കൊച്ചി: ആഗോള ഓഹരി വിപണികൾ വീണ്ടും മുൾമുനയിൽ. അമേരിക്കൻ കേന്ദ്ര ബാങ്ക് സാമ്പത്തിക മേഖലയെ ശക്തിപെടുത്താൻ നടത്തുന്ന നീക്കം രാജ്യാന്തര ഫണ്ടുകളെ യുറോ‐ഏഷ്യൻ മാർക്കറ്റുകളിൽ വിൽപ്പനകാരാക്കി. ഇതിനിടയിൽ പശ്‌ചിമേഷ്യൻ സംഘർഷാവസ്ഥയും റഷ്യ‐യുക്രെയിൻ ബന്ധത്തിലെ ഉലച്ചിലും സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കുമെന്ന ഭീതിയും ഉടലെടുത്തു. ഇന്ത്യൻ മാർക്കറ്റ് രണ്ട് മാസത്തിനിടയിലെ ഏറ്റവും ശക്തമായ പ്രതിവാര തകർച്ചയിലാണ്. ബോംബെ സെൻസെക്‌സ് മൂന്ന് ശതമാനം ഇടിഞ്ഞു.
വിദേശ ധനകാര്യസ്ഥാപനങ്ങൾ സൃഷ്‌ടിച്ച വിൽപ്പന സമ്മർദ്ദത്തിന് മുന്നിൽ പകച്ച് നിൽക്കാൻ മാത്രമേ പല അവസരത്തിലും ആഭ്യന്തര ഫണ്ടുകൾക്കായുള്ളു. പിന്നിട്ടവാരം ഏതാണ്ട് 22,000 കോടി രൂപയുടെ ഓഹരികൾ അവർ വിറ്റു. ഈ മാസത്തെ അവരുടെ മൊത്ത വിൽപ്പന ഇതോടെകുതിച്ചു കയറി. കഴിഞ്ഞ നാല് മാസമായി വിദേശ ഓപ്പറേറ്റർമാർ വിൽപ്പനയ്‌ക്കാണ് മുൻ തൂക്കം നൽകുന്നത്.
കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ വിദേശ ഫണ്ടുകൾ ഇതു പോലെ ശക്തമായ വിൽപ്പന നടത്തുന്നതും ആദ്യമാണ്. രണ്ടാഴ്‌ച്ചയായി ഒരുതരത്തിലും സൂചികയടൈ തിരിച്ച് വരവിന് അവസരം നൽകാതെയുള്ള വിൽപ്പന പ്രദേശിക ഇടപാടുകാരെ ആശങ്കയിലാക്കി.
ബോംബെ സെൻസെക്‌സ് മുൻവാരത്തിലെ 59,037 ൽ നിന്ന് 59,163 ലേയ്‌ക്ക്‌ചുവടുവെച്ചതിനിടയിൽ വിദേശ വിപണികളിൽ നിന്നും അലയടിച്ച പ്രതികൂല വാർത്തകൾ നിഷേപകരെ കടുത്ത പ്രതിരോധത്തിലാക്കി. ഈ അവസരത്തിൽ ബാധ്യതകൾ വിൽപ്പനയ്‌ക്ക്‌ഇറക്കാൻ വിദേശ ഫണ്ടുകൾ സംഘടിതരായി രംഗത്ത് ഇറങ്ങിയതോടെ സൂചിക 56,500 റേഞ്ചിലേയ്‌ക്ക് തളർന്ന ശേഷം വാരാന്ത്യം 57,200പോയിന്റിലാണ്.
വിപണി ബജറ്റ് പ്രഖ്യാപനത്തിനായി കാതോർക്കുന്ന സാഹചര്യത്തിൽ തിങ്കളാഴ്‌ച്ചയും ചാഞ്ചാട്ട സാധ്യത നിലനിൽക്കും. നിഫ്‌റ്റി ഉയർന്ന നിലവാരമായ 17,668 ൽ നിന്ന് 16,898 ലേയ്‌ക്ക് ഇടിഞ്ഞങ്കിലും വെളളിയാഴ്‌ച്ച മാർക്കറ്റ് ക്ലോസിങിൽ 17,101 പോയിന്റിലാണ്. തിങ്കളാഴ്‌ച്ച 17,546‐16,776 റേഞ്ചിൽ സ്ഥിരത കൈവരിക്കാനുള്ള ശ്രമം വിജയിച്ചാൽ ബജറ്റിന് ശേഷം പുതിയ ദിശയിലേയ്‌ക്ക് വിപണി തിരിയും.
മുൻ നിര ഓഹരികൾ പലതും തളർന്നു. ടെക് മഹീന്ദ്ര, വിപ്രോ, ഇൻഫോസിസ്, എച്ച്.സി.എൽ ടെക്നോളജീസ്, ടി.സി.എസ്, റിലയൻസ,ഡോ:റെഡീസ്, ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ടാറ്റാ സ്‌റ്റീൽ, എച്ച്.യു .എൽ എന്നിവയുടെ നിരക്ക് ഇടിഞ്ഞപ്പോൾ എസ്.ബി.ഐ, ആക്‌സിസ് ബാങ്ക്, ഇൻഡസ് ബാങ്ക്, മാരുതി, എയർടെൽ, സൺ ഫാർമ്മ, ഐ.ടി.സി ഓഹരികൾ മികവ് കാണിച്ചു.
വിനിമയ വിപണിയിൽ രൂപയ്‌ക്ക് മൂല്യ തകർച്ച. ഡോളറിന് മുന്നിൽ രൂപയുടെ മൂല്യം 74.33ൽ നിന്ന് 75.48 ലേയ്‌ക്ക് ഇടിഞ്ഞ ശേഷം 75.04 ൽക്ലോസിങ് നടന്നു. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില വീണ്ടും കുതിച്ചു. മുൻവാരത്തിലെ 86 ഡോളറിൽനിന്നും 91.30 ഡോളർ വരെ ഉയർന്നു. പശ്‌ചിമേഷ്യൻ സംഘർഷാവസ്ഥ വിലക്കയറ്റത്തിന് വേഗത പകർന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾതിരഞ്ഞടുപ്പിന് ഒരുങ്ങുന്നതിനാൽ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലയിൽ രണ്ട് മാസമായി വർദ്ധനയില്ല. തെരഞ്ഞടുപ്പ് കഴിയുന്നതോടെഇക്കാര്യത്തിൽ തിരക്കിട്ട നീക്കങ്ങൾക്ക് ഇടയുള്ളതിനാൽ മാർച്ചിൽ നാണയപ്പരുപ്പം വീണ്ടും മുന്നേറാം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.