കോട്ടയം: രണ്ടുവർഷത്തെ ഇടവേളക്കുശേഷം താങ്ങുവിലയ്ക്ക് മുകളിൽ റബർ കച്ചവടം. 180 രൂപയാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച താങ്ങുവില. ഇത് മറികടന്നതിനൊപ്പം റബറിന്റെ വ്യാപാരവില ബുധനാഴ്ച കിലോക്ക് 181ലെത്തി. രണ്ടുവർഷത്തിനിടെ ആദ്യമായാണ് ഒരു കിലോ റബറിന്റെ വില 180 പിന്നിടുന്നത്.
2021 ഡിസംബറിലായിരുന്നു ഇതിനുമുമ്പ് റബറിന് ഉയർന്ന വില ലഭിച്ചത്. അന്ന് കിലോക്ക് 191 രൂപവരെ ലഭിച്ചെങ്കിലും പിന്നീട് താഴേക്ക് പോയി. റബർ വിലസ്ഥിരതാ പദ്ധതിയനുസരിച്ച് അന്ന് 170 രൂപയായിരുന്നു താങ്ങുവില. ഇത് കഴിഞ്ഞ ബജറ്റിൽ 180 രൂപയായി വർധിപ്പിച്ചിരുന്നു. ഏപ്രിൽ ഒന്നുമുതൽ വർധന നിലവിൽ വരുമെന്നും സർക്കാർ പ്രഖ്യാപിച്ചിരുന്നു. നിലവിലെ നിരക്ക് ഇതിനും മുകളിലായതോടെ സാങ്കേതികമായി വിലസ്ഥിരതാ പദ്ധതി ‘നിലച്ചു’. കമ്പോളവിലയും താങ്ങുവിലയും തമ്മിലെ വ്യത്യാസം കർഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകുന്നതാണ് വിലസ്ഥിരതാ പദ്ധതി.
കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് ഉൽപാദനം കുറഞ്ഞതോടെ അന്താരാഷ്ട്ര വിപണിയിൽ റബർവില കുതിച്ചുകയറുകയാണ്. ഇതിന്റെ ചുവടുപിടിച്ചാണ് ആഭ്യന്തര മാർക്കറ്റിലും വില ഉയരുന്നത്. എന്നാൽ, അന്താരാഷ്ട്ര മാർക്കറ്റിന് ആനുപാതികമായി ഉയർന്നിട്ടില്ല. ബുധനാഴ്ച ബാങ്കോക്ക് വിപണിയിൽ ഒരു കിലോ റബറിന് 223.77 രൂപയായിരുന്നെങ്കിൽ റബർ ബോർഡ് പ്രഖ്യാപിച്ച വില 186 രൂപയായിരുന്നു.
ഇതിനിടെ, വിലയിടിക്കാൻ ടയർ കമ്പനികൾ നീക്കം തുടങ്ങിയതായി കർഷക സംഘടനകൾ ആരോപിക്കുന്നു. റബർബോർഡ് പ്രഖ്യാപിച്ച വിലയിൽ ചരക്ക് എടുക്കാൻ കമ്പനികൾ തയാറാകുന്നില്ലെന്ന് ഇവർ പറഞ്ഞു. അന്താരാഷ്ട്ര-ആഭ്യന്തര വിപണികളിൽ റബർ ഷീറ്റിന് ക്ഷാമം തുടരുന്നതിനാൽ സെപ്റ്റംബർവരെ മെച്ചപ്പെട്ട വില ലഭിക്കുമെന്നാണ് വ്യാപാരികൾ നൽകുന്ന സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.