തകർച്ചയിൽ നിന്ന്​ കരകയറി വിപണി; വരാനിരിക്കുന്നത്​ ആശങ്കയുടെ കാലം

കൊച്ചി: ആഭ്യന്തര ധനകാര്യസ്ഥാപനങ്ങൾ പുതിയ നിക്ഷേപങ്ങൾക്ക്‌ മത്സരിച്ചതിനിടയിൽ ഊഹകച്ചവടകാർ നിക്ഷേപ തോത്‌ ഉയർത്തിയത്‌ ഓഹരി സൂചികയിൽ ഉണർവ്‌ സൃഷ്‌ടിച്ചു. രണ്ടാഴ്‌ച്ചകളിലെ തളർച്ചയ്‌ക്ക്‌ ശേഷം കേവലം മൂന്ന്‌ ദിവസങ്ങളിൽ ഒതുങ്ങിയ പിന്നിട്ട വാരത്തിലെ ഇടപാടുകളിൽ സെൻസെക്‌സും നിഫ്‌റ്റിയും തിളങ്ങി. ബോംബെ സൂചിക 1021 പോയിൻറ്റും നിഫ്‌റ്റി 360 പോയിൻറ്റും വർദ്ധിച്ചു.

പ്രതീക്ഷിച്ച പോലെ തന്നെ വൻ ചാഞ്ചാട്ടം കഴിഞ്ഞ ദിവസങ്ങളിൽ ഓഹരി സൂചികയിൽ ദൃശ്യമായി. അതേ സമയം വിദേശ ധനകാര്യസ്ഥാപനങ്ങൾ ഇന്ത്യയിലെ ബാധ്യതകൾ കുറക്കാൻ ഉത്സാഹിച്ചു. മൂന്നിൽ രണ്ട്‌ ദിവസങ്ങളിൽ അവർ 918 കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ ഒരു ദിവസം അവർ 1686 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്‌റ്റീൽ, ഓട്ടോമൊബൈൽ, ബാങ്കിങ്‌ ഓഹരികളിൽ ഉയർന്ന അളവിൽ ഇടപാടുകൾ നടന്നു.

ബോംബെ സെൻസെക്‌സ്‌ 49,008 ൽ നിന്ന്‌ 50,000 കടന്ന്‌ 50,092 വരെ ഉയർന്നു, വാരാന്ത്യം സൂചിക ബുൾ ഇടപാടുകാർക്ക്‌ പ്രതീക്ഷ പകർന്ന്‌ 50,029 ൽ ക്ലോസിങ്‌ നടന്നു. ഈവാരം അരലക്ഷം പോയിൻറ്റിലെ താങ്ങ്‌ നിലനിർത്തി പുതിയ ഉയരങ്ങളിലേയ്‌ക്ക്‌ സഞ്ചരിക്കാൻ വിപണി ശ്രമിക്കുമെന്ന പ്രതീക്ഷയിലാണ്‌. അതേ സമയം വിദേശ പിൻതുണ കുറഞ്ഞതിനാൽ ഉയർന്ന തലത്തിൽ അധിക നേരം പിടിച്ച്‌ നിൽക്കാൻ വിപണി ക്ലേശിക്കുമെന്നാണ്‌ ഒരു വിഭാഗം ഓപ്പറേറ്റർമാരുടെ കണക്ക്‌ കൂട്ടൽ.

സൂചിക ഈ വാരം 50,303 ലെ പ്രതിരോധം മറികടക്കാനുള്ള നീക്കം വിജയിച്ചാൽ 50,578 നെ ലക്ഷ്യമാക്കി സെൻസെക്‌സ്‌ വാരത്തിൻറ്റ രണ്ടാം പകുതിയിൽ സഞ്ചരിക്കാം. എന്നാൽ ആദ്യ പ്രതിരോധത്തിൽ കാലിടറിയാൽ 49,542‐49,056 ലേയ്‌ക്ക്‌ വിപണി സാങ്കേതിക പരീക്ഷണം നടത്താം.

ദേശീയ ഓഹരി സുചികയായ നിഫ്‌റ്റി 14,500 ലെ നിർണായക താങ്ങ്‌ നിലനിർത്തുന്നതിൽ കൈവരിച്ച വിജയം പ്രദേശിക ഇടപാടുകാരെ വിപണിയിലേയ്‌ക്ക്‌ അടുപ്പിച്ചു. ഒരു വേള നിഫ്‌റ്റി 14,883 പോയിൻറ്റ്‌ വരെ ഉയർന്ന ശേഷം 14,867 ൽ ക്ലോസിങ്‌ നടന്നു.

ഏഷ്യയിലെ മറ്റ് പല വിപണികളുമായി താരതമ്യം ചെയുമ്പോൾ മാർച്ച് മാസത്തിൽ ഏറ്റവും തണുപ്പൻ പ്രകടനം കാഴ്ചവെച്ചത്‌ ഇന്ത്യൻ മാർക്കറ്റാണ്‌. കെയർ റേറ്റിംഗിന്റെ റിപ്പോർട്ട് അനുസരിച്ച്, കോവിഡ് കേസുകളിലെ വർദ്ധന ഇന്ത്യൻ ഓഹരിയിൽ മാന്ദ്യം ഉളവാക്കിയെന്നാണ്‌. ആഗോള റേറ്റിംഗ് ഏജൻസിയുടെ കണക്കുകളിൽ വർദ്ധിക്കുന്ന കൊറോണ വൈറസ് കേസുകൾ, വൈറസിൻറ്റ പുതിയ വകഭേദം, പല പ്രദേശങ്ങളിലും വീണ്ടും നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തിയതും നിക്ഷേപകരുടെ ആത്‌മവിശ്വാസത്തിന്‌ മങ്ങൽ ഏൽപ്പിക്കുന്നത്‌ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയെ പരിമിത പെടുത്താം.

ഇതിനിടയിൽ ഫ്രാൻസിൽ വീണ്ടും ലോക്ക്‌ ഡൗൺ പ്രഖ്യാപിച്ചത്‌ യുറോപ്യൻ മാർക്കറ്റുകളിൽ ആശങ്ക പരത്തി. ഫ്രാൻസിലെ സ്ഥിതിഗതികൾ ആഗോള ക്രൂഡ്‌ ഓയിൽ വിലയിൽ വൻ സ്വാധീനം ഉളവാക്കാം. ഒപ്പെക്ക്‌ പാനൽ യോഗം കഴിഞ്ഞ ദിവസം നയപരമായ ശുപാർശയില്ലാതെ അവസാനിച്ചു, പ്രതിദിന ക്രൂഡ്‌ ഉൽപാദനം കുറച്ചാൽ ഇന്ത്യയിൽ പെട്രോളിയും ഉൽപ്പന്നങ്ങളുടെ വില വീണ്ടും ഉയരുമെന്നത്‌ നാണയപ്പെരുപ്പം രൂക്ഷമാക്കും. രാജ്യാന്തര വിപണിയിൽ ക്രൂഡ്‌ ഓയിൽ ബാരലിന്‌ 64.62 ഡോളറിലാണ്‌.

Tags:    
News Summary - Market recovers from collapse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT