ഉണർവ്​ നില നിർത്തുമെന്ന പ്രതീക്ഷയിൽ നിക്ഷേപകർ; തിരുത്തലുണ്ടാവുമെന്ന ആശങ്കയിൽ ഫണ്ടുകൾ

കൊച്ചി: പുതിയ ഉയരം സ്വന്തമാക്കി ഇന്ത്യൻ ഓഹരി ഇൻഡക്‌സുകൾ ഒരിക്കൽ കൂടി കരുത്ത്‌ കാണിച്ചിട്ടും പ്രതിവാര മികവ്​ ഉണ്ടാവാത്തത്​ തിരുത്തൽ സാധ്യതകൾക്ക്‌ വഴിതെളിക്കുമോയന്ന ആശങ്കയിലാണ്‌ ഒരു വിഭാഗം ഫണ്ടുകൾ. അതേ സമയം വാരാന്ത്യ ദിനത്തിൽ ദൃശ്യമായ ഉണർവ്‌ തിങ്കളാഴ്‌ച്ച സെൻസെക്‌സും നിഫ്‌റ്റിയും നിലനിർത്തുമെന്ന വിശ്വാസത്തിലാണ്‌ പ്രാദേശിക നിക്ഷേപകർ. ബോംബെ സെൻസെക്‌സ്‌ 440 പോയിൻറ്റും നിഫ്‌റ്റി 138 പോയിൻറ്റും പ്രതിവാര നഷ്‌ടത്തിലാണ്‌.

ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ പിന്നിട്ടവാരം എല്ലാ ദിവസവും നിഷേപത്തിന്‌ ഉത്സാഹിച്ചു. നീണ്ട ഇടവേളയ്‌ക്ക്‌ ശേഷമാണ്‌ അവർ ഇടപാടുകൾ നടന്ന അഞ്ച്‌ ദിവസവും വാങ്ങലുകാരാവുന്നത്‌. മൊത്തം 6418 കോടി രൂപയുടെ ഓഹരികളാണ്‌ ആഭ്യന്തര ഫണ്ടുകൾ ശേഖരിച്ചു. എന്നാൽ അഞ്ചിൽ നാല്‌ ദിവസവും വിദേശ ഫണ്ടുകൾ വിൽപ്പനയ്‌ക്ക്‌ മുൻതൂക്കം നൽകി, മൊത്തം 5534 കോടി രൂപയുടെ ഓഹരികൾ വിറ്റുമാറിയവർ ചൊവാഴ്‌ച്ച 117 കോടിയുടെ ഓഹരികൾ വാങ്ങി.

വിദേശ ധനകാര്യസ്ഥാപനങ്ങൾ ഓഹരിയിലെ ബാധ്യതകൾ വെട്ടികുറക്കാൻ മത്സരിച്ചതോടെ വിനിമയ വിപണിയിൽ രൂപ കടുത്ത പ്രതിസന്ധിയിലായി. ഡോളറിന്‌ മുന്നിൽ രൂപയുടെ മൂല്യം 74.15 ൽ നിന്ന്‌ മുൻവാരം സൂചിപ്പിച്ച 74.72 ലേയ്‌ക്ക്‌ ഇടിഞ്ഞ ശേഷം ക്ലോസിങിൽ 74.55ലാണ്‌. ഡോളർ സൂചിക കരുത്ത്‌ നേടുന്നതിനാൽ രൂപയെ ബാധിച്ച മാന്ദ്യം തുടരാം. മുൻ നിര ഓഹരികളായ ഡോ: റെഡീസ്‌, സൺ ഫാർമ്മ, എച്ച്‌.യു.എൽ, ആർ.ഐ.എൽ തുടങ്ങിയവ ശ്രദ്ധിക്കപ്പെട്ടപ്പോൾ ഇൻഫോസിസ്‌, ടി.സി.എസ്‌, എച്ച്‌.സി.എൽ, എസ്‌.ബി.ഐ, എച്ച്. ഡി.എഫ്.സി, എച്ച്.ഡി.എഫ്.സി ബാങ്ക്‌, ഐ.സി.ഐ.സി.ഐ ബാങ്ക്‌, മാരുതി, എം ആൻറ്‌ എം, ബജാജ്‌ ഓട്ടോ, എൽ ആൻറ്‌ ടി, ഐ.ടി.സിഎന്നിവയ്‌ക്ക്‌ തിരിച്ചടിനേരിട്ടു.

ബോംബെ ഓഹരി സൂചിക മുൻവാരത്തിലെ 52,925 പോയിൻറ്റിൽ നിന്ന്‌ ചരിത്രത്തിൽ ആദ്യമായി 53,126 വരെ കയറി. ഈ അവസരത്തിൽ പതിവ്‌ പോലെ ലാഭമെടുപ്പിന്‌ വിദേശ ഓപ്പറേറ്റമാർ സംഘടിതമായി രംഗത്ത്‌ ഇറങ്ങിയതോടെ സൂചിക റെക്കോർഡ്‌ നിലവാരത്തിൽ നിന്ന്‌ എതാണ്ട്‌ ആയിരം പോയിൻറ്റിന്‌ അടുത്ത്‌ ഇടിഞ്ഞ ശേഷം വാരാന്ത്യം 52,484 പോയിൻറ്റിലാണ്‌. തിങ്കളാഴ്‌ച്ച ഇടപാടുകളുടെ തുടക്കത്തിൽ സൂചിക മികവ്‌ കാണിക്കാമെങ്കിലും 52,165 ലെ സപ്പോർട്ട്‌ നിലനിർത്തിയാൽ 53,014 ലേയ്‌ക്കും തുടർന്ന്‌ 53,544 പോയിൻറ്റിലേയ്‌ക്കും സഞ്ചരിക്കാൻ സെൻസെക്‌സിനാവും.

നിഫ്‌റ്റിക്ക്‌ 15,900 റേഞ്ചിൽ വീണ്ടും പ്രതിരോധം അനുഭവപ്പെട്ടു. പിന്നിട്ട രണ്ടാഴ്‌ച്ചയായി സൂചിപ്പിക്കുന്ന ഈ റേഞ്ചിലെ തടസം തകർക്കാനുള്ള കരുത്ത്‌ വിപണിക്ക്‌ ഇനിയും കണ്ടത്താനായിട്ടില്ല. ഒരവസരത്തിൽ 15,860 ൽ നിന്ന്‌ സർവകാല റെക്കോർഡായ 15,915 വരെ കയറിയെങ്കിലും ഈ കുതിപ്പിന്‌ അൽപ്പായുസ്‌ മാത്രമാണ്‌ ലഭിച്ചത്‌. ഒരു വേള 15,635 ലേയ്‌ക്ക്‌ ഇടിഞ്ഞ നിഫ്‌റ്റി വെളളിയാഴ്‌ച്ച വ്യാപാരം അവസാനിക്കുമ്പോൾ 15,722 പോയിൻറ്റിലാണ്‌. ഈവാരം 15,599‐15,879 റേഞ്ചിൽ സുചിക കൺസോളിഡേഷന്‌ ശ്രമിക്കാം. ഇതിനിടയിൽ പുതിയ ബയ്യിങിന്‌ ഫണ്ടുകൾ രംഗത്ത്‌ ഇറങ്ങിയാൽ വിപണി റെക്കോർഡ്‌ പുതുക്കാം.

രാജ്യാന്തര വിപണിയിൽ ക്രൂഡ്‌ ഓയിൽ തുടർച്ചയായ ആറാം വാരത്തിലും മികവിലാണ്‌. ന്യൂയോർക്കിൽ എണ്ണ വില ബാരലിന്‌ 76.11 ഡോളറായി ഉയർന്നു. 2018 ഒക്‌ടോബറിന്‌ ശേഷമുള്ള ഏറ്റവും ഉയർന്ന ക്ലോസിങ്‌ നിരക്കാണിത്‌. വിപണിയുടെ സാങ്കേതിക ചലനങ്ങൾ വിലയിരുത്തിയാൽ വർഷാന്ത്യത്തിന്‌ മുന്നേ ബാരലിന്‌ 100 ഡോളറിലേയ്‌ക്ക്‌ വില അടുക്കാം. അതേ സമയം ഈവാരം 74 ഡോളറിലെ നിർണായക സപ്പോർട്ട്‌ നഷ്‌ടപ്പെട്ടാൽ എണ്ണ വിലയിൽ തിരുത്തലിന്‌ സാധ്യത തെളിയും.

Tags:    
News Summary - Stock Market Review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT