കൊച്ചി: ആഭ്യന്തര‐വിദേശ ധനകാര്യസ്ഥാപനങ്ങൾ ഈ വർഷം ഇതാദ്യമായി ഒന്നിച്ച് വാങ്ങലുകാരായിചുവട് ഉറപ്പിച്ചിട്ടും പ്രതിവാര നേട്ടമുണ്ടാക്കാനാവാതെ മുൻ നിര ഇൻഡക്‌സുകൾ. സെൻസെക്‌സ് 317 പോയിൻറ്റും നിഫ്‌റ്റി 91പോയിൻറ്റ് നഷ്‌ടത്തിലാണ്. അവധി വ്യാപാരത്തിൽ സെറ്റിൽമെൻറ് അടുത്തതിനാൽ ഫണ്ടുകൾ ഷോട്ട് കവറിങിന് വാരമദ്ധ്യം മുതൽ ഉത്സാഹിച്ചത് മുന്നേറ്റത്തിന് അവസരം ഒരുക്കിയെങ്കിലും വാരാന്ത്യം അലയടിച്ച് വിൽപ്പന സമ്മർദ്ദം വിപണിയെ തളർത്തി.
അദാനി ഗ്രൂപ്പിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ രണ്ടാഴ്‌ച്ച മുൻപ് വിദേശ ഫണ്ടുകൾ കനത്തതോതിൽ ഷോർട്ട് പൊസിഷനുകൾ സൃഷ്‌ടിച്ചിരുന്നു. എന്നാൽ സ്ഥിതിഗതികളിൽ മാറ്റം സംഭവിച്ചതായുള്ള വിലയിരുത്തൽ ഊഹക്കച്ചവടക്കാരെ പൊസിഷനുകൾ കുറക്കാൻ പ്രേരിപ്പിച്ചു. പിന്നിട്ട പല ദിവസങ്ങളിലും ക്യാഷ് മാർക്കറ്റിൽ സ്ഥിരമായി പുതിയ വാങ്ങലുകൾക്കും വിദേശ ഓപ്പറേറ്റർമാർ തയ്യാറായതും ശുഭസൂചനയായി ബുൾ ഇടപാടുകാർ വിലയിരുത്തുന്നു.
പിന്നിട്ടവാരം ബാങ്കിങ്, ടെക്‌നോളജി വിഭാഗങ്ങളിൽ അലയടിച്ച വിൽപ്പന മുൻ നിര സൂചികകളെ തളർത്തി. നിഫ്റ്റി ഓയിൽ ആൻറ് ഗ്യാസ് മാത്രമാണ് നേട്ടമുണ്ടാക്കിയത്. മുൻ നിര ഓഹരിയായ ടെക് മഹീന്ദ്രയുടെ വില പത്ത് ശതമാനത്തിൽ അധികം ഉയർന്ന് 1128 രൂപയായി. ആർ.ഐ.എൽ നാലര ശതമാനം കയറി 2439 രൂപയായി.
ടാറ്റാ സ്‌റ്റീൽ, ഐ.ടി.സി, എൽ ആൻറ് ടി, എയർടെൽ, ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി, വിപ്രോ തുടങ്ങിയവയിലും നിക്ഷേപകർ താൽപര്യം കാണിച്ചു. എച്ച്.യു.എൽ, സൺ ഫാർമ്മ, എസ്.ബി.ഐ, ആക്‌സിസ് ബാങ്ക്, ടാറ്റാ മോട്ടേഴ്‌സ്, എം ആൻറ് എം, ഇൻഫോസീസ്, ടി.സി.എസ്, എച്ച്.സി.എൽ ടെക് തുടങ്ങിയവയ്‌ക്ക് തിരിച്ചടി നേരിട്ടു.
പ്രതീക്ഷിച്ച പോലെ തന്നെ ശക്തമായ മത്സരമാണ് വാങ്ങലുകാരും വിൽപ്പനക്കാരും വാരമദ്ധ്യം മുതൽ കാഴ്‌ച്ചവെച്ചത്. 60,682 ൽ നിന്നും ബോംബെ സെൻസെക്‌സ് വാരത്തിന്റെ ആദ്യ പകുതിയിൽ 60,245 ലേയ്‌ക്ക് താഴ്‌ന്ന അവസരത്തിൽ വാങ്ങലുകാർ സംഘടിതമായ രംഗത്ത് ഇറങ്ങിയത് സുചികയെ പിന്നീട് 61,686 വരെ ഉയർത്തി.
എന്നാൽ ഉയർന്ന റേഞ്ചിൽ അധിക നേരം പിടിച്ചു നിൽക്കാൻ വിപണിക്കായില്ല. വാരാന്ത്യ ദിനം 60,810ലേയ്‌ക്ക് ഇടിഞ്ഞങ്കിലും വ്യാപാരാന്ത്യം മുൻവാരം സൂചിപ്പിച്ച ആദ്യ പ്രതിരോധമായ 61,000 പോയിൻറ് കടന്ന് 61,002 ലാണ്.ബുൾ ഇടപാടുകാരെ സംബന്‌ധിച്ച് ഏറെ ആത്‌മവിശ്വാസം പകരുന്ന ക്ലോസിങ് കാഴ്‌ച്ചവെക്കാൻ സെൻസെക്‌സിനായി. വിപണിയുടെ സാങ്കേതിക ചലനങ്ങൾ വിലയിരുത്തിയാൽ 61,700 റേഞ്ചിലേയ്‌ക്ക് തിരിച്ചു വരവിന് ഈ വാരംനടത്തുന്ന ശ്രമങ്ങൾ വിജയിച്ചാൽ അടുത്ത ലക്ഷ്യം 62,420 പോയിൻറ്റായി മാറും. അതേ സമയം ഒരിക്കൽ കൂടി വിൽപ്പനക്കാരുടെ നിയന്ത്രത്തിൽ അകപ്പെട്ടാൽ 60,270 റേഞ്ചിൽ ആദ്യ താങ്ങ് പ്രതീക്ഷിക്കാം.
നിഫ്‌റ്റി സൂചിക 17,856 പോയിൻറ്റിൽ നിന്നും ഓപ്പണിങ് ദിനത്തിൽ തന്നെ 17,720 റേഞ്ചിലേയ്‌ക്ക്‌താഴ്‌ന്നത് അവസരമാക്കി ഷോട്ട് കവറിങിന് ഓപ്പറേറ്റർമാർ മത്സരിച്ച് ഇറങ്ങി. ഇതോടെ സൂചിക 18,000 വും കടന്ന് 18,100 ന്‌മുകളിലെത്തിയെങ്കിലും ഇടപാടുകളുടെ അവസാന ദിനത്തിൽ കരുത്ത് നിലനിർത്താനാവാതെ 17,944ലേയ്‌ക്ക് താഴ്‌ന്നു.
വിദേശ ഫണ്ടുകൾ പിന്നിട്ട വാരം ആദ്യ നാല് ദിവസങ്ങളിൽ നിക്ഷപകരായി മൊത്തം 4630 കോടിരൂപയുടെ ഓഹരികൾ വാരികൂട്ടി. എന്നാൽ വെളളിയാഴ്‌ച്ച അവർ 625 കോടിയുടെ വിൽപ്പന നടത്തി. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകളും ഇതേ പാദതന്നെയാണ് പിൻതുടർന്നത്. നാല് ദിവസം 2821 കോടി നിക്ഷേപിച്ച അവർ വാരാന്ത്യം ദിനം 85കോടിയുടെ വിൽപ്പന നടത്തി.
ഫോറെക്‌സ് മാർക്കറ്റിൽ രൂപയുടെ മൂല്യം വീണ്ടും കുറഞ്ഞു. 82.51 ൽ ഡോളറിന് മുന്നിൽ ഇടപാടുകൾക്ക് തുടക്കം കുറിച്ച രൂപ ഒരുവേള 82.99 ലേയ്‌ക്ക് ദുർബലമായ ശേഷം വാരാവസാനം 82.82 ലാണ്. ഇന്ത്യയുടെ വിദേശ നാണയ കരുതൽ ധനത്തിൽ കഴിഞ്ഞ വർഷം ജനുവരിക്ക് ശേഷമുള്ള ഏറ്റവും കനത്ത പ്രതിവാര ഇടിവ് രേഖപ്പെടുത്തി.
ഫെബ്രുവരി രണ്ടാം വാരം കരുതൽ ശേഖരം 566.95 ബില്യൺ ഡോളറായി താഴ്‌ന്നു, തൊട്ട് മുൻവാരംഇത് 575.27 ബില്യൺ ഡോളറിലായിരുന്നു. ഫെബ്രുവരി 10 വരെയുള്ള ആഴ്‌ചയിൽ ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 8.3 ശതമാനായി ഇടിഞ്ഞു.
അന്താരാഷ്‌ട്ര മാർക്കറ്റിൽ സ്വർണം വീണ്ടും താഴ്‌ന്നു. ഏതാനും ആഴ്‌ച്ചകളായി വിപണി വിൽപ്പനക്കാരുടെ നിയന്ത്രണത്തിലാണ്. ഏറെ നിർണായകമായ 1866 ഡോളറിലെ സപ്പോർട്ട് നഷ്‌ടപ്പെട്ടതാണ് വിൽപ്പന സമ്മർദ്ദം ശക്തമാക്കിയത്.പോയവാരം സ്വർണ വില ട്രോയ് ഔൺസിന് 1865 ഡോളറിൽ നിന്നും 1818 വരെ ഇടിഞ്ഞ ശേഷം 1842 ഡോളറിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.