കടന്നു പോകുന്നത്​ നിക്ഷേപകരുടെ ഉറക്കം കെടുത്തിയ ആഴ്ച; വരും ദിനങ്ങളിൽ നിർണായകമാവുക കേന്ദ്രബജറ്റ്​

കൊച്ചി: ഓഹരി സൂചികയിലെ തകർച്ച നിക്ഷേപകരുടെ ഉറക്കം നഷ്‌ടപ്പെടുത്തിയ ആഴ്ചയാണ്​ കടന്നു പോകുന്നത്​. പുതു വർഷത്തിന്‍റെ ആദ്യ രണ്ടാഴ്‌ച്ചകളിൽ കുതിച്ചു പാഞ്ഞ ഇന്ത്യൻ ഇൻഡക്‌സുകൾ പിന്നിട്ടവാരം ഒറ്റയടിക്ക്‌ മുന്നര ശതമാനം ഇടിഞ്ഞത്‌ ചെറുകിട ഇടപാടുകാരുടെ കണക്ക്‌ കൂട്ടലുകൾ പാടെ തകിടം മറിച്ചു. ബോംബെ സെൻസെക്‌സ്‌ 2185 പോയിൻറ്റും നിഫ്‌റ്റി സൂചിക 638 പോയിൻറ്റും കഴിഞ്ഞവാരം ഇടിഞ്ഞു.

വിദേശ വിപണികളിൽ നിന്നുള്ള പ്രതികൂല വാർത്തകൾ ധനകാര്യസ്ഥാപനങ്ങളെ ബാധ്യതകൾ വിറ്റുമാറാൻ പ്രേരിപ്പിച്ചു. യു എസ്‌‐യുറോപ്യൻ മാർക്കറ്റുകൾക്ക്‌ ജനുവരി പിറന്ന ശേഷം മികവിന്‌ അവസരം നൽകാത്ത വിധം വിൽപ്പന സമ്മർദ്ദം സൃഷ്‌ടിച്ച്‌ ഓപ്പറേറ്റർമാർ പ്രമുഖ സൂചികകളുടെ കരുത്ത്‌ ചോർത്തി. നാണയപ്പെരുപ്പം നിയന്ത്രണങ്ങൾക്ക്‌ അപ്പുറം നീങ്ങുന്നതിനാൽ വാരമധ്യം നടക്കുന്ന വായ്‌പ അവലോകനത്തിൽ യു.എസ്‌ ഫെഡ്‌ റിസർവ്‌ പലിശ നിരക്കിൽ മാറ്റം വരുത്തുമെന്ന ആശങ്ക വിൽപ്പന സമ്മർദ്ദത്തിൻറ്റ ആക്കം ഇരട്ടിപ്പിച്ചു.

വിദേശത്തെ തളർച്ചയ്‌ക്കിടയിലും പുതുവർഷാരംഭം മുതൽ മികവിൽ നീങ്ങിയ ഇന്ത്യൻ മാർക്കറ്റ്‌ പക്ഷേ കഴിഞ്ഞ വാരം കരടി വലയത്തിൽ അകപ്പെട്ടു. അഞ്ച്‌ ദിവസങ്ങളിൽ ഏതാണ്ട്‌ 2500 പോയിന്‍റ്​ ചാഞ്ചാട്ടമാണ്‌ സെൻസെക്‌സിൽ അനുഭവപ്പെട്ടത്‌. ഇന്ത്യാ വോളാറ്റിലിറ്റി ഇൻഡക്‌സ്‌ 16 ൽ നിന്ന്‌ 19.50 ലേയ്‌ക്ക്‌ ഉയർന്നു. സൂചികയുടെ ചലനങ്ങൾ വിലയിരുത്തിയാൽ ഡിസംബറിലെ 21 ലേയ്‌ക്ക്‌ ഉയരാം. വിപണിയിലെ ചാഞ്ചാട്ടം ശക്തമാക്കുന്ന അവസരങ്ങളിൽ നിക്ഷേപകർക്ക്‌ അപായ സൂചന നൽകി സൂചിക ഉയരാറുണ്ട്‌.

കഴിഞ്ഞ ബജറ്റ്‌ വേളയിൽ വോളാറ്റിലിറ്റി സൂചിക 25 ലേയ്‌ക്ക്‌ കുതിച്ചിരുന്നു. കേന്ദ്ര ബജറ്റിന്‌ ഒരാഴ്‌ച്ച മാത്രം ശേഷിക്കുന്ന സാഹചര്യത്തിൽ ഓഹരി സൂചികയിലെ ചാഞ്ചാട്ടം ശക്തമാക്കാം. കഴിഞ്ഞ പത്ത്‌ വർഷങ്ങളിലെ ചരിത്രം വിലയിരുത്തിയാൽ ബജറ്റിന്‌ മുന്പുള്ള വാരം എഴ്‌ തവണയും സൂചികകൾ നെഗറ്റീവ് റിട്ടേണുകൾ രേഖപ്പെടുത്തി.

നിഫ്റ്റി 50 സൂചികയിലെ 45 ഓളം ഓഹരികൾ നഷ്ടത്തിലാണ്. പന്ത്രണ്ടര ശതമാനം ഇടിവിൽ എച്ച്​.സി.എൽ ടെക്നോളജീസാണ്​ കനത്ത തകർച്ചയെ അഭിമുഖീകരിക്കുന്നത്​. ബജാജ് ഫിൻസെർവ്, ദിവി ലബോറട്ടറീസ്, ടെക് മഹീന്ദ്ര, ശ്രീ സിമൻറ്റ്‌, ഇൻഫോസിസ് തുടങ്ങിയവുടെ നിരക്ക്‌ എഴ്‌ മുതൽ പത്ത്‌ ശതമാനം വരെ കുറഞ്ഞു. അതേ സമയം ഹീറോ മോട്ടോകോർപ്പ്, ഒ.എൻ.ജി.സി, പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ എന്നിവ നിക്ഷപ താൽപര്യത്തിൽ മികവ്‌ കാണിച്ചു.

ബോംബെ സെൻസെക്‌സ്‌ മുൻവാരത്തിലെ 61,223 പോയിന്‍റിൽ നിന്ന്‌ 61,350 റേഞ്ചിലേയ്‌ക്ക്‌ ചുവടുവെച്ച അവസരത്തിൽ ഉടലെടുത്ത വിൽപ്പന സമ്മർദ്ദത്തിൽ ആടി ഉലഞ്ഞ സെൻസെക്‌സ്‌ 58,600 ലേയ്‌ക്ക്‌ തളർന്ന ശേഷം വാരാന്ത്യ ക്ലോസിങിൽ 59,037 പോയിന്‍റിലാണ്‌. ഈ വാരം 57,990 പോയിൻറ്റിൽ ആദ്യ സപ്പോർട്ട്‌ നിലനിർത്തിയാൽ തിരിച്ചു വരവിൽ സൂചിക 60,725 നെ ലക്ഷ്യമാക്കി നീങ്ങും. ആദ്യ സപ്പോർട്ട്‌ നഷ്‌ടപ്പെട്ടാൽ തിരുത്തൽ 56,900 റേഞ്ചിലേയ്‌ക്ക്‌ തുടരാം.

നിഫ്‌റ്റിയുടെ സാങ്കേതിക വശങ്ങൾ പലതും ഓവർ ബ്രോട്ട്‌ മേഖലയിൽ എത്തിയത്‌ തിരുത്തൽ സാധ്യതയ്‌ക്ക്‌ ശക്തിപകരുമെന്ന്‌ മുൻവാരം ഇതേ കോളത്തിൽ സൂചിപ്പിച്ചത്‌ ശരിവെക്കും വിധത്തിലായിരുന്നു വിപണിയുടെ തളർച്ച. നിഫ്‌റ്റി സൂചിക 18,225 ൽ നിന്ന്‌ 740 പോയിൻറ്റ്‌ ഇടിഞ്ഞ്‌ 17,485 ലേയ്‌ക്ക്‌ താഴ്‌ന്ന ശേഷം മാർക്കറ്റ്‌ ക്ലോസിങിൽ 17,617 പോയിന്‍റിലാണ്‌. ഈ വാരം വിപണി 18,150 റേഞ്ചിലേയ്‌ക്ക്‌ തിരിച്ചു വരവിന്‌ ശ്രമം നടത്താം. അതേ സമയം സാങ്കേതികമായി വിപണി ദുർബലാവസ്ഥയിൽ അകപ്പെട്ട സാഹചര്യത്തിൽ തിരുത്തൽ തുടർന്നാൽ 17,290 റേഞ്ചിൽ സപ്പോർട്ടുണ്ട്‌.

വിദേശ ഫണ്ടുകൾ പിന്നിട്ടവാരം 12,644 കോടി രൂപയുടെ വിൽപ്പന നടത്തി. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ 1038 കോടി രൂപയുടെ ഓഹരി വാങ്ങിയതിനൊപ്പം 530 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. ഡോളർ ശേഖരിക്കാൻ വിദേശ ഓപ്പറേറ്റർമാർ ഉത്സാഹിച്ചതോടെ ഫോറെക്‌സ്‌ മാർക്കറ്റിൽ രൂപയുടെ മൂല്യം 74.15 ൽ നിന്ന്‌ 74.50 ലേയ്‌ക്ക്‌ തളർച്ച ശേഷം വാരാന്ത്യം 74.31 ലാണ്‌.

പശ്‌ചിമേഷ്യൻ സംഘർഷാവസ്ഥ രാജ്യാന്തര വിപണിയിൽ ക്രൂഡ്‌ ഓയിൽ വില ഉയർത്തി. എണ്ണ വില ബാരലിന്‌ 86 ഡോളറിൽ നിന്ന്‌ 89 വരെ ഉയർന്ന ശേഷം ക്ലോസിങിൽ 87 ഡോളറിലാണ്‌. നിലവിൽ 90 ഡോളറിൽ എണ്ണയ്‌ക്ക്‌ പ്രതിരോധമുണ്ടങ്കിലും ഇത്‌ മറികടന്നാൽ 97 വരെ ക്രൂഡ്‌ ഓയിൽ വില ഉയരാം. സ്വർണ വില ട്രോയ്‌ ഔൺസിന്‌ 1816 ഡോളറിൽ നിന്നും 1847 വരെ ഉയർന്നു, ക്ലോസിങിൽ വില 1835 ഡോളറിലാണ്‌.

Tags:    
News Summary - Indian stock market review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT