വിപണി പ്രതിസന്ധിയിൽ തന്നെ; ഈ ആഴ്ചയും നിക്ഷേപകർ കരുതലെടുക്കും

കൊച്ചി: പ്രതിന്ധിയിൽ നിന്നും കരകയറാനുള്ള ഓഹരി വിപണിയുടെ ശ്രമങ്ങളെ അസ്ഥാനത്താക്കി വിദേശ ഫണ്ടുകൾ ബാധ്യതകൾ വിറ്റുമാറുന്നു. അദാനി വിഷയത്തിൽ നിന്നും രക്ഷനേടാൻ സർക്കാർ നടത്തിയ നീക്കങ്ങൾക്ക്‌ നിക്ഷേപകരുടെ പിന്തുണയും വിശ്വാസവും ആർജിക്കാനാവാത്തത്‌ എട്ട്‌ മാസത്തെ ഏറ്റവും താഴ്‌ന്ന തലത്തിലേയ്‌ക്ക്‌ ഇൻഡക്‌സുകളെ വാരാന്ത്യം തളർത്തി. ബോംബെ സെൻസെക്‌സ്‌ 1538 പോയിൻറ്റും നിഫ്‌റ്റി സൂചിക 478 പോയിൻറ്റും ഇടിഞ്ഞു.

മുൻ നിര ഇൻഡക്‌സുകൾ രണ്ടര ശതമാനം താഴ്‌ന്നതിനിടയിൽ ഒരാഴ്‌ച്ചക്കിടയിൽ വിപണി മൂല്യത്തിൽ ആറ്‌ ലക്ഷം കോടിയും ഇല്ലാതായി. ഈ മാസം ആദ്യ പകുതിയിൽ 48.06 ബില്യൺ രൂപയും ജനുവരിയിൽ 288.52 ബില്യൺ രൂപയും വിദേശ ഓപ്പറേറ്റർമാർ വിറ്റഴിച്ചു. അവരുടെ പിന്മാറ്റം പിടിച്ചു നിർത്താനായാൽ മാത്രം ഓഹരി സൂചികയിൽ തിരിച്ചു വരവിന്‌ അവസരം ഒരുക്കു.

യു.എസ്‌ ഫെഡ്‌ റിസർവ്‌ പലിശ നിരക്കുകളിൽ അടിക്കടി വരുത്തുന്ന വർധന ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിച്ച മാന്ദ്യം രുക്ഷമാക്കുമെന്ന ആശങ്കയിലാണ്‌ നിക്ഷേപകർ. മാർച്ച്, മെയ് മാസങ്ങളിൽ ഫെഡ്‌ റിസർവ്‌ പലിശ നിരക്ക് 25 ബേസീസ് പോയിൻറ്‌ വർധന സാധ്യതയും വിപണിക്ക്‌ മേൽ സമ്മർദ്ദം ഉളവാക്കുന്നു.

മുൻ നിര ഓഹരികളായ എം ആൻറ്‌ എം, എച്ച്‌.ഡി.എഫ്‌.സി, എച്ച്‌.ഡി.എഫ്‌.സി ബാങ്ക്‌, എൽ ആൻറ്‌ ടി തുടങ്ങിയവയുടെ നിരക്ക്‌ നാല്‌ ശതമാനം ഇടിഞ്ഞു. ടാറ്റാ സ്‌റ്റീൽ, എയർ ടെൽ, ഐ.സി.ഐ.സി.ഐ ബാങ്ക്‌, വിപ്രോ, ടി.സി.എസ്‌, ഇൻഫോസിസ്‌, ടാറ്റാ മോട്ടേഴ്‌സ്‌ തുടങ്ങിയവയിലും ശക്തമായ വിൽപ്പന സമ്മർദ്ദം ദൃശ്യമായി.

രാജ്യത്തിൻറ വിദേശ നാണയ കരുതൽ ധനം പതിനൊന്ന്‌ ആഴ്‌ചയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് ഇപ്പോൾ. ഫെബ്രുവരി 17 ന് അവസാനിച്ച വാരം കരുതൽ ശേഖരം 561.27 ബില്യൺ ഡോളറായി താഴ്‌ന്നു. തുടർച്ചയായി മൂന്നാമത്തെ ആഴ്ചയാണ്‌ തിരിച്ചടിനേരിടുന്നത്‌. തൊട്ട്‌ മുൻവാരം ഇത്‌ 566.95 ബില്യൺ ഡോളറായിരുന്നു.

വിനിമയ വിപണിയിൽ രൂപ ശക്തമായ ചാഞ്ചാട്ടത്തെ അഭിമുഖീകരിച്ചു. ഡോളറിന്‌ മുന്നിൽ 82.82 ൽ നിന്നും 82.98 ലേയ്‌ക്ക്‌ ഒരവസരത്തിൽ ദുർബലമായ രൂപ വാരാന്ത്യം അൽപ്പം മെച്ചപ്പെട്ട്‌ 82.75 ലാണ്‌. ബോംബെ സെൻസെക്‌സ്‌ 61,002 ൽ നിന്നും തുടക്കത്തിൽ 61,290 വരെ ഉയർന്ന്‌ നിഷേപകരെ ആകർഷിക്കാൻ ശ്രമം നടത്തിയെങ്കിലും വിപണിയിലെ ആവേശത്തിന്‌ അൽപ്പായുസ്‌ മാത്രമേ ലഭിച്ചുള്ളു. പോയവാരം ഇടപാടുകൾ നടന്ന എല്ലാ ദിവസങ്ങളിലും സൂചിക നഷ്‌ടത്തിലാണ്‌ വ്യാപാരം അവസാനിച്ചത്‌. വാരാന്ത്യദിനം 59,325 പോയിൻറ്‌ വരെ ഇടിഞ്ഞ ശേഷം മാർക്കറ്റ്‌ ക്ലോസിങിൽ 59,463 പോയിൻറ്റിലാണ്‌.

ഈവാരം സെൻസെക്‌സിന്‌ 58,061 ൽ താങ്ങും 60,727 പോയിന്റിൽ പ്രതിരോധവുമുണ്ട്‌. ഈറേഞ്ചിൽ നിന്നും പുറത്ത്‌ കടന്നാൽ മാത്രമേ വ്യക്തമായ ഒരു ദിശ വിപണിക്ക്‌ കൈവരിക്കാനാവു, അതുകൊണ്ട്‌ തന്നെ ഒരു കൺസോളിഡേഷന്‌ വിപണി ശ്രമം നടത്താം.

നിഫ്‌റ്റി ഫ്യൂചേഴ്‌സ്‌ ആൻറ്‌ ഓപ്‌ഷൻസ്‌ സെറ്റിൽമെൻറ്‌ വാരമായിരുന്നതിനാൽ കരുതലോടെയണ്‌ ഓപ്പറേറ്റർമാരും ഫണ്ടുകളും വിപണിയെ സമീപിച്ചത്‌. ഒരു വിഭാഗം റോൾ ഓവറിന്‌ ഉത്സാഹിച്ചു. 17,944 ൽ നിന്നും നിഫ്‌റ്റി 18,004 വരെ കയറിയതിന് ശേഷമുള്ള തിരുത്തലിൽ വിപണി എട്ട്‌ മാസത്തെ ഏറ്റവും താഴ്‌ന്ന നിലവാരമായ 17,421 പോയിൻറ്റിലേയ്‌ക്ക്‌ ഇടിഞ്ഞ ശേഷം വ്യാപാരാന്ത്യം 17,465 ലാണ്‌. ഈവാരം 17,356 ലെ ആദ്യ താങ്ങ്‌ നിലനിർത്താനുള്ള ശ്രമം പരാജയപ്പെട്ടാൽ സൂചിക 17,050 റേഞ്ചിലേയ്‌ക്ക്‌ സാങ്കേതിക പരീക്ഷണങ്ങൾക്ക്‌ നീക്കം നടത്താം. വിപണിക്ക്‌ 17,840 റേഞ്ചിൽ പ്രതിരോധമുണ്ട്‌.

ഇന്ത്യൻ മാർക്കറ്റിന്‌ ഈ വർഷം ഇനിയും തിളങ്ങാനുള്ള അവസരം ലഭിച്ചിട്ടില്ല. അതേ സമയം പ്രമുഖ വിപണികളായ ചൈന, ദക്ഷിണ കൊറിയ, മെക്സിക്കോ, ദക്ഷിണാഫ്രിക്കൻ മാർക്കറ്റുകൾ പുതു വർഷത്തിൻറ ആദ്യ ഒന്നര മാസം പിന്നിടുമ്പോൾ അഞ്ച്‌ മുതൽ പത്ത്‌ ശതമാനം വരെ കുതിപ്പ്‌ കാഴ്‌ച്ചവെച്ചു.

ആഗോള വിപണിയിൽ ക്രൂഡ്‌ ഓയിൽ വിലയിൽ കാര്യമായ വ്യതിയാനമില്ല. പ്രതിദിനം അഞ്ച്‌ ലക്ഷം ബാരൽ വീതം ഉൽപാദനത്തിൽ കുറവ്‌ മാർച്ച്‌ മുതൽ വരുത്തുമെന്ന റഷ്യയുടെ വെളിപ്പെടുത്തലുകൾ ബുൾ ഇടപാടുകാരെ രോമാഞ്ചം കൊള്ളിച്ചെങ്കിലും പ്രഖ്യാപനം വിപണി ചൂടുപിടിക്കാൻ അവസരം ഒരുക്കിയില്ല. ജി ‐എഴ്‌ രാഷ്‌ട്രങ്ങൾ റഷ്യൻ എണ്ണയ്‌ക്ക്‌ ഏർപ്പെടുത്തിയ വിലക്കുകളും വിപണിയെ സ്വാധീനിച്ചില്ല. അതേ സമയം റഷ്യയിൽ നിന്നും റെക്കോർഡ്‌ ക്രുഡ്‌ ഓയിൽ ഇറക്കുമതിയാണ്‌ ഇന്ത്യയും ചൈനയും പിന്നിട്ട ഒരു വർഷമായി നടത്തുന്നത്‌.

രാജ്യാന്തര സ്വർണ വിപണിയെ ബാധിച്ച മാന്ദ്യം തുടരുന്നു. പുതിയ നിക്ഷേപങ്ങളിൽ നിന്നും ഫണ്ടുകൾ അകന്നതിനിടയിൽ ഊഹക്കച്ചവടക്കാർ വിപണി നിയന്ത്രണം കൈപിടിയിൽ ഒതുക്കി. സ്വർണ വില ട്രോയ്‌ ഔൺസിന്‌ 1842 ഡോളറിൽ നിന്നും 1809 വരെ ഇടിഞ്ഞു.

Tags:    
News Summary - indian stock market review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT