കൊച്ചി: ഓഹരി വിപണിയിലെ പ്രതിസന്ധികൾക്കിടയിൽ ബുൾ തരംഗം സൃഷ്‌ടിക്കാൻ ഒരു വിഭാഗം ഫണ്ടുകൾ നടത്തിയ ചരടുവലികൾ ഫലം കണ്ടില്ല. വാരത്തിന്റെ തുടക്കത്തിൽ വിപണി നേട്ടത്തിലേക്ക് നീങ്ങിയെങ്കിലും ഉയർന്ന തലത്തിൽ വിദേശ ഓപ്പറേറ്റർമാർ വിൽപ്പനയ്‌ക്ക് കാണിച്ച തിടുക്കം സൂചികയെ പിടിച്ച് ഉലച്ചു. സെൻസെക്‌സ് 673 പോയിൻറ്റും നിഫ്റ്റി സൂചിക 181 പോയിൻറ്റും പ്രതിവാര നഷ്‌ടത്തിലാണ്.
ബോംബെ സെൻസെക്‌സ് 58,800 റേഞ്ചിൽ നിന്നും ആദ്യ മുന്നേറ്റത്തിൽ 60,490 വരെ സഞ്ചരിച്ചു. ഈ അവസരത്തിൽ മുൻ നിര ഓഹരികളിൽ അലയടിച്ച വിൽപ്പന തരംഗത്തിൽ പിടിച്ചു നിൽക്കാനാവാതെ 58,884 പോയിൻറ്റിലേയ്‌ക്ക് ഒരു വേള വിപണി സാങ്കേതിക തിരുത്തലും നടത്തി. വ്യാപാരം അവസാനിക്കുമ്പോൾ 59,135 ൽ നിലകൊള്ളുന്ന സെൻസെക്‌സിന് ഈ വാരം 60,100 റേഞ്ചിൽ ആദ്യ പ്രതിരോധമുണ്ട്. സൂചികയുടെ ആദ്യ സപ്പോർട്ട് 58,516 പോയിൻറ്റിലാണ്. ഇത് നിലനിർത്താനായാൽ മാസത്തിന്റെ രണ്ടാം പകുതിയിൽ സെൻസെക്‌സ് 61,100 ലേയ്‌ക്ക് തിരിച്ചു വരവ് കാഴ്‌ച്ചവെക്കാം.
നിഫ്‌റ്റി 17,600 ന് മുകളിൽ ഇടപാടുകൾക്ക് തുടക്കം കുറിക്കാനായത് ഒരു വിഭാഗം പ്രദേശിക നിക്ഷേപകരുടെ ശ്രദ്ധ വിപണിയിലേയ്‌ക്ക് തിരിയാൻ അവസരം ഒരുക്കി. എന്നാൽ സൂചികയെ 17,800 ന് മുകളിൽ ഇടം കടത്തിവിടാൻ അവസരം നൽക്കാതെ വിദേശ ധനകാര്യസ്ഥാപനങ്ങൾ വിൽപ്പനയിൽ പിടിമുറുക്കിയത് നിഫ്‌റ്റിയെ പിടിച്ച് ഉലച്ചു. ഇതിനിടയിൽ വിപണി 17,324 ലേയ്‌ക്ക് ഇടിഞ്ഞങ്കിലും മാർക്കറ്റ് ക്ലോസിങിൽ 17,412 ലാണ്.
തൊട്ട് മുൻവാരത്തിലെ താഴ്‌ന്ന നിലവാരമായ 17,255 ലെ ആദ്യ സപ്പോർട്ട് ഈവാരം തുടക്കത്തിൽ നഷ്‌ടപ്പെട്ടാലും 17,224 ലേയ്‌ക്ക് പരീക്ഷണങ്ങൾക്ക് മുതിരാം. വിപണി തിരിച്ചു വരവിന് മുതിർന്നാൽ 17,700 ൽ പുതിയ പ്രതിരോധ മേഖല ഉടലെടുക്കും.
മുൻ നിര ബാങ്കിംഗ് ഓഹരികളായ എസ്.ബി.ഐ, ഇൻഡസ് ബാങ്ക്, ഐ.സി.ഐ.സി ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി, എച്ച്. ഡി.എഫ്.സി ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവയ്‌ക്ക് തിരിച്ചടി നേരിട്ടു. ഇൻഫോസിസ്, വിപ്രോ, ടി.സി.എസ്, എച്ച്.സി.എൽ , എച്ച്.യു.എൽ, ആർ.ഐ.എൽ തുടങ്ങിവയ്‌ക്കും തളർച്ചനേരിട്ടു. അതേ സമയം വാങ്ങൽ താൽപര്യം ശക്തമായ ടാറ്റാ മോട്ടേഴ്‌സ്, ടാറ്റാ സ്‌റ്റീൽ, മാരുതി, ഐ.ടി.സി, എൽ ആൻറ് ടി ഓഹരികൾ ഉയർന്നു.വിനിമയ വിപണിയിൽ രൂപയുടെ മൂല്യത്തിൽ ചാഞ്ചാട്ടം. രൂപ 81.97 ൽ നിന്നും 82.29 ലേയ്‌ക്ക് ദുർബലമായ ശേഷം 81.57 ശക്തിപ്രാപിച്ചെങ്കിലും വാരാന്ത്യം 81.91 ലാണ്.
വിദേശ ഓപ്പറേറ്റർമാർ 4393 കോടി രൂപയുടെ നിക്ഷേപം പോയവാരം നടത്തി. അതേ സമയം അവർ 2623 കോടിയുടെ വിൽപ്പനയ്‌ക്കും തിടുക്കം കാണിച്ചു. ആഭ്യന്തര ഫണ്ടുകൾ 2149 കോടിയുടെ വാങ്ങലും 938 കോടിയുടെ വിൽപ്പനയും നടത്തി.ആഗോള ക്രൂഡ് ഓയിൽ വില ബാരലിന് 80 ഡോളറിൽ നിന്നും 74.90 ലേയ്‌ക്ക് താഴ്‌ന്ന ശേഷം ക്ലോസിങിൽ 76.63 ഡോളറിലാണ്. ഡിസംബർ രണ്ടാം പകുതിക്ക് ശേഷം ക്രൂഡ് ഒയിലിന് 81 ഡോളറിന് മുകളിൽ ഇടം പിടിക്കാൻ കഴിഞ്ഞിട്ടില്ല.
ന്യൂയോർക്ക് എക്‌സ്‌ചേഞ്ചിൽ സ്വർണത്തിൽ ഉടലെടുത്ത നിക്ഷേപ താൽപര്യം മഞ്ഞലോഹത്തെ ഔൺസിന് 1857 ഡോളറിൽ നിന്നും 1868 ഡോളറിലേയ്‌ക്ക് വാരാന്ത്യം ഉയർത്തി. സാങ്കേതികമായി വീക്ഷിച്ചാൽ 1871 ലെ പ്രതിരോധം മറികടന്നാൽ 1885‐1904 റേഞ്ചിലേയ്‌ക്ക് സ്വർണം ചുവടുവെക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.