വിപണിയെ പിടിച്ചു നിർത്താൻ വജ്രായുധം പുറത്തെടുത്ത് ആർ.ബി.ഐ

കൊച്ചി: കരടികളെയും മാന്ദ്യത്തെയും വിപണിയിൽ നിന്ന്‌ തുരത്താൻ കേന്ദ്ര ബാങ്ക്‌ വാരാന്ത്യം വജ്രായുധമെടുത്തു. സ്ഥിതി സങ്കീർണ്ണമാകുമെന്ന തിരിച്ചറിവിൽ ഒരു വിഭാഗം കരടികൾ വിപണിയിൽ നിന്ന്‌ ഓടി മറഞ്ഞുവെങ്കിലും ഇൻഡക്‌സുകളെ ബാധിച്ച ദുർബലാവസ്ഥ തുടരുന്നു.

മൂന്നാഴ്‌ച്ചയായി തുടരുന്നു തിരിച്ചടികളിൽ നിന്നും രക്ഷനേടാൻ ഇന്ത്യൻ ഓഹരി വിപണിക്കായില്ലെങ്കിലും സൂചികയിലെ തകർച്ചയെ താൽക്കാലികമായി പിടിച്ചു നിർത്താൻ കേന്ദ്ര ബാങ്കിനായി. നാണയപെരുപ്പം കൈപിടിയിൽ ഒതുക്കാൻ ആർ. ബി.ഐ വായ്പ്പാ നിരക്ക് 50 ബേസിസ് പോയിൻറ് ഉയർത്തി 5.90 ശതമാനമാക്കി. പിന്നിട്ട അഞ്ച്‌ മാസത്തിനിടയിൽ പലിശ നിരക്കിൽ 1.90 ശതമാനം വർദ്ധയാണ്‌ വരുത്തിയത്‌.

കഴിഞ്ഞ എട്ട്‌ മാസമായി പണപ്പെരുപ്പം കടിഞ്ഞാൺ പൊട്ടിച്ച്‌ കുതിച്ചതോടെ ധനമന്ത്രാലയം സ്ഥിതിഗതി നിയന്ത്രിക്കാൻ പലിശ നിരക്ക്‌ ഉയർത്തുകയാണ്‌. യു എസ്‌ ഡോളറിന്റെ മൂല്യത്തിലെ വർധനയും റഷ്യ‐ഉക്രൈയിൻ യുദ്ധവും ആഗോള സാമ്പത്തിക മേഖലയിൽ വൻ പ്രത്യാഘാതം സൃഷ്‌ടിച്ചു.

യുദ്ധാരംഭ വേളയിൽ ബാരലിന്‌ 130 ഡോളറിലേയ്‌ക്ക്‌ നീങ്ങിയ ക്രൂഡ്‌ ഓയിൽ വില നിലവിൽ 79 ഡോളറിലേയ്‌ക്ക്‌ ഇടിഞ്ഞങ്കിലും ആഭ്യന്തര വില കുറക്കാതെ എണ്ണ കമ്പനികൾ ലാഭം ഉയർത്താൻ നടത്തിയ നീക്കങ്ങൾ ഒരു പരിധി വരെ നാണയപ്പെരുപ്പം വർധിക്കാൻ ഇടയാക്കി. വിപണി വിലയെക്കാൾ താഴ്‌ത്തി റഷ്യ ക്രൂഡ്‌ ഓയിൽ റെക്കോർഡ്‌ അളവിൽ ഇന്ത്യയിലേയ്‌ക്ക്‌ കയറ്റുമതി നടത്തിയെങ്കിലും അതിൻറ്റ നേട്ടം ജനങ്ങളിലേയ്‌ക്ക്‌ എത്തിക്കാൻ കേന്ദ്രം തയ്യാറായില്ല.

വാരാന്ത്യ ദിനത്തിൽ ബോംബെ ഓഹരി സൂചികയിൽ 1000 പോയിൻറ്റ്‌ കുതിച്ചു ചാട്ടം ദൃശ്യമായെങ്കിലും പിന്നിട്ടവാരം സൂചിക 672 പോയിന്റ് നഷ്‌ടത്തിലാണ്‌. മുൻവാരത്തിലെ 58,098 ൽ നിന്നും സെൻസെക്‌സ്‌ 56,147 വരെ ഇടിഞ്ഞു. വാരാന്ത്യം പലിശ നിരക്ക്‌ ഉയർത്തിയ പ്രഖ്യാപനം ഊഹക്കച്ചവടക്കാരെയും ഫണ്ടുകളെയും ഷോട്ട്‌ കവറിങിന്‌ പ്രേരിപ്പിച്ചത്‌ താഴ്‌ച്ചയിൽ നിന്നും സൂചികയെ 57,722 പോയിൻറ്റ്‌ വരെ ഉയർത്തി.

മാർക്കറ്റ്‌ ക്ലോസിങിൽ 57,426 ൽ നിലകൊള്ളുന്ന സെൻസെക്‌സിന്‌ ഈ വാരം 58,050 ലും 58,675 പോയിന്റിലും പ്രതിരോധം നേരിടാം. പുതിയ വാങ്ങലുകാരെ ആകർഷിക്കാനായില്ലെങ്കിൽ വിപണി വീണ്ടും തിരുത്തലിൽ അകപ്പെട്ടാൽ 56,474 ൽ താങ്ങുണ്ട്‌.

17,320 ൽ നിന്നും നിഫ്‌റ്റി സൂചിക ഒരവസരത്തിൽ 16,747 ലേയ്‌ക്ക്‌ ഇടിഞ്ഞ ശേഷമുള്ള പുൾ ബാക്ക്‌ റാലിയിൽ 17,187 പോയിന്റ് വരെ കുതിച്ച ശേഷം ക്ലോസിങിൽ 17,094 ലാണ്‌.

വിദേശ ഫണ്ടുകളിൽ നിന്നുള്ള വിൽപ്പന തരംഗത്തിൽ മുൻ നിര ഓഹരിയായ മാരുതിയുടെ ഓഹരി വില അഞ്ചര ശതമാനം ഇടിഞ്ഞു. ടാറ്റാ സ്‌റ്റീൽ, ആക്‌സിസ്‌ ബാങ്ക്‌ തുടങ്ങിയവയുടെ വില നാലര ശതമാനം കുറഞ്ഞു. ആർ.ഐ.എൽ, എസ്‌.ബി. ഐ, ഐ.ടി.സി, ടാറ്റാ മോട്ടേഴ്‌സ്‌, ഐ.സി.ഐ.സി.ഐ ബാങ്ക്‌, എച്ച്‌.ഡി.എഫ്‌.സി, എച്ച്‌.ഡി.എഫ്‌.സി ബാങ്ക്‌, ക്വാട്ടക്ക്‌ മഹീന്ദ്ര ബാങ്ക്‌, വിപ്രോ തുടങ്ങിയവയ്‌ക്ക്‌ രണ്ട്‌ മുതൽ നാല്‌ ശതമാനം വരെ ഇടിവ്‌ നേരിട്ടു. അതേ സമയം നാല്‌ ശതമാനം മികവുമായി ഡോ: റെഡീസ്‌ ഓഹരി മുന്നേറി. ഇൻഫോസിസ്‌, എച്ച്‌.സി.എൽ ടെക്‌, ടി.സി.എസ്‌, എയർടെൽ, എച്ച്‌ യു എൽ, സൺ ഫാർമ്മ തുടങ്ങിയവയുടെ നിരക്ക്‌ ഉയർന്നു.

ന്യൂയോർക്കിൽ സ്വർണ വില ഔൺസിന്‌ 1644 ഡോളറിൽ നിന്നും 1615 ലേയ്‌ക്ക്‌ ഇടിഞ്ഞ അവസരത്തിൽ ഡോളർ സൂചികയിൽ ദൃശ്യമായ ഉണർവ്‌ ഓപ്പറേറ്റർമാരെ കവറിങിന്‌ പ്രേരിപ്പിച്ചു. ഇതിനിടയിൽ ഒരു വിഭാഗം ഫണ്ടുകൾ നിക്ഷേപത്തിന്‌ ഉത്സാഹിച്ചതോടെ സ്വർണം താഴ്‌ന്ന റേഞ്ചിൽ നിന്നും 1676 ലേയ്‌ക്ക്‌ ഉയർന്നു, ക്ലോസിങിൽ 1661 ഡോളറിലാണ്‌.

Tags:    
News Summary - Stock market review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT