ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ എണ്ണവില രണ്ടാഴ്ചക്കുള്ളിൽ കുറയുമെന്ന വിലയിരുത്തലുമായി ബി.പി.സി.എൽ ചെയർമാൻ അരുൺ സിങ്. റഷ്യ തീരുമാനിക്കാതെ അവരുടെ എണ്ണ-വാതക കയറ്റുമതി പൂർണമായും നിയന്ത്രിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. യുറോപ്പിന് റഷ്യയുടെ ഊർജ ഇറക്കുമതി ഒഴിവാക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിലുള്ള റെക്കോർഡ് എണ്ണവില രണ്ടാഴ്ചക്കുള്ളിൽ ബാരലിന് 100 ഡോളറിലേക്ക് താഴും. യുദ്ധം അവസാനിക്കുന്നതോടെ എണ്ണവില ബാരലിന് 90 ഡോളറിലെത്തും. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഈ വിലയിൽ എണ്ണ വാങ്ങാൻ ലോകരാജ്യങ്ങൾക്കാവില്ല. ആഗോള സമ്പദ്വ്യവസ്ഥയുടെ വളർച്ച കുറയുന്നതിലേക്കാവും ഉയർന്ന എണ്ണവില നയിക്കുക. ഇതിനൊപ്പം ക്രൂഡോയിലിന്‍റെ ആവശ്യകതയും കുറയും. രണ്ട് മുതൽ മൂന്ന് ശതമാനത്തിന്‍റെ വരെ കുറവാണ് ഉണ്ടാവുക. പ്രതിദിനം ഇത് ഏകദേശം രണ്ട് മുതൽ മൂന്ന് മില്യൺ ബാരലായിരിക്കും. റഷ്യ അഞ്ച് മില്യൺ ബാരൽ ക്രൂഡോയിലാണ് ഒരു ദിവസം കയറ്റുമതി ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മെയ് മാസം വരെ ഇന്ത്യയിൽ എണ്ണദൗർബല്യമുണ്ടാകുമെന്ന ആശങ്കവേണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ എണ്ണകമ്പനികൾ ഇന്ധനവില ലിറ്ററിന് 12 രൂപ മുതൽ 15 വരെ ഉയർത്താൻ ഒരുങ്ങുന്നതിനിടെയാണ് ബി.പി.സി.എൽ ചെർമാന്‍റെ പരാമർശം. നേരത്തെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് യു.എസ് നിരോധനം ഏർപ്പെടുത്തിയിരുന്നു. ബ്രിട്ടനും ഇതിനുള്ള നടപടികളുമായി മുന്നോട്ട് പോവുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.