കരുത്ത് തിരികെ പിടിച്ച് വിപണി; ഇനി നല്ല നാളുകൾ തിരികെ വരുമോ

കൊച്ചി: കഴിഞ്ഞയാഴ്ച ഓഹരി വിപണിയിൽ തകർപ്പൻ മുന്നേറ്റം. ആഭ്യന്തര വിദേശ ധനകാര്യസ്ഥാപനങ്ങൾ മുൻ നിര ഓഹരികളിൽ കനത്ത നിക്ഷേപത്തിന്‌ മത്സരിച്ച്‌ ഇറങ്ങിയതോടെ ബോംബെ സെൻസെക്‌സ്‌ 1498 പോയിന്റും നിഫ്‌റ്റി 438 പോയിന്റും വർദ്ധിച്ചു. മുൻവാരം സെൻസെക്‌സിന്‌ സൂചിപ്പിച്ച പ്രതിരോധമായ 57,580 ന്‌ പത്ത്‌ പോയിൻറ്റ്‌ അകലെ 58,570 ലാണ്‌ വ്യാപാരം അവസാനിച്ചത്‌.

ജൂലൈയിൽ ഇന്ത്യൻ ഓഹരി ഇൻഡക്‌സുകൾ ഏകദേശം എട്ട്‌ ശതമാനം ഉയർന്നു, കഴിഞ്ഞ വർഷം ഓഗസ്റ്റിനു ശേഷമുള്ള ഏറ്റവും മികച്ച പ്രതിമാസ നേട്ടമാണിത്‌. മുൻ നിര ഓഹരികൾ സ്വന്തമാക്കാൻ വിദേശ ഫണ്ടുകൾ ഉത്സാഹിച്ചതിനൊപ്പം ഷോട്ട്‌ കവറിങിനും അവർ നീക്കം നടത്തിയത്‌ സൂചികയുടെ തിരിച്ചു വരവിന്‌ വേഗത പകർന്നു. ഒരു മാസത്തിനിടയിൽ സെൻസെക്‌സ്‌ 4543 പോയിന്റും നിഫ്‌റ്റി 1359 പോയിൻറ്റും ഉയർന്നു.

സെൻസെക്‌സ്‌ മുൻവാരത്തിലെ 53,760 ൽ നിന്നും 57,619 പോയിൻറ്‌ വരെ മുന്നേറിയെങ്കിലും ഉയർന്ന തലത്തിൽ വാരാന്ത്യം ഓപ്പറേറ്റർമാർ ലാഭമെടുപ്പിന്‌ ഇറങ്ങിയതോടെ കഴിഞ്ഞ വാരം ഇതേ കോളത്തിൽ സൂചിപ്പിച്ച 57,580 ലെ പ്രതിരോധത്തിൽ കാലിടറി 57,570 ൽ ക്ലോസിങ്‌ നടന്നു. ഈ വാരം 58,384 ൽ ആദ്യ പ്രതിരോധം നിലനിൽക്കുന്നു. 55,990 ലെ സപ്പോർട്ട്‌ നിലനിർത്താനായാൽ അടുത്ത ചുവടുവെപ്പിൽ സൂചിക 59,200 റേഞ്ചിലേയ്‌ക്ക്‌ ഉയരാം.

16,049 ൽ ഇടപാടുകൾക്ക്‌ തുടക്കം കുറിച്ച നിഫ്‌റ്റി 17,000 ലെ പ്രതിരോധം തകർത്ത്‌ 17,150 ന്‌ മുകളിൽ ഇടം പിടിച്ചു. ഒരവസരത്തിൽ സുചിക 17,172 വരെ കയറിയെങ്കിലും മാർക്കറ്റ്‌ ക്ലോസിങിൽ നിഫ്‌റ്റി 17,158 പോയിന്റിലാണ്. ഈ വാരം 17,400 ലെ പ്രതിരോധം തകർക്കാൻ വിപണിക്കാവുമെന്ന കണക്ക്‌ കൂട്ടലിലാണ്‌ ബുൾ ഇടപാടുകാർ. ഈ നീക്കം വിജയിച്ചാൽ മാസമദ്ധ്യത്തിൽ 17,660 ന്‌ മുകളിൽ ഇടം പിടിക്കാനുള്ള ശ്രമങ്ങൾ തുടക്കം കുറിക്കാം. നിഫ്‌റ്റിക്ക്‌ 16,680 ലെ സപ്പോർട്ട്‌ നഷ്‌ടപ്പെട്ടാൽ 16,200 വരെ സാങ്കേതിക പരീക്ഷണം നടത്താം.

ഫണ്ടുകളിൽ നിന്നുള്ള വാങ്ങൽ താൽപര്യത്തിൽ ഇൻഫോസീസ്‌ ടെക്‌നോളജി, വിപ്രോ, ടി.സി.എസ്, എച്ച്‌ സി എൽ ടെക്‌ എന്നി ഐ.ടി ഓഹരികൾ മികവ്‌ കാണിച്ചു. ബാങ്കിംഗ്‌ ഓഹരികളായ എസ്‌ ബി ഐ, എച്ച്‌.ഡി.എഫ്‌.സി, എച്ച്‌.ഡി.എഫ്‌ സി ബാങ്ക്‌, ഐ.സി.ഐ.സി.ഐ ബാങ്ക്‌ തുടങ്ങിയവയിലും നിക്ഷേപകർ താൽപര്യം കാണിച്ചു. ആർ ഐ എൽ, ടാറ്റാ സ്‌റ്റീൽ, ബജാജ്‌ ഫൈനാൻസ്‌ തുടങ്ങിയവയും മികവ്‌ കാണിച്ചു. ഡോ: റെഡീസ്‌, എം ആൻറ്‌ എം, മാരുതി, എച്ച്‌.യു.എൽ ഓഹരി വിലകൾ താഴ്‌ന്നു.

ആർ ‌ബി ‌ഐ യോഗത്തെ ഉറ്റ്‌നോക്കുകയാണ്‌ വിപണി. ഈ വാരം നടക്കുന്ന ദ്വിമാസ പണ നയ അവലോകനത്തിൽ നാണയപ്പെരുപ്പം കുറയ്ക്കാൻ പണനയം കർശനമാക്കുന്ന ആഗോള പ്രവണതയ്ക്ക് അനുസൃതമായി, റിസർവ്‌ ബാങ്ക് റിപ്പോ നിരക്ക് 35 ബേസിസ് പോയിൻറ്‌ വരെ ഉയർത്താൻ സാധ്യതയുണ്ട്. രൂപയ്‌ക്ക്‌ കരുത്തു പകരാൻ നടത്തുന്ന നീക്കങ്ങൾ ഫോറെക്‌സ്‌ മാർക്കറ്റിൽ ശ്രദ്ധയമായ ചലനങ്ങൾക്ക്‌ ഈ വാരം അവസരം ഒരുക്കാം. വിനിമയ വിപണിയിൽ ഡോളറിന്‌ മുന്നിൽ രൂപ 80.20 ൽ നിന്നും 79.26 ലേയ്‌ക്ക്‌ ഇതിനകം കരുത്ത്‌ നേടി.

പിന്നിട്ടവാരം വിദേശ ഫണ്ടുകൾ 2830 കോടി രൂപയുടെ ഓഹരികൾ വിറ്റപ്പോൾ മറുവശത്ത്‌ 2682 കോടിയുടെ നിക്ഷേപം നടത്തി. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ 2311 കോടി രൂപയുടെ ഓഹരികൾ വാങ്ങി കൂട്ടിയതിനൊപ്പം 73 കോടി രൂപയുടെ വിൽപ്പനയും അവർ നടത്തി.

ആഗോള വിപണിയിൽ ക്രൂഡ്‌ ഓയിലിന്‌ 100 ഡോളറിലെ താങ്ങ്‌ നഷ്‌ടപ്പെട്ട അവസ്ഥയിലാണ്‌. എണ്ണ വില ബാരലിന്‌ 103 ഡോളറിൽ നിന്നും കൂടുതൽ മികവ്‌ അവസരം ലഭിക്കാതെ വാരാവസാനം 98 ഡോളറായി താഴ്‌ന്നു. എണ്ണ വില താഴുന്നത്‌ രൂപയുടെ മൂല്യം മെച്ചപ്പെടാൻ അവസരം ഒരുക്കും.

യു എസ്‌ ഡോളർ സൂചികയുടെ ചാഞ്ചാട്ടത്തിനിടയിൽ രാജ്യന്തര വിപണിയിൽ സ്വർണ വില ഔൺസിന്‌ 1725 ഡോളറിൽ നിന്നും 1769 ഡോളറായി വാരാവസനം കുതിച്ചു കയറിയ ശേഷം 1766 ഡോളറിൽ ക്ലോസിങ്‌ നടന്നു.

Tags:    
News Summary - Share market review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT