കൊച്ചി: ഓഹരി സൂചിക പിന്നിട്ടവാരം ശക്തമായ തിരിച്ചു വരവ് കാഴ്‌ച്ചവെച്ചത് വിപണിയിൽഉത്സവ പ്രതീതിജനിപ്പിച്ചു. ഡെറിവേറ്റീവ് മാർക്കറ്റിൽ ഏപ്രിൽ സീരീസ് സെറ്റിൽമെൻറ്റിന് മുന്നോടിയായി നടന്ന കവറിങ് നിഫ്‌റ്റിയെ താഴ്‌ന്ന റേഞ്ചിൽ നിന്ന് കൈപിടിച്ച് ഉയർത്തിയെങ്കിലും ഏറെ നിർണായകമായ 15,000 പോയിൻറ്റിന് മുകളിൽ ഇടം കണ്ടത്താൻ സൂചികയ്‌ക്കായില്ല. രണ്ട് ശതമാനം പ്രതിവാര നേട്ടം കൈവരിച്ച നിഫ്‌റ്റി 290 പോയിൻറ്റും സെൻസെക്‌സ് 903 പോയിൻറ്റും നേട്ടത്തിലാണ്.
വിപണിയുടെ സാങ്കേതിക വശങ്ങൾ ഓവർ സോൾഡായത് വലിയോരു വിഭാഗം ഫണ്ടുകളെയും ലാഭമെടുപ്പിന് പ്രേരിപ്പിച്ചു. ഫ്യൂച്ചറിൽ ഷോട്ട് കവറിങിനും ക്യാഷ് മാർക്കറ്റിൽ ബയ്യിങിനും ഓപ്പറേറ്റർമാർ കാണിച്ച മത്സരം നിഫ്‌റ്റിയെ 14,421ൽ നിന്ന് ഒരവസരത്തിൽ 15,044 വരെ ഉയർത്തിയെങ്കിലും അധിക നേരം ആ റേഞ്ചിൽ പിടിച്ച് നിൽക്കാനായില്ല.
വ്യാഴാഴ്‌ച്ച ഏപ്രിൽ സെറ്റിൽമെൻറ് പുർത്തിയായതോടെ തൊട്ട് അടുത്ത ദിവസം തളർച്ചയോടെയാണ് മെയ് സീരീസിന് തുടക്കം കുറിച്ചത്. മാർക്കറ്റ് ക്ലോസിങിൽ നിഫ്‌റ്റി സൂചിക 14,631 പോയിൻറ്റിലാണ്. ബോംബെ സെൻസെക്‌സ് 47,878 ൽ നിന്ന് മികവോടെയാണ് ഓപ്പൺ ചെയ്‌തത്. ഒരു വേള സൂചിക 50,000 ലെ പ്രതിരോധം തകർത്ത് 50,375 പോയിൻറ്റ് വരെ ഉയർന്നങ്കിലും വാരാന്ത്യം ബ്ലൂചിപ്പ് ഓഹരികളിൽ അനുഭവപ്പെട്ട വിൽപ്പന സമ്മർദ്ദം മൂലം ക്ലോസിങിൽ സെൻസെക്‌സ് 48,787 ലേയ്‌ക്ക് തളർന്നു.
ഈവാരം ഇന്ത്യൻ മാർക്കറ്റ് ഏത് ദിശയിൽ സഞ്ചരിക്കുമെന്ന ആശങ്കയിലാണ് ഒരു വിഭാഗം ഇടപാടുകാർ. വീണ്ടും ഉണർവിന് അവസരം ലഭിക്കുമോ അതേ വിദേശ മാർക്കറ്റുകൾക്ക് ഒപ്പം അൽപ്പം തളരുമോ. ചൈനയും ജപ്പാനുമടക്കം പല രാജ്യങ്ങളും വാരമധ്യം വരെ പ്രദേശിക അവധികൾ മൂലം പ്രവർത്തിക്കില്ല. സമ്മർ അവധി ദിനങ്ങൾ മുന്നിൽ കണ്ട് യു എസ്‐യുറോപ്യൻ ഫണ്ടുകളും രംഗത്ത് നിന്ന് പിൻവലിയാനുള്ള സാധ്യതകൾ ലോങ് പൊസിഷനുകളിൽ നിന്ന് പലരെയുംപിൻതിരിപ്പിക്കാം.
രാജ്യത്ത് കോവിഡ് വ്യാപനംരൂക്ഷമായതും വാക്‌സിനേഷൻ ലഭ്യത ചുരുങ്ങിയതും ആരോഗ്യ രംഗത്ത് മാത്രമല്ല, സാമ്പത്തിക രംഗത്തും വൻ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും. റിയൻസ് ഇൻഡസ്‌ട്രീസ് മികച്ച നാലാം പാദ പ്രവർത്തന റിപ്പോർട്ട് പുറത്തു വിട്ടതിൻറ്റ ആവേശം വിപണിയിൽ പ്രതിഫലിക്കുമെന്ന വിശ്വാസത്തിലാണ് നിക്ഷേപകർ.
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞടുപ്പ് ഫലവും ഓഹരി സൂചികയിൽ തിങ്കളാഴ്‌ച്ച ചലനം ഉളവാക്കാം. മുൻ നിര ഓഹരികളായ എസ്.ബി. ഐ, ആർ.ഐ.എൽ, ബജാജ് ഓട്ടോ, എയർടെൽ, സൺ ഫാർമ്മ, ഡോ: റെഡീസ്, എച്ച് യു എൽ, ഇൻഫോസീസ്, എൽ ആൻറ് റ്റി തുടങ്ങിവയുടെ നിരക്ക് ഉയർന്നപ്പോൾ ഐ.ടി.സി, ടി. സി.എസ്, എച്ച്.ഡി.എഫ്.സി, മാരുതി, എം ആൻറ് എംതുടങ്ങിയവയ്‌ക്ക് തിരിച്ചടിനേരിട്ടു.
വിദേശ ധനകാര്യസ്ഥാപനങ്ങൾ പിന്നിട്ടവാരം 4456.32 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര ഫണ്ടുകൾ 3399.17 കോടി രൂപയുടെ ഓഹരികൾ വാങ്ങി. അതേ സമയം ഏപ്രിലിൽ വിദേശ ഓപ്പറേറ്റർമാർ മൊത്തം 12,039.43 കോടി രൂപയുടെ ഓഹരികളും ആഭ്യന്തര ഫണ്ടുകൾ 11,359.88 കോടി രൂപയുടെ ഓഹരികളും വിറ്റഴിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.