കൊച്ചി: ഓഹരി നിക്ഷേപകർക്ക് ആവേശം പകർന്ന് സെൻസെക്‌സും നിഫ്‌റ്റിയും പുതിയ ഉയരങ്ങളിലേയ്‌ക്ക് സഞ്ചരിച്ചു. സർവകാല റെക്കോർഡ് പ്രകടനത്തിനിടയിലും മൂന്നാം വാരം സൂചിക മുന്നേറിയതിനൊപ്പം മുൻ നിരയിലെ നൂറിൽ അധികം ഓഹരികൾ അമ്പത്തി രണ്ട് ആഴ്‌ച്ചകളിലെ ഉയർന്ന തലത്തിലേയ്‌ക്ക് കുതിച്ചു. സെൻസെക്‌സ് 439 പോയിൻറ്റും നിഫ്‌റ്റി 139 പോയിൻറ്റും പ്രതിവാര നേട്ടത്തിലാണ്. വിദേശ നിക്ഷേപത്തിൻറ്റ തിളക്കത്തിൽ ഇന്ത്യൻ ഇൻഡക്‌സുകൾ പുതിയ ഉയരം കീഴക്കിയെങ്കിലും മറുവശത്ത് ഒരു വിഭാഗം ചെറുകിട നിക്ഷേപകർ വിപണിയിൽ പ്രവേശിക്കാൻ പുതിയ അവസരത്തിനായി കാത്തു നിൽക്കുകയാണ്. പിന്നിട്ട മൂന്നാഴ്‌ച്ചകൾ പരിശോധിച്ചാൽ ഓരോ വാരവും ഒറ്റ ദിവസത്തെ സാങ്കേതിക തിരുത്തൽ മാത്രമാണ് വിപണി നടത്തിയത്.
ഒരു ദിവസം കനത്ത ലാഭമെടുപ്പിന് ഫണ്ടുകൾ രംഗത്ത് ഇറങ്ങിയാൽ തൊട്ട് അടുത്ത ദിവസം അവർ തന്നെ കനത്ത വാങ്ങൽ നടത്തും. പെടുന്നനെ വിപണിയിൽ പുൾബാക്ക് റാലി സംഭവിക്കുന്നതിനാൽ സൂചികയിലെ കുതിപ്പിന് ഒപ്പം സഞ്ചരിക്കാൻ ചെറുകിടക്കാർ ക്ലേശിക്കുന്നു. ഈ വാരം ഡെറിവേറ്റീവ് മാർക്കറ്റിൽ നവംമ്പർ സീരീസ് സെറ്റിൽമെൻറ്റാണ്. വ്യാഴാഴ്‌ച്ച നടക്കുന്ന സെൻറ്റിൽമെൻറ്റിന് മുന്നോടിയായി പൊസിഷനുകളിൽ മാറ്റം വരുത്താൻ ഊഹകച്ചവടക്കാരും ഫണ്ടുകളും മുന്നിലുള്ള മൂന്ന് ദിവസങ്ങളിൽ തിരക്കിട്ട് നീക്കം നടത്താം.ഇതിനിടയിൽ നിഫ്‌റ്റി സൂചികയിൽ ശക്തമായ ചാഞ്ചാട്ടത്തിനും ഇടയുണ്ട്. വിദേശ ധനകാര്യസ്ഥാപനങ്ങൾ പിന്നിട്ടവാരം 13,018 കോടി രൂപയുടെ ഓഹരികൾ വാങ്ങി കൂട്ടിയപ്പോൾ ആഭ്യന്തര ഫണ്ടുകൾ 12,342 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. തുടർച്ചയായ ആറാം മാസമാണ് മ്യൂച്വൽ ഫണ്ടുകൾ വിൽപ്പനക്കാരുടെ മേലങ്കി അണിയുന്നത്.
നിഫ്‌റ്റി 12,719 പോയിൻറ്റിൽ നിന്ന് സർവകാല റെക്കോർഡായ 12,963 വരെ ഉയർന്ന ശേഷം 12,730 ലേയ്‌ക്ക് തിരുത്തൽ കാഴ്‌ച്ചവെച്ചങ്കിലും മാർക്കറ്റ് ക്ലോസിങിൽ സൂചിക 12,859 ലാണ്. 13,000 ലേയ്‌ക്ക് പ്രവേശിക്കാനുള്ള ശ്രമം ഈ വാരം വിപണി തുടരുമെങ്കിലും അതിന് മുമ്പേ 12,971 ൽ ആദ്യ പ്രതിരോധമുണ്ട്. ഇത് മറികടന്നാൽ 13,081 ലേയ്‌ക്കും ഡിസംബറിൽ 13,316 നെയും ലക്ഷ്യമാക്കിയും വിപണി സഞ്ചരിക്കാം. ഇതിനിടയിൽ നവംബർ സെറ്റിൽമെൻറ്റിന്
മുന്നോടിയായി വിൽപ്പന സമ്മർദ്ദം ഉടലെടുത്താൽ 12,738‐12,617 ൽ സപ്പോർട്ട് പ്രതീക്ഷിക്കാം. ബോംബെ സെൻസെക്‌സ് 43,433 ൽ നിന്ന് 44,000 പോയിൻറ്റും കടന്ന് 44,230 വരെ കയറിയശേഷം 43,882 ൽ വാരാന്ത്യക്ലോസിങ് നടന്നു. ഈവാരം സെൻസെക്‌സ് 44,257‐ 44,632 ലേയ്‌ക്ക് മുന്നേറാം, വിപണിക്ക് തിരിച്ചടിനേരിട്ടാൽ 43,078 ൽ താങ്ങുണ്ട്. ഫോറെക്‌സ് മാർക്കറ്റിൽ യു എസ് ഡോളറിന് മുന്നിൽ രൂപയുടെ മൂല്യം 74.59 ൽ നിന്ന് 74.11 ലേയ്‌ക്ക് മെച്ചപ്പെട്ടു. വിദേശ നിക്ഷേപം കനത്തതും ആർ ബി ഐ കരുതൽ ശേഖരത്തിൽ നിന്ന് ഡോളർഇറക്കിയെന്ന സൂചനകളും രൂപയ്‌ക്ക് നേട്ടമായി.
ആഗോള വിപണിയിൽ സ്വർണ വിലയിൽ ശക്തമായ ചാഞ്ചാട്ടം. ന്യൂയോർക്കിൽ സ്വർണം ട്രോയ് ഔൺസിന് 1894 ഡോളറിൽ നിന്ന് 1855 ലേയ്‌ക്ക് ഇടിഞ്ഞ ശേഷം ക്ലോസിങിൽ 1869ഡോളറിലാണ്. ക്രൂഡ് ഓയിൽ വില മൂന്ന് മാസത്തിനിടയിലെ എറ്റവും ഉയർന്ന റേഞ്ചിലെത്തി. പ്രമുഖ ഫാർമ്മ കമ്പനിയായ ഫിസർ വികസിപ്പിച്ച കോവിഡ് വാക്സിൻ സ്ഥിതിഗതികളിൽ മാറ്റം വരുത്തുമെന്ന വിശ്വാസം വരും മാസങ്ങളിൽ രാജ്യാന്തര വിപണിയിൽ എണ്ണയ്‌ക്ക് ഡിമാൻറ്റ് ഉയർത്താം. ന്യൂയോർക്കിൽ തുടർച്ചയായ മൂന്നാം വാരത്തിലുംമികവ് കാണിച്ച ക്രൂഡ് ഓയിൽ ബാരലിന് 42 ഡോളറിലെത്തി. എണ്ണ അവധി നിരക്കുകൾ അഞ്ച് ശതമാനം ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.