തിളക്കമാർന്ന പ്രകടനത്തോടെ 2022നോട് വിടപറഞ്ഞ് ഓഹരി സൂചികകൾ

കൊച്ചി: തിളക്കമാർന്ന പ്രകടനം കാഴ്‌ച്ചവെച്ച്‌ ബോംബെ സെൻസെക്‌സും നിഫ്‌റ്റിയും 2022 നോട്‌ വിടപറഞ്ഞു, പിന്നിട്ട ഒരു വർഷകാലയളവിൽ ഇൻഡക്‌സുകൾ നാല്‌ ശതമാനം മികവിലാണ്‌. ബി.എസ്‌.ഇ സൂചിക 2586 പോയിന്റും എൻ. എസ്‌.ഇ സൂചിക 751 പോയിന്റും പിന്നിടുന്ന വർഷം ഉയർന്നു.

രാജ്യാന്തര തലത്തിലെ വൻ പ്രതിസന്ധികൾക്കിടയിലാണ് സൂചികകൾ മികവ്‌ കാഴ്‌ച്ചവെച്ചത്‌. പോയവാരം ബോംബെ സൂചിക 995 പോയിന്റും നിഫ്‌റ്റി 298 പോയിന്റും കയറി. പിന്നിട്ടവാരം ടാറ്റാ സ്‌റ്റീൽ പത്ത്‌ ശതമാനം നേട്ടവുമായി 112 രൂപയായി. എസ്‌.ബി.ഐ എഴ്‌ ശതമാനം ഉയർന്ന്‌ 613 രൂപയിലും ഇൻഡസ്‌ ബാങ്ക്‌ ആറര ശതമാനം കരുത്തിൽ 1221 രൂപയും ഉയർന്നു. ആർ.ഐ.എൽ, ഐ.സി.ഐ.സി.ഐ ബാങ്ക്‌, എച്ച്‌.ഡി.എഫ്‌.സി ബാങ്ക്‌, വിപ്രോ, ഇൻഫോസിസ്‌, ടി.സി.എസ്‌, എച്ച്‌.സി.എൽ ടെക്, എൽ ആൻറ്‌ റ്റി തുടങ്ങിയവ ശ്രദ്ധിക്കപ്പെട്ടു.

സെൻസെക്‌സ്‌ ജനുവരി ആദ്യം 56,400 റേഞ്ചിലാണ്‌ വ്യാപാരം ആരംഭിച്ചത്‌. ഇതിനിടയിൽ റഷ്യ‐ഉക്രൈയൻ സംഘർഷാവസ്ഥ പെട്രോളിയം വിലക്കയറ്റത്തിനും നാണയപ്പെരുപ്പത്തിനും ഇടയാക്കിയത്‌ ആഗോള ഓഹരി വിപണികളെ സമ്മർദ്ദത്തിലാക്കി. പ്രതികൂല വാർത്തകളിൽ ബോംബെ സൂചിക 50,900 ലേയ്‌ക്ക്‌ ഇടിഞ്ഞത്‌ ചെറുകിട ഓഹരി നിക്ഷപകരിൽ പിരിമുറുക്കമുളവാക്കി.

സൂചികയുടെ തകർച്ചയ്‌ക്ക്‌ ഇടയിൽ വിദേശ ധനകാര്യസ്ഥാപനങ്ങൾ വാങ്ങലുകാരായി മാറിയത്‌ വർഷത്തിന്റെ രണ്ടാം പകുതിയിൽ തിരിച്ച്‌ വരവിന്‌ അവസരം ഒരുക്കി. ഇതോടെ മുൻ റെക്കോർഡ്‌‌ തകർത്ത്‌ സെൻസെക്‌സ്‌ 63,583 പോയിൻറ്‌ വരെ ഉയർന്നു. ഡിസംബറിലെ അവസാന ഇടപാടുകൾ പുർത്തിയാവുമ്പോൾ സൂചിക 60,840 പോയിന്റിലാണ്‌.

ജനുവരി ആദ്യം 16,800 പോയിന്റിൽ ഇടപാടുകൾ ആരംഭിച്ച നിഫ്‌റ്റി പല അവസരത്തിലും മുന്നേറാൻ നീക്കം നടത്തിയെങ്കിലും 18,604 ലെ റെക്കോർഡ്‌ തകർക്കാൻ വിപണിക്ക്‌ നവംബർ അവസാനം വരെ കാത്തിരിക്കേണ്ടിവന്നു.ബുൾ റാലയിൽ സൂചിക ഏറ്റവും ഉയർന്ന നിലവാരമായ 18,887 പോയിൻറ്‌ വരെ ഡിസംബർ ആദ്യം സഞ്ചരിച്ചു. വെളളിയാഴ്‌ച്ച വ്യാപാരം അവസാനിക്കുമ്പോൾ നിഫ്‌റ്റി 18,105 പോയിൻറിലാണ്‌.

പിന്നിട്ട വാരം വിദേശ ധനകാര്യസ്ഥാപനങ്ങൾ എല്ലാ ദിവസവും കൈവശമുള്ള ഓഹരികൾ വിൽപ്പനക്ക്‌ ഉത്സാഹിച്ചു. അവർ മൊത്തം 5763 കോടി രൂപയുടെ ഓഹരികൾ വിറ്റു, ആഭ്യന്തര ഫണ്ടുകൾ 5063 കോടിയുടെ നിക്ഷേപം ഈ അവസരത്തിൽ നടത്തി.

രൂപയ്‌ക്ക്‌ റെക്കോർഡ്‌ തകർച്ച നേരിട്ട വർഷമാണ്‌ പിന്നിടുന്നത്‌. ജനുവരിയിൽ ഡോളറിന്‌ മുന്നിൽ 74.15 ൽ നിലകൊണ്ട വിനിമയ നിരക്ക്‌ 73.76 വരെ ശക്തിപ്രാപിച്ചെങ്കിലും വിദേശ നിക്ഷേപകർ പണം തിരിച്ച്‌ പിടിക്കാൻ കാണിച്ച തിടുക്കം മൂലം രൂപ ചരിത്രത്തിലെ ഏറ്റവും ദുർബലമായ അവസ്ഥയായ 83.28 ലേയ്‌ക്ക്‌ ഇടിഞ്ഞു, വ്യാപാരം അവസാനിക്കുമ്പോൾ രൂപയുടെ മൂല്യം 82.71ലാണ്‌.

Tags:    
News Summary - Stock market review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT