ന്യൂഡൽഹി: ഇന്ത്യയിൽ പെട്രോൾ-ഡീസൽ വില വർധന വീണ്ടും ആരംഭിച്ചിരിക്കുകയാണ്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് എണ്ണ കമ്പനികൾ വീണ്ടും വില വർധിപ്പിക്കാൻ തുടങ്ങിയത്. ചൊവ്വാഴ്ച ഏഴാമത്തെ തവണയാണ് എണ്ണ കമ്പനികൾ വില വർധിപ്പിച്ചത്. മാർച്ച് 22നാണ് നാലര മാസത്തെ ഇടവേളക്ക് വിരാമമിട്ട് വീണ്ടും കമ്പനികൾ വില ഉയർത്തിയത്.
മാർച്ച് 22ന് ശേഷം പെട്രോൾ വില ലിറ്ററിന് 4.80 രൂപയും ഡീസലിന് 4.85 രൂപയും ഉയർത്തി. അതേസമയം, അന്താരാഷ്ട്ര മാർക്കറ്റിൽ എണ്ണവില കുറയുകയാണ്. യുക്രെയ്ൻ-റഷ്യ സംഘർഷത്തിൽ അയവ് വരുന്നെന്ന സൂചനകളാണ് വില കുറയാനുള്ള പ്രധാന കാരണം. ഇതിനൊപ്പം ചൈനയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയരുന്നതും എണ്ണവിലയെ സ്വാധീനിക്കുന്നുണ്ട്.
ചൊവ്വാഴ്ച അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡോയിലിന്റെ വില ബാരലിന് 1.18 ഡോളർ കുറഞ്ഞിരുന്നു. 111.30 ഡോളറിലാണ് ബ്രെന്റ് ക്രൂഡിന്റെ വ്യാപാരം പുരോഗമിക്കുന്നത്. വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയേറ്റ് ക്രൂഡിന്റെ വില 103.46 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 1.09 ഡോളറിന്റെ ഇടിവാണ് വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയേറ്റ് ക്രൂഡോയിലിലുണ്ടായത്.
എണ്ണകമ്പനികൾ തെരഞ്ഞെടുപ്പിനെ തുടർന്ന് വില വർധനവ് പിടിച്ചുനിർത്തുമ്പോൾ ബാരലിന് 82 ഡോളറായിരുന്നു അന്താരാഷ്ട്ര വിപണിയിലെ എണ്ണവില. പിന്നീട് എണ്ണവില 120 ഡോളറിലേക്ക് വരെ ഉയർന്നിരുന്നു. ഇത് മൂലം കമ്പനികൾക്ക് വലിയ നഷ്ടമുണ്ടായിട്ടുണ്ടെന്നും അത് നികത്താനുമാണ് എണ്ണവില ഉയർത്തുന്നതെന്നുമാണ് വിശദീകരണം.
നേരത്തെ റേറ്റിങ് ഏജൻസിയായ മൂഡീസ് എണ്ണവില ഉയർത്താത്തത് മൂലം കമ്പനികൾക്ക് 19,000 കോടിയുടെ നഷ്ടമുണ്ടായെന്ന് വ്യക്തമാക്കിയിരുന്നു. നിലവിൽ നഷ്ടം നികത്തണമെങ്കിൽ കമ്പനികൾക്ക് ഡീസൽ വില 13.1 രൂപ മുതൽ 24.9 രൂപ വരെ ഉയർത്തേണ്ടി വരും. പെട്രോൾ വില ലിറ്ററിന് 10.6 രൂപ മുതൽ 22.3 രൂപ വരെ ഉയർത്തേണ്ടി വരുമെന്നാണ് സൂചന. അതേസമയം, എണ്ണവില വൻതോതിൽ ഉയർത്തുന്നത് ഇന്ത്യയിൽ പണപ്പെരുപ്പം ഉയരുന്നതിനിടയാക്കുമെന്ന് ആശങ്കയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.