ബുൾ ഇടപാടുകാരുടെ കരുത്തിൽ നേട്ടം നിലനിർത്തി വിപണി

ബുൾ ഇടപാടുകാരുടെ കരുത്തിൽ ഇന്ത്യൻ വിപണി തുടർച്ചയായ രണ്ടാം വാരത്തിലും നേട്ടം നിലനിർത്തി. ആഭ്യന്തര ഫണ്ടുകളും പ്രാദേശിക ഓപ്പറേറ്റർമാരും മത്സരിച്ച്‌ മുൻ നിര ഓഹരികൾ വാങ്ങി കൂട്ടിയപ്പോൾ മറുവശത്ത്‌ ഊഹക്കച്ചവടക്കാർ മെയ്‌ സീരീസ്‌ സെറ്റിൽമെൻറ്‌ മുൻ നിർത്തി ഷോട്ട്‌ കവറിങിന്‌ ഇറങ്ങിയത്‌ വാരമധ്യം സൂചികയ്‌ക്ക്‌ കരുത്ത്‌ സമ്മാനിച്ചു.

ആഗോള തലത്തിൽ സാമ്പത്തിക മാന്ദ്യം രൂക്ഷമാക്കുമെന്ന വിലയിരുത്തലുകളും പണപ്പെരുപ്പം ഉയർന്ന തലങ്ങളിലേയ്‌ക്ക്‌ സഞ്ചരിക്കാനുള്ള സാധ്യതകളും വിപണിയിൽ ആശങ്കപരത്തുന്നു. ഇതിനിടയിൽ അമേരിക്കയിൽ ക്രൂഡ്‌ ഓയിൽ ഉൽപാദനം കുറഞ്ഞത്‌ എണ്ണ മാർക്കറ്റിലെ വിലക്കയറ്റം ശക്തമാക്കുമെന്ന ഭീതിയും തല ഉയർത്തി. പ്രതിസന്‌ധികൾക്ക്‌ ഇടയിൽ വിദേശ നിക്ഷേപകർ തുടർച്ചയായ എട്ടാം മാസവും ഇന്ത്യൻ മാർക്കറ്റിൽ വിൽപ്പനക്കാരായി തുടരുന്നു. സെപ്റ്റംബറിന്‌ ശേഷം ഇന്ത്യൻ വിപണിയിൽ നിന്ന് വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ രണ്ട് ലക്ഷം കോടി രൂപ പിൻവലിച്ചു.

ആർ ബി ഐ യുടെ നീക്കങ്ങളെ നീരിക്ഷിക്കുകയാണ്‌ വിപണി. പലിശ നിരക്കിൽ 25‐35 ബേസീസ്‌ പോയിൻറ്‌ വർദ്ധനയ്‌ക്ക്‌ കേന്ദ്ര ബാങ്ക്‌ നീക്കം നടത്താനുള്ള സാധ്യത നിക്ഷേപകരെ പിന്നോക്കം വലിക്കാൻ ഇടയുണ്ട്‌. ഈ വാരം കേന്ദ്ര ബാങ്ക്‌ യോഗം ചേരുന്നുണ്ട്‌.

ഫിനാൻഷ്യൽ ഓഹരികളുടെ മികവിൽ പിന്നിട്ടവാരം ബോംബെ സെൻസെക്സും നിഫ്റ്റിയും ഒരു ശതമാനം ഉയർന്നു. ബാങ്ക്‌ നിഫ്റ്റി നാല് ശതമാനം മുന്നേറി, രണ്ട് മാസത്തെ ഏറ്റവും വലിയ പ്രതിവാര നേട്ടമാണിത്‌. മിഡ്‌ക്യാപ് സൂചികയ്‌ക്ക്‌ തളർച്ചനേരിട്ടു.

സെൻസെക്‌സ്‌ 54,324 ൽ നിന്നും 53,425 ലേയ്‌ക്ക്‌ തളർന്ന ശേഷം വാരാന്ത്യത്തിലെ തിരിച്ചു വരവിൽ 54,936 പോയിൻറ്‌ വരെ കയറി, വ്യാപാരം അവസാനിക്കുമ്പോൾ സൂചിക 54,884 പോയിൻറ്റിലാണ്‌. ഈവാരം 55,405 ലെ ആദ്യപ്രതിരോധം മറികടക്കാനായാൽ സൂചിക 55,926 നെ ലക്ഷ്യമാക്കി ചുവടുവെക്കും. ഉയർന്ന തലത്തിൽ വീണ്ടും വിൽപ്പന സമ്മർദ്ദം ഉടലെടുത്താൽ 53,890‐52,900 റേഞ്ചിലേയ്‌ക്ക്‌ സാങ്കേതിക പരീക്ഷണത്തിന്‌ ഇടയുണ്ട്‌.

നിഫ്‌റ്റി 16,266 ൽ നിന്നും മികവോടെയാണ്‌ ഇടപാടുകൾക്ക്‌ തുടക്കം കുറിച്ചത്‌. ആദ്യ ദിനത്തിലെ വാങ്ങൽ താൽപര്യത്തിൽ 16,400 ലെ തടസം മറികടന്ന്‌ 16,414 വരെ ഉയർന്നതിനിടയിൽ വിൽപ്പനക്കാർ വിപണിയിൽ കടന്ന്‌ കൂടിയതോടെ നിഫ്‌റ്റി 15,900 റേഞ്ചിലേയ്‌ക്ക്‌ ഇടിഞ്ഞ ശേഷം വ്യാപാരാന്ത്യം 16,352 പോയിൻറ്റിലാണ്‌.

വിപണി അതിന്റെ 20 ദിവസങ്ങളിലെ സിംപിൾ മൂവിങ്‌ ആവറേജിന്‌ മുകളിലെത്തിയ സാഹചര്യത്തിൽ 16,400 ലെ ആദ്യ പ്രതിരോധം മറികടക്കാനായാൽ 16,540 നെ ലക്ഷ്യമാക്കിയാവും അടുത്തു കുതിപ്പ്‌. കാര്യമായ പ്രതികൂല വാർത്തകൾ പുറത്തുവന്നില്ലെങ്കിൽ 16,730 റേഞ്ചിലേയ്‌ക്ക്‌ ജൂൺ ആദ്യ വാരം നിഫ്‌റ്റി സഞ്ചരിക്കാം. അതേ സമയം വിൽപ്പന സമ്മർദ്ദം ശക്തമായാൽ 16,030 ൽ ആദ്യ താങ്ങുണ്ട്‌.

മുൻ നിര ഓഹരികളായ എസ്‌ ബി ഐ, എച്ച്‌.ഡി.എഫ്‌.സി ബാങ്ക്‌, എച്ച്‌.ഡി.എഫ്‌.സി, ഐ.സി.ഐ.സി.ഐ ബാങ്ക്‌, ഇൻഡസ്‌ ബാങ്ക്‌, മാരുതി, എച്ച്‌ യു എൽ, ഇൻഫോസീസ്‌, വിപ്രോ, ഡോ: റെഡീസ്‌, എം ആൻറ്‌ എം തുടങ്ങിയവയിൽ ശക്തമായ വാങ്ങൽ താൽപര്യം ദൃശ്യമായി. അതേ സമയം വിൽപ്പന സമ്മർദ്ദത്തിൽ ആർ.ഐ.എൽ, ടി.സി.എസ്‌, എയർടെൽ, സൺ ഫാർമ്മ, ടാറ്റാ സ്‌റ്റീൽ, എൽ ആൻറ്‌ റ്റി തുടങ്ങിയവ തളർന്നു.

ഫോറെക്‌സ്‌ മാർക്കറ്റിൽ രൂപയുടെ മൂല്യം വീണ്ടും കുറഞ്ഞു. 77.54 ൽ നിന്നും രൂപ 77.59 ലേയ്‌ക്ക്‌ നീങ്ങി. ഈ വാരം 77.25 ലേയ്‌ക്ക്‌ മികവ്‌ കാണിക്കാൻ ശ്രമം നടത്താം. രാജ്യാന്തര വിപണിയിൽ ക്രൂഡ്‌ ഓയിൽ വില ബാരലിന്‌ 115 ഡോളറിലേയ്‌ക്ക്‌ കയറി. യു എസ്‌ എണ്ണ ഉൽപാദനത്തിലെ കുറവാണ്‌ വിപണി ചൂടുപിടിക്കാൻ ഇടയാക്കിയത്‌.

Tags:    
News Summary - stock market review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT