കൊച്ചി: നാലാഴ്‌ച്ചയിലെ ബുൾ റാലിക്ക് ഒടുവിൽ വിപണി കരടി വലയത്തിലേക്ക്. പിന്നിട്ട പല വാരങ്ങളിലും വിപണിയെ നിത്യേനെ ഉയർത്തിയ വിദേശ ഫണ്ടുകൾ ലാഭമെടുപ്പിലേയ്‌ക്ക് ചുവടു മാറ്റിയത് സൂചികയുടെ കാലിടറാൻ കാരണമായി. ആഴ്ചയുടെ തുടക്കത്തിൽ വാങ്ങലുകാരും വിൽപ്പനക്കാരും തമ്മിൽ ശക്തമായ മത്സരമാണ് വിപണിയിൽ അരങ്ങറിയതെങ്കിലും വിട്ടു കൊടുക്കാൻ ഇരു വിഭാഗം തയാറാവാഞ്ഞതിനാൽ മുൻ നിര ഇൻഡക്‌സുകൾ നേരിയ റേഞ്ചിലാണ് പല അവസരത്തിലും നീങ്ങിയത്. വ്യാപാരാന്ത്യം ബോംബെ സെൻസെക്‌സ് 131 പോയിൻറ്റും നിഫ്‌റ്റി 42 പോയിൻറ്റും നഷ്‌ടത്തിലാണ്.
ആഭ്യന്തര വിപണിയിൽ നിന്നും അനുകൂലവും പ്രതികൂലവുമായ വാർത്തകളുടെ അഭാവം ഒരു പരിധി വരെ ഓപ്പറേറ്റർമാരെ നിശബ്‌ദരാക്കി. വിദേശ മാർക്കറ്റുകളിലേക്ക് ഫണ്ടുകൾ ശ്രദ്ധതിരിച്ചെങ്കിലും അവിടെ നിന്നും പ്രതീക്ഷിച്ച ഫലം ലഭ്യമായില്ല. ഇതിനിടയിൽ പണപെരുപ്പം പിടിച്ചു നിർത്താൻ അഞ്ച് ശതമാനത്തിൽ അധികം പലിശ നിരക്ക് ഉയർത്തണമെന്ന് ഫെഡ് പ്രസിഡന്റിൽ നിന്നുള്ള സൂചന ഏഷ്യൻ മാർക്കറ്റിനെ വാരാന്ത്യം പിടിച്ച് ഉലച്ചു. അതേസമയം വെള്ളിയാഴ്‌ച്ച യു.എസ് ‐യൂറോപ്യൻ വിപണികൾ മികവ് നിലനിർത്തിയത് അടുത്ത വാരം ഏഷ്യൻ മാർക്കറ്റുകളുടെ തിരിച്ചു വരവിന് അവസരം ഒരുക്കാം.
പിന്നിട്ട നാലാഴ്‌ച്ചകളിൽ നിക്ഷേപത്തിന് മത്സരിച്ച വിദേശ ധനകാര്യസ്ഥാപനങ്ങൾ പോയവാരം 1358 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. അതേസമയം രണ്ട് ദിവസങ്ങളിലായി അവർ 1707 കോടിയുടെ നിക്ഷേപത്തിനും താൽപര്യം കാണിച്ചു. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ 549 കോടി രൂപയുടെ വിൽപ്പനയും 2823 കോടിയുടെ നിക്ഷേപത്തിനും തയ്യാറായി. ആഭ്യന്തര ഫണ്ടുകൾ വാങ്ങലിലേക്ക് തിരിഞ്ഞതാണ് വിദേശ ഇടപാടുകാരെ ലാമെടുപ്പിന് പ്രേരിപ്പിച്ചത്.
