Sensex

വൻ തകർച്ചയിൽ വിപണി; നിക്ഷേപകർക്ക് നഷ്ടമായത് അഞ്ച് ലക്ഷം കോടി, തകർച്ചക്കുള്ള കാരണമിതാണ്

ഇന്ത്യൻ ഓഹരി വിപണികൾ വൻ തകർച്ചയെ അഭിമുഖീകരി​ച്ചതോടെ നിക്ഷേപകർക്ക് ഇന്നുണ്ടായത് വൻ നഷ്ടം. വിൽപന സമ്മർദവും യു.എസ് പ്രസിഡന്റായുള്ള ട്രംപിന്റെ വരവുമാണ് ഇന്ന് വിപണിയുടെ ഇടിവിനുള്ള പ്രധാന കാരണം.

ബോംബെ സൂചിക സെ​ൻസെക്സ് 848 പോയിന്റ് ഇടിഞ്ഞ് 76,224ലാണ് വ്യാപാരം തുടങ്ങിയത്. ദേശീയ സൂചിക നിഫ്റ്റി 217 പോയിന്റ് ഇടിഞ്ഞ് 23,127.70ത്തിലാണ് വ്യാപാരം തുടങ്ങിയത്. ബോംബെ സൂചികയിൽ നിക്ഷേപകരുടെ അഞ്ച് ലക്ഷം കോടിയോളം ഇന്നത്തെ വിൽപന സമ്മർദത്തിൽ ഒലിച്ചുപോയി. ബി.എസ്.ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം 432 ലക്ഷം കോടിയിൽ നിന്നും 427 ലക്ഷം കോടിയായി ഇടിഞ്ഞു.

ഡോണാൾഡ് ​ട്രംപിന്റെ വ്യാപാര നയത്തിലെ ആശങ്ക

യു.എസിന്റെ പുതിയ പ്രസിഡന്റായി ചുമതലയേറ്റെടുത്ത ഡോണാൾഡ് ട്രംപിന്റെ വ്യാപാരനയത്തെ സംബന്ധിച്ച ആശങ്കയാണ് വിപണിയുടെ തിരിച്ചടിക്കുള്ള പ്രധാനകാരണം. കാനഡക്കും മെക്സിക്കോക്കും മുകളിൽ അധിക നികുതി ഏർപ്പെടുത്തുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചത്. ട്രംപിന്റെ നയങ്ങൾ ഇന്ത്യൻ ടെക് സെക്ടറിനേയും സ്വാധീനിക്കും.

കേന്ദ്രബജറ്റിൽ വിപണി കരുതലെടുക്കുന്നു

2025 ഫെബ്രുവരി ഒന്നിന് ധനമ​ന്ത്രി നിർമല സീതാരാമൻ കേന്ദ്രബജറ്റ് അവതരിപ്പിക്കുകയാണ്. ഉപഭോഗം വർധിപ്പിക്കാനുള്ള ചില നിർദേശങ്ങൾ ബജറ്റിലുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിർമാണ, അടിസ്ഥാന സൗകര്യ വികസനം, ഗ്രാമീണ തുടങ്ങിയ സെക്ടറുകൾക്കായി പ്രത്യേക പ്രഖ്യാപനങ്ങളും ബജറ്റിൽ പ്രതീക്ഷിക്കുന്നു. ബജറ്റിന് മുന്നോടിയായി വിപണി കരുതലെടുക്കുന്നതും തകർച്ചക്കുള്ള കാരണമാണ്.

വിദേശ ഫണ്ടുകളുടെ പുറത്തേക്കുള്ള ഒഴുക്ക്

വിദേശനിക്ഷേപകർ വൻതോതിൽ ഫണ്ട് ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവലിക്കുന്നതും ഓഹരി വിപണിയുടെ തകർച്ചക്കുള്ള കാരണമാണ്. യു.എസ് ഡോളർ കരുത്താർജിച്ചതോടെയാണ് ഫണ്ട് വൻതോതിൽ പുറത്തേക്ക് ഒഴുകാൻ തുടങ്ങിയത്. ജനുവരി 20 വരെ 51,000 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് വിദേശനിക്ഷേപകർ വിറ്റൊഴിച്ചത്.

മൂന്നാംപാദ ലാഭഫലം

മൂന്നാംപാദ ലാഭഫലത്തിൽ കമ്പനികൾ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാത്തതും വിപണിയുടെ തിരിച്ചടിക്കുള്ള കാരണമാണ്. വരും ദിവസങ്ങളിലും മൂന്നാംപാദ ലാഭഫലത്തി​ലെ തിരിച്ചടി വിപണിയെ സ്വാധീനിക്കും.

സമ്പദ്‍വ്യവസ്ഥയിലെ തിരിച്ചടി

ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ  തിരിച്ചടിയുടെ സൂചനകൾ കാണിക്കുന്നുണ്ട്. ഇതും വിപണിയുടെ തിരിച്ചടിക്കുള്ള കാരണമാണ്. പ്രതീക്ഷിച്ച ഉപഭോഗം സമ്പദ്‍വ്യവസ്ഥയിൽ ഉണ്ടാവാത്തതാണ് തിരിച്ചടിക്കുള്ള കാരണം.

Tags:    
News Summary - Market in massive decline Investors lost Rs 5 lakh crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT