ദീർഘകാല നിക്ഷേപകർക്ക് അനുകൂലം; വിപണിയെ സ്വാധീനിക്കുക ഇക്കാര്യങ്ങൾ

കൊച്ചി: ബോംബെ സെൻസെൻക്‌സ്‌ സർവകാല റെക്കോർഡിലേയ്‌ക്ക്‌ ഉയർന്ന്‌ പുതിയ ചരിത്രമെഴുതിയപ്പോൾ ദേശീയ ഓഹരി സൂചികയായ നിഫ്‌റ്റിക്ക്‌ നിർണായക നാഴിക കല്ല്‌ മറികടക്കാനായില്ല. ഉയർന്ന തലത്തിൽ ധനകാര്യസ്ഥാപനങ്ങളും ഇതര ഇടപാടുകാരും ലാഭമെടുപ്പിന്‌ ഉത്സാഹിച്ചതിനാൽ വാരാന്ത്യം സെൻസെക്‌സ്‌ 405 പോയിൻറ്റും നിഫ്‌റ്റി സൂചിക 160 പോയിൻറ്റും ഇടിഞ്ഞു. നാലാഴ്‌ച്ചകളിലെ ബുൾറാലിക്ക്‌ ഇതോടെ അന്ത്യം കണ്ടു.

വാരാരംഭത്തിൽ ഇന്ത്യൻ മാർക്കറ്റ്‌ വൻ ആവേശത്തിലായിരുന്നു. പുതിയ ഉയരങ്ങൾ സ്വന്തമാക്കാൻ ഇൻഡക്‌സുകൾ നീക്കം നടത്തിയതും കനത്ത വാങ്ങലുകൾക്ക്‌ ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ മത്സരിച്ചതിനിടയിൽ വിദേശ ഓപ്പറേറ്റർമാർ സൃഷ്‌ടിച്ച വിൽപ്പനകൾ വിപണിയെ ഇരു വശങ്ങളിലേയ്‌ക്ക്‌ ശക്തമായി വലിച്ചു.

സെൻസെക്‌സ്‌ ഡിസംബറിൽ രേഖപ്പെടുത്തിയ 63,583 പോയിൻറ്റിലെ റെക്കോർഡ്‌ തകർത്ത്‌ 63,588.31 വരെ ഉയർന്നു. ഈ അവസരത്തിൽ നിഫ്‌റ്റിയും ചരിത്രം തിരുത്തുമെന്ന്‌ പ്രദേശിക നിക്ഷേപകൾ കണക്ക്‌ കൂട്ടിയെങ്കിലും റെക്കോർഡായ 18,887 മറികടക്കാനുള്ള നിരന്തര ശ്രമം 18,886.30 ൽ അവസാനിച്ചു. വാരാന്ത്യത്തിലെ വിൽപ്പന സമ്മർദ്ദം മൂലം നിഫ്‌റ്റി 18,665 പോയിൻറ്റിലാണ്‌.

വിപണിയുടെ ചലനങ്ങൾ വീക്ഷിച്ചാൽ പെടുന്നനെ റെക്കോർഡ്‌ പുതുക്കാനുള്ള സാധ്യതകൾക്ക്‌ തൽക്കാലം മങ്ങലേറ്റു. വിപണിയുടെ 20 ദിവസങ്ങളിലെ ശരാശരി 18,600 റേഞ്ചിലാണ്‌. ഈ മേഖലയിൽ പിടിച്ചു നിൽക്കാനായില്ലെങ്കിൽ സൂചിക 18,580 ലേയ്‌ക്ക്‌ ഒരു എത്തി നോട്ടം നടത്താം. ഈ അവസരത്തിൽ വിൽപ്പന സമ്മർദ്ദവുമായി ഊഹക്കച്ചവടക്കാർ രംഗത്ത്‌ ഇറങ്ങിയാൽ സൂചിക ആടി ഉലയാൻ ഇടയുള്ളതിൽ പിടിച്ചു നിൽക്കുക 18,490 റേഞ്ചിലാവും.

നിഫ്‌റ്റിയുടെ സാങ്കേതിക ചലനങ്ങൾ വിലയിരുത്തിയാൽ 2020 ൽ സൃഷ്‌ടിച്ച റെക്കോർഡായ 18,604 പോയിൻറ്റും, 2022 ലെ താഴ്‌ന്ന നിലവാരമായ 15,500 ൽ നിന്നുള്ള കുതിപ്പിൽ രേഖപ്പെടുത്തിയ 18,887 പോയിൻറ്റിലെ സർവകാല റെക്കോർഡും പിന്നിട്ടവാരത്തിലെ ഉയർന്ന നിലവാരമായ 18,886.30 പോയിൻറ്റും നൽക്കുന്ന സൂചനകൾ സംയോജിപ്പിച്ചാൽ മുന്നിലുള്ള രണ്ട്‌ വർഷകാലയളവിൽ സൂചിക 29,000 - 30,000 റേഞ്ച്‌ ലക്ഷ്യമാക്കി ചുവടുവെക്കാം.

സെൻസെക്‌സ്‌ കഴിഞ്ഞവാരത്തിലെ 63,384 ൽ നിന്നും പ്രോഫിറ്റ്‌ ബുക്കിങ്ങിൽ 62,801 ലേയ്‌ക്ക്‌ താഴ്‌ന്നു. ഈ അവസരത്തിൽ കൈവരിച്ച കരുത്തുമായാണ്‌ സൂചിക റെക്കോർഡ്‌ പ്രകടനം കാഴ്‌ച്ചവെച്ചത്‌. മുൻ നിര ഓഹരികൾക്കായി ആഭ്യന്തര ഫണ്ടുകൾ ഉത്സാഹിച്ചെങ്കിലും വിദേശ ഓപ്പറേറ്റർമാർ വിൽപ്പനക്കാരായതോടെ വാരാന്ത്യം സെൻസെക്‌സ്‌ 62,979 ലാണ്‌. ഈ വാരം 63,444 ൽ പ്രതിരോധം ഉയരാം. 62,660 ലെ ആദ്യ സപ്പോർട്ട്‌ നഷ്‌ടപ്പെട്ടാൽ പിടിച്ചു നിൽക്കുക 62,335 - 61,550 പോയിന്റിലാവും.

ടാറ്റാ സ്‌റ്റീൽ ഓഹരി വില നാല്‌ ശതമാനം ഇടിഞ്ഞ്‌ 109 രൂപയായി. എസ്‌.ബി.ഐ.ഐ.സി.ഐ.സി.ഐ ബാങ്ക്, ആക്‌സിസ്‌ ബാങ്ക്‌, ആർ.ഐ.എൽ, എച്ച്‌.യു.എൽ, എം ആൻറ്‌ എം, മാരുതി ഓഹരി വിലകൾ താഴ്‌ന്നപ്പോൾ നിക്ഷേകരുടെ വരവ്‌ എയർടെൽ, ടെക്‌ മഹീന്ദ്ര, എച്ച്‌.സി.എൽ, ടി.സി.എസ്, എച്ച്‌.ഡി.എഫ്‌.സി, എച്ച്‌.ഡി.എഫ്‌.സി ബാങ്ക്‌ ഓഹരി വിലകൾ ഉയർത്തി.

ദീർഘകാലയളവിലേയ്‌ക്ക്‌ നിക്ഷേപത്തിന്‌ ഒരുങ്ങുന്നവർക്ക്‌ വിപണിയിലെ തിരുത്തൽ അവസരമാക്കി മാറ്റാം. കാലവർഷത്തിൻറ രണ്ടാം പകുതിയിൽ എൽ നിനോ പ്രതിഭാസത്തിൽ മൺസൂൺ ദുർബലമായാൽ വിപണി വിൽപ്പന സമ്മർദ്ദത്തിലാവും. സാങ്കേതിക തിരുത്തലുകൾ പുതിയ നിക്ഷേപത്തിന്‌ അവസരമാക്കി മാറ്റാനാവും.

വിനിമയ വിപണിയിൽ രൂപയുടെ മൂല്യം 81.89 ൽ നിന്നും കൂടുതൽ മികവിന്‌ ശ്രമിച്ചെങ്കിലും ഡോളറിനായി വിദേശ ഫണ്ടുകൾ രംഗത്ത്‌ എത്തിയതോടെ മൂല്യം 82.03 ലേയ്‌ക്ക്‌ ദുർബലമായി. നിലവിൽ രൂപ 81.75 – 82.24 റേഞ്ചിൽ നീങ്ങാം.ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരത്തിൽ 2.350 ബില്യൺ ഡോളറിന്റെ വർദ്ധന, ജൂൺ 16 ന്‌ അവസാനിച്ച വാരം കരുതൽ ധനം 596.1 ബില്യൺ ഡോളറായി ഉയർന്നു.

രാജ്യാന്തര വിപണിയിൽ ക്രൂഡ്‌ ഓയിലിന്‌ തളർച്ച. വാരാരംഭത്തിൽ ബാരലിന്‌ 72.50 ഡോളറിന്‌ മുകളിൽ ഇടപാടുകൾ നടന്ന എണ്ണ ഒരവസരത്തിൽ 67.40 ലേയ്‌ക്ക്‌ ഇടിഞ്ഞശേഷം 69.52 ഡോളറിലാണ്‌. ചൈനയിലെ സ്ഥിതിഗതികൾ രാജ്യാന്തര എണ്ണ വിപണിയെ തളർത്തി. ചൈനീസ്‌ കേന്ദ്ര വായ്പാ നിരക്കുകൾ കുറച്ചു. അതേ സമയം യുറോപ്യൻ കേന്ദ്ര ബാങ്കുകൾ പലതും പലിശ നിരക്ക്‌ ഉയർത്തി. പിന്നിട്ട വാരം ക്രൂഡ്‌ ഓയിൽ വില മൂന്ന്‌ ശതമാനം ഇടിഞ്ഞു.

Tags:    
News Summary - Indian stock market review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT