കോവിഡ്​: ഓഹരി വിപണിയിൽ മാന്ദ്യം തുടരുന്നു

കൊച്ചി: ഓഹരി സൂചിക അഞ്ചാഴ്‌ച്ചകളിൽ നാലാം തവണയും തളർന്നത്‌ ഫണ്ടുകളെ മുൻ നിര ഓഹരികളിൽ ലാഭമെടുപ്പിന്‌ പ്രേരിപ്പിച്ചു. അതേസമയം രാജ്യത്ത്‌ മൺസൂൺ ഈ സീസണിൽ അനുകൂലമാകുമെന്ന്‌ കാലാവസ്ഥ വിഭാഗത്തിൻറ്റ പ്രവചനം വാരാവസാനം നിക്ഷേപകരെ ആകർഷിച്ചെങ്കിലും ഹെവിവെയിറ്റ്‌ ഓഹരികളിലെ മാന്ദ്യം തുടർന്നു. ബോംബെ സെൻസെക്‌സ്‌ 759 പോയിൻറ്റും നിഫ്‌റ്റി സൂചിക 218 പോയിൻറ്റും കഴിഞ്ഞവാരം താഴ്‌ന്നു.

വിദേശ ഫണ്ടുകൾ ആദ്യ പകുതിയിൽ വിൽപ്പനയ്‌ക്ക്‌ മുൻ തൂക്കം നൽകിയെങ്കിലും രണ്ടാം പകുതിയിൽ അവർ ക്യാഷ്‌മാർക്കറ്റിൽ 1418 കോടി രൂപയുടെ നിക്ഷേപം നടത്തി. ആദ്യ രണ്ട്‌ ദിവസങ്ങളിൽ മൊത്തം 2477 കോടി രൂപയുടെ വിൽപ്പന നടത്തിയ അവർ പണം തിരിച്ചു പിടിക്കാൻ കാണിച്ച ഉത്സാഹം ഫോറെക്‌സ്‌ മാർക്കറ്റിൽ രൂപയുടെ മൂല്യത്തിൽ വൻ ചാഞ്ചാട്ടംസൃഷ്‌ടിച്ചു. ഒരവസരത്തിൽ വിനിമയ മൂല്യംജൂലൈയ്‌ക്ക്‌ ശേഷമുള്ള ഏറ്റവും താഴ്‌ന്ന നിരക്കായ 75.44 ലേയ്‌ക്ക്‌ നീങ്ങിയെങ്കിലും വാരാന്ത്യം ശക്തമായ തിരിച്ചു വരവിൽ രൂപ 74.35 ലാണ്‌.

രൂപ കരുത്ത്‌ നേടിയതിനൊപ്പം ഇന്ത്യാ വോളാറ്റിലിറ്റി ഇൻഡക്‌സ്‌ നിക്ഷേപകർക്ക്‌ അനുകൂലമായി തിരിഞ്ഞതും വരും ദിനങ്ങളിൽ ഊഹക്കച്ചവടക്കാരെ വാങ്ങലുകാരാക്കി മാറ്റാം.മുൻ നിര ഓഹരികളായ എം ആൻറ്‌ എം, ഒ.എൻ.ജി.സി, ഡോ: റെഡീസ്‌, സൺ ഫാർമ്മ, എച്ച്‌.ഡി.എഫ്‌.സി, എച്ച്‌.ഡി.എഫ്‌.സി ബാങ്ക്‌, ഐ.സി.ഐ.സി.ഐ ബാങ്ക്‌ തുടങ്ങിയവയുടെ നിരക്ക്‌ ഉയർന്നപ്പോൾ എച്ച്‌.യു. എൽ, എൽ ആൻറ്റ്‌ ടി, എസ്‌.ബി.ഐ, ഐ.ടി.സി, ടി.സി.എസ്‌, ഇൻഫോസീസ്‌, എയർ ടെൽ എന്നിവയ്‌ക്ക്‌ തിരിച്ചടിനേരിട്ടു.

തിളക്കമാർന്ന ത്രൈമാസ പ്രവർത്തന ഫലം പുറത്തു വിട്ട വിപ്രോ ഓഹരിയിൽ വാരാവസാനം ശക്തമായ വാങ്ങൽ താൽപര്യം ദൃശ്യമായി. വിപ്രോ ഓഹരി വില ഒൻപത്‌ ശതമാനം ഉയർന്ന്‌ 469 രൂപയായി. വാരാരംഭത്തിൽ 49,591 ൽ നിന്ന്‌ ബോംബെ സെൻസെക്‌സ്‌ 47,693 വരെ താഴ്‌ന്ന്‌ ഇടപാടുകൾ നടന്ന ശേഷം വാരത്തിന്‍റെ രണ്ടാം പകുതിയിൽ കരുത്ത്‌ നേടി. ഈ അവസരത്തിൽ വിദേശ ഓപ്പറേറ്റർമാരുടെ പിൻതുണ കൂടി ലഭ്യമായതോടെ സൂചിക 49,089 പോയിൻറ്റ്‌ വരെ കയറിയെങ്കിലും ക്ലോസിങിൽ 48,832 പോയിൻറ്റിലാണ്‌.

ഈവാരം സെൻസെക്‌സ്‌ 47,987 ലെ സപ്പോർട്ട്‌ നിലനിർത്തി 49,383 ലേയ്ക്ക്‌ മുന്നേറാനുള്ള ശ്രമം വിജയം കണ്ടാൽ 49,934 പോയിൻറ്റ്‌ വരെ തുടർന്നുള്ള ദിവസങ്ങളിൽ വിപണിക്ക്‌ ഉയരാനുള്ള ഊർജം കണ്ടത്താനാവും. എന്നാൽ 47,987 ലെ താങ്ങ്‌ നിലനിർത്താനായില്ലെങ്കിൽ സെൻസെക്‌സ്‌ 47,142 ലേയ്‌ക്ക്‌ സാങ്കേതിക പരീക്ഷണങ്ങൾക്ക്‌ മുതിരാം. നിഫ്‌റ്റി 14,835 പോയിൻറ്റിൽ നിന്ന്‌ 14,248 ലേയ്‌ക്ക്‌ ഇടിഞ്ഞ ശേഷം വാരാന്ത്യം സുചിക 14,697 പോയിൻറ്റ്‌ വരെ കയറി. മാർക്കറ്റ്‌ ക്ലോസിങ്‌ നടക്കുമ്പോൾ സൂചിക 14,617 പോയിൻറ്റിലാണ്‌. ഈവാരം നിഫ്‌റ്റി സൂചിക 14,071‐14,969 റേഞ്ചിൽ സഞ്ചരിക്കാം. നിഫ്‌റ്റിയുടെ ഡെയ്‌ലി ചാർട്ട്‌ വിലയിരുത്തിയാൽ സാങ്കേതികമായി സൂചിക സെല്ലർമാർക്ക്‌ അനുകൂലമായി നീങ്ങുന്നു.

രാജ്യാന്തര വിപണിയിൽ സ്വർണത്തിന്‌ തിളക്കമേറി. ട്രോയ്‌ ഔൺസിന്‌ 1744 ഡോളറിൽ നിന്ന്‌ 1722 ലേയ്‌ക്ക്‌ ഒരു വേള മഞ്ഞലോഹ വില താഴ്‌ന്നതിനിടയിൽ ഫണ്ടുകൾ നിക്ഷേപത്തിന്‌ഉത്സാഹിച്ചു. ഇതോടെ ബുള്ളിയൻ മാർക്കറ്റിൽ ഉടലെടുത്ത ബുൾ തരംഗം സ്വർണത്തെ ഏഴ്‌ ആഴ്‌ച്ചകളിലെ ഉയർന്ന നിരക്കായ 1784ഡോളറിലേയ്‌ക്ക്‌ വെള്ളിയാഴ്‌ച്ച എത്തിച്ചു. വ്യാപാരാന്ത്യം സ്വർണം 1776 ഡോളറിലാണ്‌. വിപണി അതിന്‍റെ 50 ദിവസങ്ങളിലെ ശരാശരിക്ക്‌ മുകളിലേയ്‌ക്ക്‌ പ്രവേശിച്ച സാഹചര്യത്തിൽ ന്യൂയോർക്കിൽ സ്വർണം 1800 ഡോളറിലേയ്‌ക്ക്‌ ചുവടുവെക്കാൻ വരും ദിനങ്ങളിൽ ശ്രമം നടത്താം.

Tags:    
News Summary - Share market review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT