സംസ്ഥാനത്ത് റബർ ഉൽപാദനം കുറഞ്ഞത് ടയർ ഉൽപാദകരെ ആശങ്കയിലാക്കി. കാലവർഷം ആദ്യ മാസം പിന്നിടുമ്പോൾ കേരളത്തിൽ ടാപ്പിങ് ദിനങ്ങൾ വിരലിൽ എണ്ണാവുന്ന അവസ്ഥയിലേക്ക് ചുരുങ്ങിയത് വ്യവസായികളെ പ്രതിസന്ധിയിലാക്കും. നിരക്ക് ഉയർത്തി സ്റ്റോക്കിസ്റ്റുകളെ ആകർഷിക്കാൻ നടത്തിയ അവസാന തന്ത്രവും പാളിയതോടെ പല കമ്പനികളും ഉൽപാദനം കുറച്ചു.
മികച്ചയിനം ഷീറ്റ് വില കിലോ 207 രൂപ വരെ ഉയർത്തിയിട്ടും കാർഷിക മേഖലയിൽ നിന്ന് വരവ് നാമമാത്രം. ഫെബ്രുവരി മുതൽ പകൽ താപനില ഉയർന്നതിനൊപ്പം കർഷകർ ടാപ്പിങ്ങിൽ നിന്ന് പിൻതിരിഞ്ഞതിനാൽ ഉൽപാദന മേഖലകളിൽ കരുതൽ ശേഖരം കുറഞ്ഞു. മേയ് രണ്ടാം പകുതിയിലെ വേനൽ മഴയിൽ തോട്ടങ്ങളിൽ മഴ മറ ഒരുക്കാൻ അവസരം നഷ്‌ടപ്പെട്ടത് ജൂണിൽ ടാപ്പിങ്ങിനെ ബാധിച്ചു.
നേരത്തേ ഉറപ്പിച്ച വിദേശ കരാറുകൾ പ്രകാരമുള്ള ഇറക്കുമതി റബർ ജൂണിൽ എത്താഞ്ഞത് സ്ഥിതി കൂടുതൽ വഷളാക്കി. ചെന്നൈ, മുംബൈ തുറമുഖങ്ങളിൽ ബാങ്കോക്കിൽ നിന്നും ജകാർത്തയിൽ നിന്നുമുള്ള ഷീറ്റ് യഥാസമയം എത്തിയില്ല. പ്രതികൂല കാലാവസ്ഥ കാരണം മറ്റു രാജ്യങ്ങളിലും ടാപ്പിങ് സ്‌തംഭിച്ചതിനാൽ കിലോ 208 രൂപ വരെ ജൂണിൽ ഉയർന്ന ബാങ്കോക്കിൽ ഇപ്പോൾ വില 165 രൂപ. നിരക്ക് പൊടുന്നനെ ഇടിഞ്ഞതോടെ തിരക്കിട്ട് പുതിയ വ്യാപാരങ്ങൾ ഉറപ്പിച്ചതായാണ് വിവരം, ആഗസ്റ്റ് ഷിപ്മെന്റിനായി. ഇറക്കുമതി റബർ എത്തുന്നതോടെ പിരിമുറുക്കങ്ങൾക്ക് അയവ് കണ്ടുതുടങ്ങും. ജൂണിൽ പ്രതീക്ഷിച്ച കണ്ടയ്‌നറുകൾ വൈകാതെ തുറമുഖങ്ങളിൽ എത്തുമെന്നാണ് വിവരം. ആഭ്യന്തര ചരക്ക് ക്ഷാമം തൽക്കാലം തുടരുമെന്നതിനാൽ റബർ വില ഉയർന്നത് അവസരമാക്കി ടയർ വില വർധിപ്പിക്കാൻ അണിയറ നീക്കങ്ങൾ നടക്കുന്നു.
● തേയില കൊളുന്ത് നുള്ള് വീണ്ടും സജീവം. ഉയർന്ന താപനിലയിൽ നേരത്തേ ഒട്ടുമിക്ക തോട്ടങ്ങളിലും കൊളുന്ത് കരിഞ്ഞ് ഉണങ്ങിയത് മൂലം ഉൽപാദകർ രംഗത്ത് നിന്ന് അകന്നത് ലേല കേന്ദ്രങ്ങളിലേക്കുള്ള ചരക്ക് വരവിനെ കഴിഞ്ഞ മാസങ്ങളിൽ ബാധിച്ചിരുന്നു. അതേസമയം കൊളുന്ത് തുടങ്ങിയതോടെ വില ഉയരാഞ്ഞത് ഉൽപാദകരെ പ്രതിസന്ധിലാക്കി.
