ്റ്റിക്ക് 18,300 ലെ നിർണായക സപ്പോർട്ട് വാരാന്ത്യം നിലനിർത്താനാവാഞ്ഞത് ബുൾ ഇടപാടുകാരുടെ നെഞ്ചിടിപ്പ് ഉയർത്തി. 50 ഡേ സിംമ്പിൾ മൂവിംഗ് ആവറേജ് കണക്കിലെടുത്താൽ നിഫ്‌റ്റിക്ക് 18,100-18,000 റേഞ്ചിൽ സപ്പോർട്ട് പ്രതീക്ഷിക്കാം.
മുൻ നിര ബാങ്കിംഗ് ഓഹരികളായ ഇൻഡസ് ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ആക്‌സിസ് ബാങ്ക് തുടങ്ങിയവയിൽ നിക്ഷേപകർ താൽപര്യം കാണിച്ചു. സൺ ഫാർമ്മ, എൽ ആൻറ്റ് ടി, ടാറ്റാ സ്‌റ്റീൽ, എച്ച്.സി.എൽ ടെക് തുടങ്ങിയവയുടെ നിരക്കും ഉയർന്നു. അതേ സമയം വിൽപ്പന സമ്മർദ്ദത്തിന് മുന്നിൽ പിടിച്ചു നിൽക്കാനാവാതെ എച്ച്.യു.എൽ, എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി, ടെക് മഹീന്ദ്ര, വിപ്രോ, ഇൻഫോസിസ്, ടി.സി. എസ്, ആർ.ഐ.എൽ, എയർടെൽ, തുടങ്ങിയവയുടെ നിരക്ക് ഇടിഞ്ഞു.
വിദേശ ഫണ്ടുകൾ പിന്നിട്ടവാരം രണ്ട് ദിവസങ്ങളിലായി 992 കോടി രൂപ നിക്ഷേപിച്ചു. മറ്റ് ദിവസങ്ങളിൽ അവർ 2825 കോടി രൂപയുടെ വിൽപ്പന നടത്തി. ആഭ്യന്തര ഫണ്ടുകൾ 3463 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
അതേസമയം രൂപയുടെ മൂല്യ തകർച്ച തുടരുകലാണള. യു എസ് ഡോളറിന് മുന്നിൽ രൂപ 82.28 ൽ നിന്നും 82.96 ലേയ്‌ക്ക് ദുർബലമായ ശേഷം വ്യാപാരാന്ത്യം 82.70 ലാണ്. വർഷാന്ത്യത്തിന് മുന്നേ 83.30 ലേയ്‌ക്ക് വീണ്ടും ദുർബലമാകാം.
ആഗോള വിപണിയിൽ സ്വർണ വിലയിൽ ചാഞ്ചാട്ടം. ട്രോയ് ഔൺസിന് 1797 ഡോളറിൽ നിന്നും 1824 വരെ കയറിയ ശേഷം വാരമദ്ധ്യം 1774 ഡോളറിലേയ്‌ക്ക് തളർന്ന ശേഷം വെളളിയാഴ്‌ച്ച മാർക്കറ്റ് ക്ലോസിങിൽ 1791 ഡോളറിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.