ന്യൂഡൽഹി: ആഗോള വിപണിയിൽ ക്രൂഡോയിൽ വില വീണ്ടും ബാരലിന് 100 ഡോളറിന് താഴെയെത്തി. ചൊവ്വാഴ്ചയാണ് എണ്ണവില 100 ഡോളറിന് താഴെയെത്തിയത്. പിന്നീട് വില ചെറിയ രീതിയിൽ ഉയർന്നുവെങ്കിലും ഇപ്പോഴും 100 ഡോളറിൽ തന്നെയാണ് വ്യാപാരം പുരോഗമിക്കുന്നത്. റഷ്യ-യുക്രെയ്ൻ സമാധാന ചർച്ചകൾ പുരോഗമിക്കുന്നതാണ് എണ്ണവിലയെ സ്വാധീനിക്കുന്നുണ്ട്.
ഇറാനിയൻ വിദേശകാര്യമന്ത്രിയുടെ പ്രസ്താവനയും വലിയ രീതിയിൽ എണ്ണവിലയെ സ്വാധീനിച്ചു. യുക്രെയ്ൻ പ്രതിസന്ധിയും വിയന്നയിൽ നടക്കുന്ന ആണവചർച്ചകളും തമ്മിൽ ബന്ധമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ആണവ ചർച്ചകൾ അവസാനിക്കുന്നത് വരെ റഷ്യ ഇറാനൊപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇറാനുമായുള്ള 2015ലെ അണവകരാർ പുനഃസ്ഥാപിക്കാൻ റഷ്യക്ക് താൽപര്യമുണ്ടെന്ന് വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് പറഞ്ഞിരുന്നു. യു.എസ് ഇറാനുമേലുള്ള ഉപരോധം പിൻവലിച്ചാൽ ഇതിന്റെ സാധ്യതകൾ പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
എണ്ണയുടെ ഭാവി വിലകളും താഴുകയാണ്. ഇന്റർകോണ്ടിനന്റൽ എക്സ്ചേഞ്ചിൽ മേയ് മാസത്തേക്കുള്ള ബ്രെന്റ് ക്രൂഡോയിലിന്റെ വില 99.79 ഡോളറായി താഴ്ന്നിട്ടുണ്ട്. 6.65 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. വെസ്റ്റ് ടെക്സാസ് ഇന്റർമിഡിയേറ്റ് ക്രൂഡോയിലിന്റെ വിലയും ഇടിഞ്ഞിട്ടുണ്ട്. അതേസമയം, ഇന്ത്യയിൽ തെരഞ്ഞെടുപ്പിന് കഴിഞ്ഞതിന് ശേഷവും എണ്ണകമ്പനികൾ ഇതുവരെ വില ഉയർത്തിട്ടിയില്ല. പുതിയ സാഹചര്യത്തിൽ ഇന്ത്യയിലെ എണ്ണ കമ്പനികൾ എന്ത് നിലപാടെടുക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.