വാഷിങ്ടൺ: ആഗോളവിപണിയിൽ വരും മാസങ്ങളിൽ എണ്ണവില വൻതോതിൽ ഉയരുമെന്ന് പ്രവചനം. വെസ്റ്റ് ടെക്സാസ് ഇന്‍റർമീഡിയേറ്റ് ക്രൂഡ് ഓയിലിന്‍റെ വിലയാണ് ഉയരുക. യു.എസിലെ ഏറ്റവും വലിയ സംഭരണശാലയിൽ എണ്ണയുടെ അളവ് വലിയ രീതിയിൽ കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണം. ഇത് മൂലം ഡബ്യു.ടി.ഐ ക്രൂഡ് ഓയിലിന്‍റെ ഡിമാൻഡ് വരും മാസങ്ങളിൽ ഉയരുമെന്നും ഇത് വില വർധനവിന് ഇടയാക്കുമെന്നുമാണ് ആശങ്ക. ജെ.പി മോർഗൻ പോലുള്ള റേറ്റിങ് ഏജൻസികൾ ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ലോകത്തിന്‍റെ വിവിധ രാജ്യങ്ങളിൽ കൽക്കരിക്ഷാമവും രൂക്ഷമാണ്. ഇതും എണ്ണയുടെ ആവശ്യകത വർധിപ്പിച്ചിട്ടുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 2020 ഏപ്രിലിൽ വെസ്റ്റ് ടെക്സാസ് ഇന്‍റർമീഡിയേറ്റ് ക്രൂഡ് ഓയിലിന്‍റെ വില നെഗറ്റീവിലെത്തിയിരുന്നു. ഇത് യു.എസ് എണ്ണ കമ്പനികൾക്ക് വലിയ നഷ്ടമുണ്ടാക്കുകയും ചെയ്തു. ആവശ്യകതയിൽ വലിയ ഇടിവുണ്ടായതാണ് അന്ന് എണ്ണവിലയെ സ്വാധീനിച്ചത്. നിലവിൽ നേർവിപരീതമായ സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.
അതേസമയം, ഡബ്യു.ടി.ഐ ക്രൂഡ്ഓയിലിന്റെ വില ഉയരുന്നത് ഇന്ത്യയിലെ എണ്ണവിലയെ സ്വാധീനിക്കാൻ സാധ്യതയില്ല. ബ്രെന്‍റ് ക്രൂഡ് ഓയിലാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. എന്നാൽ, ഡബ്യു.ടി.ഐ ക്രൂഡിന്‍റെ വില വർധിക്കുന്നതിന്‍റെ ചുവടുപിടിച്ച് ബ്രെന്‍റ് ക്രൂഡിനും വില ഉയർന്നാൽ അത് ഇന്ത്യയെ പ്രതികൂലമായി ബാധിക്കും. കഴിഞ്ഞ ഒരു മാസത്തിനിടെ രാജ്യത്ത് പെട്രോൾ-ഡീസൽ വില വലിയ രീതിയിൽ വർധിച്ചിരുന്നു. പെട്രോളിന് 5.70 രൂപയും ഡീസലിന് 7.37 രൂപയുമാണ് വർധിച്ചത്. ഇതിനൊപ്പം ഉയർന്ന നികുതി കൂടി ആയതോടെ ജനങ്ങൾ വലിയ ദുരിതം അനുഭവിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.