ബോംബെ ഓഹരി സൂചിക മുൻവാരത്തിലെ 61,795 ൽ നിന്നു ഒരു വേള 62,052 ലേയ്ക്ക് ചുവടുവെച്ചെങ്കിലും ഉയർന്ന തലത്തിൽ ലാഭമെടുപ്പിനും വിൽപ്പനയ്‌ക്കും ഓപ്പറേറ്റർമാർ നീക്കം തുടങ്ങിയതോടെ സൂചിക മുന്നേറാൻ ക്ലേശിച്ചു. വാരാന്ത്യം പൊടുന്നനെ സെൻസെക്‌സ് 61,337 ലേയ്‌ക്ക് താഴ്‌ന്ന ശേഷം ക്ലോസിങിൽ 61,663 പോയിൻറ്റിലാണ്. ഈ വാരം 61,310 ലെ ആദ്യ താങ്ങ് നിലനിർത്തി 62,050 ലേയ്‌ക്ക് തിരിച്ചു വരവിന് ശ്രമം നടത്താം. ഈ നീക്കത്തിന് ബുൾ ഇടപാടുകാരുടെ പിൻതുണ ഉറപ്പ് വരുത്താനായാൽ 62,400 നെ കൈപിടിയിൽ ഒതുക്കാൻ നീക്കം നടത്താം. ആദ്യ സപ്പോർട്ട് നിലനിർത്താനായില്ലെങ്കിൽ സാങ്കേതിക തിരുത്തൽ 60,970‐60,250 വരെ നീളാം.
18,350 ൽ നിന്നും നിഫ്‌റ്റി 18,442 വരെ ഉയരാനായുള്ളു, ഇതിനിടയിൽ വിൽപ്പനക്കാർ രംഗത്ത് ഇറങ്ങിയെങ്കിലും സൂചികയ്‌ക്ക് 18,300 ലെ സപ്പോർട്ട് നിലനിർത്തിയത് വ്യാഴാഴ്‌ച്ച വരെ വിപണിയെ താങ്ങി നിർത്തി. വെള്ളിയാഴ്‌ച്ച സൂചിക 18,200 റേഞ്ചിലേയ്‌ക്ക് തളർന്നെങ്കിലും മാർക്കറ്റ് ക്ലോസിങിലെ തിരിച്ചു വരവിൽ നിഫ്‌റ്റി 18,307 പോയിന്റിലാണ്.
മുൻ നിര ബാങ്കിംഗ് ഓഹരികളിൽ വാങ്ങൽ താൽപര്യം ദൃശ്യമായി. എസ്.ബി.ഐ, ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, എച്ച്.ഡി.എഫ്.സി, ആക്‌സിസ് ബാങ്ക് തുടങ്ങിയവ ശ്രദ്ധിക്കപ്പെട്ടു. ഇൻഫോസിസ്, ടി.സി.എസ്, എച്ച്.സി എൽ ടെക്, ടെക് മഹീന്ദ്ര, എയർടെൽ, എൽ ആൻറ് ടി തുടങ്ങിയ ഓഹരികളും മികവ് കാണിച്ചു. വിൽപ്പന സമ്മർദ്ദം മൂലം എം ആൻറ് എം ഓഹരി വില നാലര ശതമാനം ഇടിഞ്ഞ് 1220 രൂപയായി.
നാല് ശതമാനത്തിൽ അധികം താഴ്‌ന്ന് ഐ.ടി.സി ഓഹരി വില 341 രൂപയായി. ആർ.ഐ.എൽ, ഡോ:റെഡീസ്, ടാറ്റാ സ്‌റ്റീൽ, മാരുതി തുടങ്ങിയവയ്‌ക്ക് തിരിച്ചടി നേരിട്ടു. വിനിമയ വിപണിയിൽ രൂപ 80.80 ൽ നിന്നും 81.69 ലേയ്‌ക്ക് ദുർബലമായി. രൂപയുടെ ചലനങ്ങൾ വിലയിരുത്തിയാൽ 82 ലേയ്‌ക്ക് തളരുന്ന ദിനങ്ങൾ വിദൂരമല്ല. ഡോളർ ശേഖരിക്കാൻ എണ്ണ ഇറക്കുമതിക്കാരും മറ്റ് വ്യവസായികളും രംഗത്തുണ്ട്.
സ്വർണ വില ട്രോയ് ഔൺസിന് 1772 ഡോളറിൽ നിന്നും വാരാരംഭത്തിൽ 1785 ലേയ്‌ക്ക് മുന്നേറിയെങ്കിലും പുതിയ വാങ്ങലുകാരുടെ അഭാവം മഞ്ഞലോഹത്തിൻറ്റ തിളക്കത്തിന് മങ്ങൽ ഏൽപ്പിച്ചു. വാരാവസാനം സ്വർണ വില 1750 ലേക്ക് താഴ്‌ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.