കൊച്ചി: ഉയർന്ന ഹൃദയമിടിപ്പോടെയാണ് ഓഹരി നിക്ഷേപകർ കഴിഞ്ഞയാഴ്ച ഓരോ പകലും തള്ളി നീക്കിയത്. അദാനി സൃഷ്‌ടിച്ച ഇരു തലയുള്ള വാൾ ഏതവസരത്തിലും വിപണിക്ക് മുകളിൽ പതിക്കുമെന്ന അവസ്ഥയിലൂടെയാണ് പോയവാരം നിക്ഷേപകർ കടന്ന് പോയത്. വാരാവസാനം സൃഷ്‌ടിച്ച ബുൾ തരംഗം സൂചികയെ ഉയർത്തി. വിപണിയുടെ വെയിറ്റേജ് ഷോട്ട് സെല്ലിങിൽ നിലകൊള്ളുന്നതാവാം തിരിച്ചു വരവിന് തടസമാകുന്നത്. പതിനായിരം കോടി ഡോളറിൻറ ബാധ്യതയാണ് പൊതുമേഖല ബാങ്കുകൾ തലയിലേറ്റിയത്.
ഹിൻഡൻബർഗ് ഇന്ത്യയിലെ ഒരു കമ്പനിക്ക് നേരെ മാത്രമേ വിരൽ ചൂണ്ടിയിട്ടുള്ളു. ആ ഒറ്റവിരൽ മർമ്മാണിയിൽ തന്നെ ഒരു ഗ്രൂപ്പ് തവിടുപെടിയാവുന്ന അവസ്ഥ, അതും രാജ്യത്തെ ഏറ്റവും വലിയ സമ്പന്നമായ ഗ്രൂപ്പ്. ധനമന്ത്രാലയം അദാനി ഗ്രൂപ്പിന്റെ ഏറ്റവും പുതിയ സംഭവ വികാസങ്ങളെ സൂക്ഷ്മ പരിശോധന നടത്തുകയാണ്, കമ്പനിയുടെ ഓഹരികളുടെ തകർച്ച. ഇപ്പോൾ ഷെൽഡ് ചെയ്തിരിക്കുന്ന ഓഹരി വിൽപ്പനയിലെ ക്രമക്കേടുകൾ, സാധ്യമായ ഏതെങ്കിലും വില കൃത്രിമം എന്നിവ ഉൾപ്പെടെ, ഇന്ത്യൻ മാർക്കറ്റ് റെഗുലേറ്റർ, വിഷയം ഇതിനകം അന്വേഷിക്കുന്നുണ്ട്.
പ്രതികൂല വാർത്തകളാണ് വിപണിക്ക് മുകളിൽ വട്ടമിട്ടു പറന്നതെങ്കിലും പ്രതിവാര നേട്ടത്തിൽ വ്യാപാരം അവസാനിപ്പിക്കാൻ സെൻസെക്‌സിനും നിഫ്‌റ്റിക്കുമായി. നിഫ്‌റ്റി ഒന്നര ശതമാനവും സെൻസെക്‌സ് രണ്ടര ശതമാനവും പോയവാരം ഉയർന്നു.
മുൻ നിര ബാങ്കിംങ് ഓഹരികൾ ഒരിക്കൽ കൂടി സൂചികയ്‌ക്ക് രക്ഷാകവചം ഒരുക്കി. എച്ച്.ഡി.എഫ്.സി ബാങ്ക്, എച്ച്.ഡി.എഫ്.സി, എസ്.ബി.ഐ, ഇൻഡസ് ബാങ്ക്, ആക്‌സിസ് ബാങ്ക്, ഐ.സി.ഐ.സി.ഐ, വിപ്രോ, ഇൻഫോസീസ്, ടി.സി.എസ്, എച്ച്.സി.എൽ ടെക്, എം ആൻറ് എം, മാരുതി, എയർടെൽ തുടങ്ങിയവയിൽ വാങ്ങൽ താൽപര്യം ശക്തമായിരുന്നു. അതേ സമയം വിൽപ്പന സമ്മർദ്ദവും ലാഭമെടുപ്പും ടാറ്റാ മോട്ടേഴ്‌സ്, ആർ ഐ എൽ, ടാറ്റാ സ്‌റ്റീൽ, സൺ ഫാർമ്മ ഓഹരികൾക്ക് തിരിച്ചടിയായി.
സെൻസെക്‌സ് 59,339 ൽ നിന്നും തുടക്കത്തിൽ അൽപ്പം തളർന്നെങ്കിലും പിന്നീട് കരുത്ത് നേടാൻ ശ്രമം നടത്തിയഘട്ടങ്ങളിൽ ഉയർന്ന തലത്തിൽ വിൽപ്പന സമ്മർദ്ദവുമായി വിദേശ ഫണ്ടുകൾ രംഗത്ത് ഇറങ്ങി. ഏകദേശം 18,000 കോടി രൂപയുടെ വിൽപ്പനയാണ് അവർ നടത്തിയത്. വാരാവസാനം സൂചിക 60,905 വരെ കയറിയ ശേഷം 60,841 ൽ വ്യാപാരം അവസാനിച്ചു.
നിഫ്‌റ്റി സൂചിക 249 പോയിൻറ് വർദ്ധിച്ചു. സൂചിക താഴ്‌ന്ന നിലവാരമായ 17,353 ൽ നിന്നും 17,976 വരെ കയറിയെങ്കിലും വ്യാപാരാന്ത്യം 17,854 പോയിൻറ്റിലാണ്. അദാനി തകർച്ച കാരണം വിപണിയിലെ വികാരം അൽപ്പം ദുർബലമാണ്.
രൂപയുടെ മൂല്യം തകർച്ച തുടരുന്നു. യു എസ് ഡോളറിന് മുന്നിൽ രൂപ 81.51 ൽ നിന്നും 82.20 ലേയ്‌ക്ക് ദുർബലമായ ശേഷം വാരാന്ത്യം അൽപ്പം മെച്ചപ്പെട്ട് 82.18 ലാണ്. രൂപയുടെ ചലനങ്ങൾ നിരീക്ഷിച്ചാൽ 81.80 - 82.96 റേഞ്ചിൽ ഈ വാരം സഞ്ചരിക്കാം.
വിദേശ നാണയ കരുതൽ ശേഖരത്തിൽ വീണ്ടും മുന്നേറ്റം. ഫോറെക്സ് മാർക്കറ്റിൽ കരുതൽ ധനം ഏഴ് മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 577 ബില്യൺ ഡോളറിലെത്തി. കഴിഞ്ഞവർഷം ഫെബ്രുവരി മുതൽ സെപ്തംബർ വരെ കരുതൽ ധനത്തിൽ 100 ബില്യൺ ഡോളറിന്റെ ഇടിവ് സംഭവിച്ചതിനെ തുടർന്ന് മൂന്ന് മാസമായി റിസർവ് ബാങ്ക് കരുതൽ ധനം ഉയർത്താനുള്ള ശ്രമത്തിലായിരുന്നു. ജനുവരി അവസാന വാരം കരുതൽ ധനം മൂന്ന് ബില്യൺ ഡോളർ ഉയർന്ന് 576.76 ബില്യൺ ഡോളറായി.
അന്താരാഷ്‌ട്ര സ്വർണ വില ട്രോയ് ഔൺസിന് 1927 ഡോളറിൽ നിന്നും 1960 ലെ പ്രതിരോധ മേഖലയിലേയ്‌ക്ക് ഉയർന്നശേഷം 1860 ഡോളറിലേയ്‌ക്ക് വാരാവസാനം ഇടിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.