പുതുവർഷത്തിന്റെ ആദ്യ ആഴ്ചയിൽ നഷ്ടത്തോടെ വിപണി; വരുംനാളുകളിൽ പ്രതീക്ഷയർപ്പിച്ച് നിക്ഷേപകർ

മുംബൈ: പുതുവർഷത്തിൻറ്റ ആദ്യ വാരം ഇന്ത്യൻ ഓഹരി വിപണി നഷ്‌ടത്തിൻറ കണക്കുകളാണ്‌ നൽകിയത്‌. വിദേശ ധനകാര്യസ്ഥാപനങ്ങൾ വർഷാരംഭം മുതൽ വിൽപ്പനക്കാരായി രംഗത്ത്‌ നിറഞ്ഞു നിന്നതിനാൽ മുന്നേറാൻ വിപണി നടത്തിയ ശ്രമങ്ങൾ വിജയം കണ്ടില്ല. അതേസമയം ആഗോള വിപണികളെല്ലാം തന്നെ നേട്ടത്തിലാണ്‌ വെളളിയാഴ്‌ച്ച വ്യാപാരം അവസാനിപ്പിച്ചത്‌. ബോംബെ സെൻസെക്‌സ്‌ 940 പോയിന്റും നിഫ്‌റ്റി 245 പോയിന്റും പ്രതിവാര നഷ്‌ടത്തിലാണ്‌.

പിന്നിട്ട വർഷം ആഗോള തലത്തിൽ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു വിപണിക്ക്‌ പുതുവർഷത്തിന്റെ തുടക്കത്തിൽ കാലിടറിയത്‌ നിക്ഷേപകരെ രംഗത്ത്‌ നിന്നും അൽപ്പം പിൻതിരിപ്പിക്കാം. പലിശ ഭാരം ഇരട്ടിക്കുമെന്ന ആശങ്കയിലാണ്‌ ഒരു വിഭാഗം നിക്ഷേപകർ.

അടുത്ത മാസം റിസർവ്‌ ബാങ്ക്‌ വായ്‌പ അവലോകനത്തിലായി ഒത്ത്‌ ചേരും. കാൽ ശതമാനം മുതൽ അര ശതമാനം വരെ പലിശ നിരക്ക്‌ ഉയർത്തുമെന്ന ആശങ്കയുള്ളതിനാൽ കരുതലോടെയാണ്‌ ഇടപാടുകാർ നീക്കം നടത്തുന്നത്‌. ഉയർന്ന റേഞ്ചിൽ ലാഭമെടുപ്പ്‌ നടത്തി തിരുത്തലുകളിൽ പുതിയ നിക്ഷേപങ്ങൾക്കുള്ള തയ്യാറെടുപ്പിലാണ്‌ പലരും.

കോപ്പറേറ്റ്‌ മേഖലയിൽ നിന്നുള്ള ത്രൈമാസ പ്രവർത്തന റിപ്പോർട്ടുകളുടെ വരവ്‌ ഈവാരം സൂചികയിൽ ചാഞ്ചാട്ടമുളവാക്കാം. ഐ റ്റി മേഖലയുടെ പ്രവർത്തനങ്ങളെ നിക്ഷേപകർ സസൂക്ഷ്‌മം വിലയിരുത്തുന്നു. ധനമന്ത്രാലയം ബജറ്റിനുള്ള ഒരുക്കത്തിലാണ്‌, ഫെബ്രുവരി ഒന്നിനാണ്‌ ബജറ്റ്‌ പ്രഖ്യാപനം.

വിദേശ ഫണ്ടുകൾ സൃഷ്‌ടിച്ച വിൽപ്പന സമ്മർദ്ദം മുൻ നിര ഓഹരികളെ തളർത്തി. പോയവാരം അവർ 7813 കോടി രൂപയുടെ ഓഹരികൾ വിറ്റുമാറി. സൂചികയുടെ തകർച്ചയ്‌ക്ക്‌ ഇടയിൽ 2951 കോടി രൂപയുടെ ഓഹരികൾ ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ വാരികൂട്ടി.

ഓഹരി സൂചികയിലെ തളർച്ച വിനിമയ വിപണിയിൽ രൂപയുടെ മൂല്യത്തിൽ വൻ ചാഞ്ചാട്ടം സൃഷ്‌ടിച്ചു. വർഷാരംഭത്തിൽ ഡോളറിന്‌ മുന്നിൽ 82.71 ൽ നീങ്ങിയ വിനിമയ നിരക്ക്‌ വാരമദ്ധ്യം 82.99 ലേയ്‌ക്ക്‌ ദുർബലമായെങ്കിലും പിന്നീട്‌ 82.38 ലേയ്‌ക്ക്‌ തിരിച്ച്‌ വരവ്‌ നടത്തി. എന്നാൽ മാർക്കറ്റ്‌ ക്ലോസിങിൽ രൂപയുടെ മൂല്യം പഴയ നിലവാരത്തിലാണ്‌.

സെൻസെക്‌സ്‌ 60,840 ൽ നിന്നും 61,294 വരെ ഉയർന്നഘട്ടത്തിൽ അലയടിച്ച വിൽപ്പന തരംഗം സൂചികയെ 59,669 ലേയ്‌ക്ക്‌ താഴ്‌ത്തി. വെളളിയാഴ്‌ച്ച ഇടപാടുകൾ അവസാനിക്കുമ്പോൾ സൂചിക 59,900 പോയിന്റിലാ. ഈവാരം വിപണി തിരിച്ച്‌ വരവിന്‌ ശ്രമം നടത്തിയാൽ 60,900 റേഞ്ചിൽ ആദ്യ പ്രതിരോധം നിൽക്കുന്നു, ഇത്‌ മറികടന്നാൽ സെൻസെക്‌സ്‌ 61,912 വരെ ഉയരാം. വിപണിക്ക്‌ 59,280 താങ്ങ്‌ നിലനിർത്താൻ ക്ലേശിച്ചാൽ സൂചിക 58,660 റേഞ്ചിലേയ്‌ക്ക്‌ തളരാം.

നിഫ്‌റ്റിക്ക്‌ 18,000 പോയിന്റിലെ നിർണായക സപ്പോർട്ട്‌ നഷ്‌ടപ്പെട്ട അവസ്ഥയിലാണ്‌. 18,105 ൽ ഈ വർഷം ഇടപാടുകൾ പുനരാരംഭിച്ച നിഫ്‌റ്റി തുടക്കത്തിൽ 18,236 വരെ ഉയർന്ന്‌ നിക്ഷേപകരെ ആകർഷിച്ചവേളയിൽ വിൽപ്പനക്കാർ സംഘടിത ആക്രമണം അഴിച്ച്‌ വിട്ടതോടെ നിഫ്‌റ്റി 17,995 വരെ ഇടിഞ്ഞ ശേഷം ക്ലോസിങിൽ 17,859 പോയിന്റിണ്‌. ഈവാരം 17,600 പോയിന്റ് നിർണായകമാണ്‌. ഈ സപ്പോർട്ട്‌ നഷ്‌ടപ്പെട്ടാൽ നിഫ്‌റ്റി 16,749 റേഞ്ചിലേയ്‌ക്ക്‌ മാസാവസാനം സാങ്കേതിക തിരുത്തലുകൾ നടത്താം.

വിൽപ്പന സമ്മർദ്ദത്തിന്‌ മുന്നിൽ പിടിച്ചു നിൽക്കാനാവാതെ ബജാജ്‌ ഫിനാൻസിന്‌ കാലടിറി, ഓഹരി വില ഒമ്പത് ശതമാനം ഇടിഞ്ഞ്‌ 5980 രുപയായി. ഇൻഫോസിസ്‌ ഓഹരി വില നാല്‌ ശതമാനം കുറഞ്ഞ്‌ 1448 രൂപയിലാണ്‌. വിപ്രോ, ടി.സി.എസ്, എച്ച്‌.സി.എൽ, എസ്‌.ബി.ഐ, ഐ.സി.ഐ.സി.ഐ ബാങ്ക്‌, എച്ച്‌.ഡി.എഫ്‌.സി ബാങ്ക്‌, ഇൻഡസ്‌ ബാങ്ക്‌, എയർടെൽ, ടാറ്റാ മോട്ടേഴ്‌സ്‌ തുടങ്ങിയവയുടെ നിരക്കും കുറഞ്ഞു. അതേ സമയം വാങ്ങലുകാർ ടാറ്റാ സ്‌റ്റീൽ, എം ആൻറ്‌ എം, ഐ.ടി.സി, സൺ ഫാർമ്മ, എച്ച്‌.യു.എൽ എന്നിവയിൽ വാങ്ങൽ താൽപര്യം ദൃശ്യമാണ്.

Tags:    
News Summary - Stock market review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT