വീണ്ടും ഉയർന്ന് ഓഹരി വിപണി

കൊച്ചി: സൂര്യകുമാർ യാദവിൻറ്റ 360 ഡിഗ്രി ബാറ്റിങിനെ അനുസ്‌മരിക്കും വിധം ബോംബെ സെൻസെക്‌സ്‌ പോയവാരത്തിൽ 360 പോയിന്റ് വർധിച്ചു. തൊട്ട്‌ മുൻവാരത്തിലും സെൻസെക്‌സ്‌ മുന്നേറിയത്‌ 360 പോയിന്റ് തന്നെയാണ്‌. നിഫ്‌റ്റി സൂചിക പോയവാരം 71 പോയിന്റ് ഉയർന്നു.

ആഭ്യന്തര ഫണ്ടുകൾ വിപണിയിൽ വാങ്ങലുകാരായി തുടരുന്നു. പിന്നിട്ടവാരം അവർ മൊത്തം 3513 കോടി രൂപ നിക്ഷേപിച്ചു. ജനുവരി രണ്ടാം വാരത്തിലും അവർ 10,000 കോടി രൂപയുടെ ഓഹരികൾ വാങ്ങിയിരുന്നു. വിദേശ ഫണ്ടുകൾ ചുരുങ്ങിയ തോതിലുള്ള ബയ്യിങിന്‌ മാത്രമാണ്‌ കഴിഞ്ഞ ദിവസങ്ങളിൽ തയ്യാറായത്‌. മൊത്തം 611 കോടി രൂപയുടെ വാങ്ങൽ അവർ നടത്തി. എന്നാൽ 3072 കോടി രൂപയുടെ ഓഹരികൾ ഇതിനിടയിൽ അവർ വിറ്റഴിച്ചു.

മുൻ നിര ബാങ്കിംങ്‌, ടെക്‌നോളജി വിഭാഗം ഓഹരികളിൽ വാങ്ങൽ താൽപര്യം നിറഞ്ഞുനിന്നു. എച്ച്‌.ഡി.എഫ്‌.സി ബാങ്ക്‌, എച്ച്‌.ഡി.എഫ്‌.സി, ഇൻഫോസിസ്, വിപ്രോ, എച്ച്‌.സി.എൽ, ഐ.ടി.സി, എയർ ടെൽ, ടാറ്റാ സ്‌റ്റീൽ ഓഹരി വിലകളിൽ മുന്നേറ്റം അനുഭവപ്പെട്ടപ്പോൾ സൺ ഫാർമ്മ, എച്ച്‌.യു.എൽ, മാരുതി, ടാറ്റാ മോട്ടേഴ്‌സ്‌, എം ആൻറ്‌ എം, ആർ.ഐ.എൽ, ഐ. സി.ഐ.സി.ഐ ബാങ്ക്‌, ടി.സി.എസ് തുടങ്ങിയവയ്‌ക്ക്‌ തിരിച്ചടിനേരിട്ടു.

രൂപയുടെ മികവ്‌ തുടരുകയാണ്. ഡോളറിന്‌ മുന്നിൽ രൂപയുടെ മൂല്യം 81.34 ൽ നിന്നും 81.12 ലേയ്‌ക്ക്‌ ശക്തപ്രാപിച്ചു. വിപണിയുടെ ചലനങ്ങൾ നിരീക്ഷിച്ചാൽ രൂപ 80 ലേയ്‌ക്ക്‌ അടുക്കാൻ സാധ്യത.

ഇതിനിടയിൽ സാമ്പത്തിക മാന്ദ്യം പിടിച്ചു നിർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി പലിശ നിരക്ക്‌ അമേരിക്ക വീണ്ടും ഉയർത്തുമെന്ന സൂചനകളാണ്‌ പുറത്തുവരുന്നത്‌. ഈ വർഷം ചുരുങ്ങിയത്‌ രണ്ട്‌ തവണയെങ്കിലും പലിശ നിരക്ക്‌ വർദ്ധിപ്പിക്കാൻ ഫെഡ്‌ റിസർവ്‌ നിർബന്ധിതമാവും.

ജപ്പാനിൽ പണപ്പെരുപ്പം 41 വർഷത്തെ ഏറ്റവും ഉയരത്തിലെത്തി. ഏഷ്യൻ രാജ്യങ്ങളും മാർച്ചിന്‌ മുന്നേ പലിശ നിരക്ക്‌ സംബന്ധിച്ച്‌ പുതിയ പ്രഖ്യാപനങ്ങൾ നടത്താം. യുറോപ്യൻ കേന്ദ്ര ബാങ്കിനും ഇതിൽ നിന്നും വിട്ടു നിൽക്കാനാവില്ല. യുറോപ്യൻ രാജ്യങ്ങൾ ഇതിനകം തന്നെ നാൽപത്‌ വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നാണയപ്പെത്തിൻറ പിടിയിൽ അകപ്പെട്ടു. അവരും പല അവർത്തി പലിശ ഉയർത്തിയെങ്കിലും പ്രതിസന്ധി ഇനിയും വിട്ടുമാറിയിട്ടില്ല.

ജനുവരി 20 ന് അവസാനിച്ച വാരത്തിൽ ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 10.417 ബില്യൺ ഡോളർ ഉയർന്ന് 572 ബില്യൺ ഡോളറിലെത്തി. അടുത്ത കാലത്തായി കരുതൽ ശേഖരം ഒറ്റവാരത്തിൽ ഇത്രയേറെ ഉയരുന്നത്‌ ആദ്യമാണ്.ബോംബെ സെൻസെക്‌സ്‌ മുൻവാരത്തിലെ 59,900 ൽ നിന്നും തുടക്കത്തിൽ അൽപ്പം തളർന്നങ്കിലും പിന്നീട്‌ കണ്ടെത്തിയ കരുത്തിൽ 61,113 വരെ ഉയർന്നു. എന്നാൽ ഉയർന്ന തലത്തിൽ അധിനേരം പിടിച്ചു നിൽക്കാനാവാതെ വാരാവസാനം സൂചിക 60,621 പോയിന്റിലേക്ക്‌ തളർന്നു. ഈവാരം 60,020 ലെ സപ്പോർട്ട്‌ നിലനിർത്തി സൂചിക 61,170 ലേയ്‌ക്കും ഉയർന്നാൽ വിപണിയുടെ അടുത്ത ലക്ഷ്യം 61,715 പോയിന്റിലാണ്. വിൽപ്പന സമ്മർദ്ദം ഉടലെടുത്താൽ 59,400 റേഞ്ചിൽ താങ്ങ്‌ പ്രതീക്ഷിക്കാം.

നിഫ്‌റ്റി സൂചിക 17,956 ൽ നിന്നും 18,155 വരെ മുന്നേറിയ ശേഷം 17,853 റേഞ്ചിലേയ്‌ക്ക്‌ വിൽപ്പന സമ്മർദ്ദത്തിൽ തളർന്നു. എന്നാൽ വ്യാപാരാന്ത്യം സൂചിക 18,027 പോയിന്റിലാണ്. ഈവാരം 18,170 റേഞ്ചിലേയ്‌ക്ക്‌ ഉയരാനുള്ള ശ്രമത്തിന്‌ വിദേശ പിൻതുണ ഉറപ്പ്‌ വരുത്താനായാൽ ബുൾ റാലി 18,300 പോയിന്റിലേയ്‌ക്ക്‌ നീളും. നിഫ്‌റ്റിയുടെ താങ്ങ്‌ 17,870‐17,700 പോയിന്റുകളിലാണ്‌.

ആഗോള വിപണിയിൽ വർഷാരംഭത്തിൽ ബാരലിന്‌ 78 ഡോളറിൽ ഇടപാടുകൾ നടന്ന ക്രൂഡ്‌ ഓയിലിപ്പോൾ 88 ഡോളറിലേയ്‌ക്ക്‌ അടുത്തു. ന്യൂ ഇയർ ആഘോഷങ്ങൾ കഴിഞ്ഞ്‌ എണ്ണ വിപണിയിലേയ്‌ക്കുള്ള ചൈനയുടെ വരവിനെ ഉറ്റുനോക്കുകയാണ്‌ കയറ്റുമതി രാജ്യങ്ങൾ.

Tags:    
News Summary - Indian stock market review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT