കൊച്ചി: ഓഹരി നിക്ഷേപകർക്ക് ആവേശം പകർന്ന് സൂചിക തുടർച്ചയായ നാലാം വാരത്തിലും മികവ് നിലനിർത്തി. പ്രമുഖ ഇൻഡക്‌സുകൾ രണ്ടര ശതമാനം മുന്നേറിയപ്പോൾ ബോംബെ സെൻസെക്‌സ് 1478 പോയിൻറ്റും നിഫ്‌റ്റി 443 പോയിൻറ്റും ഉയർന്നു. പവർ, കാപ്പിറ്റൽ ഗുഡ്‌സ്, ടെക്‌നോളജി, റിയാലിറ്റി, ഓട്ടോ ഇൻഡക്‌സുകൾ തിളങ്ങി.
നിഫ്റ്റി സൂചികയിലെ 41 ഓളം ഓഹരികൾ പോയ വാരം മികവ് കാണിച്ചു. 7.34 ശതമാനം ഉയർന്ന് എൽ ആൻഡ് ടി ഇടപാടുകൾ നടന്ന അഞ്ച് ദിവസങ്ങളിലും കരുത്ത് നേടി 2044 രൂപയായി. ഇൻഫോസിസ് ടെക്‌നോളജി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, അദാനി പോർട്ട്സ് തുടങ്ങിയവ ആറ് ശതമാനത്തിൽ അധികം കയറി. മുൻ നിര ഓഹരികളായ കോൾ ഇന്ത്യാ, ടാറ്റാ സ്‌റ്റീൽ, ആർ.ഐ.എൽ, എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ ബാങ്ക്,സൺ ഫാർമ്മ, ടി.സി.എസ്, എയർ ടെൽ, മാരുതി, ഐ.ടി.സി തുടങ്ങിയവയിലും വാങ്ങൽ താൽപര്യം ശക്തമായിരുന്നു. ഡോ: റെഡീസ്, എച്ച്.യു.എൽ, വിപ്രോ തുടങ്ങിയവയ്‌ക്ക് തിരിച്ചടിനേരിട്ടു.
ബോംബെ സെൻസെക്‌സ് 59,744 പോയിന്റിലാണ് നിന്നും കരുത്ത് നേടി കൊണ്ടാണ് ഇടപാടുകൾക്ക് തുടക്കം കുറിച്ചത്. വാരമധ്യം സൂചിക 61,324 പോയിൻറ്റ് വരെ സഞ്ചരിച്ച ശേഷം വ്യാപാരാന്ത്യം 61,223 പോയിന്റി. മുൻവാരം സുചിപ്പിച്ച 61,150 ലെ പ്രതിരോധം മറികടന്ന സൂചികയ്‌ക്ക് ഈ വാരം 61,680 പോയിൻറ്റിൽ ആദ്യ തടസമുണ്ട്. ഇത് ഭേദിക്കാനായാൽ സെൻസെക്‌സ് 62,140 നെലക്ഷ്യമാക്കി ചുവടുവെക്കാം. ഈ വാരം വിപണിയുടെ താങ്ങ് 60,400 പോയിൻറ്റാണ്.
നിഫ്‌റ്റി 18,600 ലേയ്‌ക്ക് മുന്നേറാനുള്ള ശ്രമം തുടരുന്നു. ഒക്‌ടോബറിലെ റെക്കോർഡ് പ്രകടനങ്ങൾക്ക് ശേഷമുള്ള സാങ്കേതിക തിരുത്തലിൽ സൂചിക 16,600 ലേയ്‌ക്ക് ഇടിഞ്ഞ അവസരത്തിലെ വാങ്ങൽ താൽപര്യം നിഫ്‌റ്റിയെ ഇതിനകം 18,286 വരെ ഉയർത്തി. ഒരവസരത്തിൽ സൂചിക 18,300 ലേയ്‌ക്ക് അടുക്കുമെന്ന ഓപ്പറേറ്റർമാർ കണക്ക് കൂട്ടിയെങ്കിലും ലാഭമെടുപ്പിൽ അൽപ്പം തളർന്ന വാരാന്ത്യം 18,225 പോയിന്റിലാണ്.
വിപണിയുടെ സാങ്കേതിക വശങ്ങൾ ഡെയ്‌ലി ചാർട്ടിൽ വിലയിരുത്തിയാൽ പാരാബോളിക്ക് എസ്.ഏ.ആർ, സൂപ്പർ ട്രെൻറ് എന്നിവ ബുള്ളിഷാണ്. ഏം എ സി ഡി യും മുന്നേറ്റത്തിന് പച്ച കൊടി ഉയർത്തി. അതേ സമയം ഫാസ്‌റ്റ് സ്‌റ്റോക്കാസ്‌റ്റിക്ക്, സ്ലോ സ്‌റ്റോക്കാസ്‌റ്റിക്ക്, ഫുൾ സ്‌റ്റോക്കാസ്‌റ്റിക്ക്, സ്‌റ്റോക്കാസ്‌റ്റിക്ക് ആർ.എസ്.ഐ തുടങ്ങിയവ ഓവർ ബ്രോട്ട് മേഖലയിൽനീങ്ങുന്നത് തിരുത്തൽ സാധ്യതകൾക്ക് ശക്തിപകരാം.
വിപണി ഉറ്റുനോക്കുന്നത് കോർപ്പറേറ്റ് മേഖലയിൽ നിന്നുള്ള പുതിയ കണക്കുകളെയാണ്. ഇതിനിടയിൽ നാണയപ്പെരുപ്പം സംബന്ധിച്ച് ആർ.ബി.ഐ യിൽ നിന്നുള്ള വെളിപ്പെടുത്തലും ആശങ്കയ്‌ക്ക് ഇടയാക്കാം. കോവിഡ് കണക്കുകൾ ഒരു വശത്ത് കുതിച്ച് ഉയരുകയാണ്. പല സംസ്ഥാനങ്ങളും കൂടുതൽ നിയന്ത്രണങ്ങൾക്ക് നീക്കം തുടങ്ങിയത് സാമ്പത്തിക മേഖലയ്‌ക്ക്‌തിരിച്ചടിയാവും. ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ബജറ്റ്, നിരവധി പാർലമെൻറ് ജീവനക്കാരും പ്രതിനിധികളും കോവിഡ് ബാധിതരാണെങ്കിലും കൃത്രസമയത്ത് ബജറ്റ് പ്രഖ്യാപനം നടക്കുമെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. കോവിഡ് മൂന്നാം തരംഗത്തിനിടയിൽ പുതിയ നികുതികൾക്ക് കേന്ദ്രം മുതിരുമോ അതേനികുതികളിൽ ഇളവുകൾക്ക് തയ്യാറാവുമോയെന്നുംഓഹരി വിപണി ഉറ്റുനോക്കുന്നു.
മാർച്ചിൽ പലിശ നിരക്ക് വർദ്ധനയ്ക്ക് സാധ്യതയുണ്ടെന്ന യു എസ് ഫെഡ് റിസർവ് ഉദ്യോഗസ്ഥനിൽ നിന്നുള്ള വെളിപ്പെടുത്തൽ ആഗോള ഓഹരി വിപണികളെ പിടിച്ച് ഉലയ്‌ക്കാൻ ഇടയുണ്ട്. അമേരിക്കയിൽ നാണയപ്പെരുപ്പം 40 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തലത്തിലാണ്. ഫോറെക്‌സ് മാർക്കറ്റിൽ ഡോളറിന് മുന്നിൽ രൂപയുടെ മൂല്യം 74.46 ൽ നിന്ന് 73.74 ലേയ്‌ക്ക്‌ശക്തിപ്രാപിച്ച ശേഷം വാരാന്ത്യം 74.15 ലാണ്. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില വീണ്ടും ഉയർന്നു, എണ്ണ വില ബാരലിന് 81 ഡോളറിൽ നിന്നും 86.45 ഡോളറായി. സ്വർണ വില ട്രോയ് ഔൺസിന് 1818 ഡോളർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.