കഴിഞ്ഞ വർഷം ഇതേ സന്ദർഭത്തിൽ കിലോ 20 രൂപ ലഭിച്ചിരുന്ന കൊളുന്തിന് വിലയിപ്പോൾ 14 രൂപ മാത്രമാണ്. ടീ ബോർഡാണ് കൊളുന്ത് വില നിശ്ചയിക്കുന്നത്. ഉൽപാദന ചെലവ് ഉയർന്നെങ്കിലും ഫാക്‌ടറികൾ വാങ്ങൽ നിരക്ക് ഉയർത്തുന്നില്ലെന്ന് ചെറുകിട കർഷകർ. ഒരു വർഷത്തിനിടയിൽ കൊളുന്തിന് കിലോ ആറ് രൂപ ഇടിഞ്ഞു, കാർഷിക ചെലവുകളും വളം കീടനാശിനി ചെലവുകളിലെ വർധനയും ചെറുകിട ഉൽപാദകർക്ക് താങ്ങാനാവുന്നതിലും അധികമായി. ആഭ്യന്തര വിദേശ വിപണികളിൽ നിന്നും തേയിലക്ക് ശക്തമായ ഡിമാൻഡുള്ള സന്ദർഭത്തിൽ കർഷകർക്ക് ന്യായവില ഉറപ്പുവരുത്തേണ്ട ബാധ്യത ടീ ബോർഡിനുണ്ട്.
നടപ്പുവർഷം ആദ്യ മൂന്ന് മാസം രാജ്യത്തു നിന്ന് 64.63 ദശലക്ഷം കിലോ തേയില കയറ്റുമതി നടത്തി. പശ്ചിമേഷ്യയിൽ നിന്നും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും തേയിലക്ക് നല്ല ഡിമാൻഡുണ്ട്.
● നാളികേരോൽപന്നങ്ങളുടെ വിലയിൽ വ്യതിയാനമില്ല. മാസാരംഭ വേളയെങ്കിലും വെളിച്ചെണ്ണയെ അപേക്ഷിച്ച് ഇറക്കുമതി പാചകയെണ്ണകളുടെ വില താഴ്‌ന്നത് വിൽപന കുറച്ചു. പിന്നിട്ട രണ്ടാഴ്‌ചകളിൽ മില്ലുകാർ വെളിച്ചെണ്ണ വില ഉയർത്തിയെങ്കിലും അതിന് അനുസൃതമായി കൂടിയ വിലക്ക കൊപ്ര ശേഖരിക്കാൻ അവർ തയാറായില്ല. വ്യവസായികളിൽ നിന്ന് ആവശ്യം കുറഞ്ഞത് കൊപ്ര, പച്ചത്തേങ്ങ വിലകളെ ബാധിച്ചു. അയൽസംസ്ഥാനങ്ങളിൽ ഇവയുടെ നിരക്ക് താഴ്‌ന്ന് നിൽക്കുന്നതും മുന്നേറ്റത്തിന് തടസ്സമായി. കൊച്ചിയിലും കോഴിക്കോടും കൊപ്ര 9900 രൂപയിൽ നീങ്ങുമ്പോൾ കാങ്കയത്ത് വില 9250 രൂപ മാത്രം.
● പ്രമുഖ ഏലക്ക ലേല കേന്ദ്രങ്ങളിൽ ചരക്ക് വരവ് ചുരുങ്ങിയിട്ടും ഉൽപന്ന വില ഉയർന്നില്ല. കർഷകരുടെ പക്കൽ കരുതൽ ശേഖരം കുറഞ്ഞതിനിടയിൽ മധ്യവർത്തികൾ സ്റ്റോക്ക് ഇറക്കുന്നുണ്ട്. വാരാവസാനം ഇടത്തരം ഏലക്ക കിലോ 2300 രൂപയിലും മികച്ചയിനങ്ങൾ 2700 രൂപ നിലവാരത്തിലുമാണ്.
വിവിധ കറിമസാല വ്യവസായികളുടെ ഉൽപന്നങ്ങളിൽ മായം കലർത്തുന്നത് കണ്ടെത്തിയ സാഹചര്യത്തിൽ അവർ സുഗന്ധവ്യഞ്‌ജന വിപണികളിൽ നിന്നും അൽപം പിൻതിരിയാം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഏകദേശം നാലായിരം സാമ്പിളുകൾ ഭക്ഷ്യസുരക്ഷ വിഭാഗം പരിശോധനക്ക് ശേഖരിച്ചു. ഇതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതോടെ ഉൽപന്ന വിലകളിൽ ചാഞ്ചാട്ട സാധ്യതയുണ്ട്.
● ആഭരണ കേന്ദ്രങ്ങളിൽ സ്വർണ വില പവന് 1120 രൂപ വർധിച്ചു. പവൻ 53,000 രൂപയിൽ നിന്ന് ശനിയാഴ്‌ച 54,120ലേക്ക് കയറി, ഒരു ഗ്രാമിന് വില 6765 രൂപ. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 2323 ഡോളറിൽ നിന്ന് 2388 ഡോളറായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.