അടുത്തയാഴ്ച വിപണി കുതിക്കുമോ കിതക്കുമോ ? ഓഹരി വിപണിയെ സ്വാധീനിക്കുന്ന ഘടകങ്ങളറിയാം

കൊച്ചി: ഓഹരി സൂചികയിൽ വീണ്ടും മുന്നേറ്റം, ബജറ്റിൽ വിപണിയെ സ്വാധീനിക്കുന്ന കാര്യമായ നിർദ്ദേശങ്ങൾ ഒന്നും പുറത്തുവന്നില്ലെങ്കിലും താഴ്‌ന്ന റേഞ്ചിൽ പുതിയ നിക്ഷേപങ്ങൾക്ക്‌ ധനകാര്യസ്ഥാപനങ്ങളും ഊഹകച്ചവടക്കാരും കാണിച്ച ഉത്സാഹം സൂചിക രണ്ടര ശതമാനം ഉയർത്തി. സെൻസെക്‌സ്‌ 1444 പോയിൻറ്റും നിഫ്‌റ്റി സൂചിക 414 പോയിൻറ്റും വർദ്ധിച്ചു.

ഏഷ്യൻ മാർക്കറ്റുകളെല്ലാം നേട്ടത്തിലാണ്‌, അതേ സമയം യുറോപ്യൻ വിപണികൾക്ക്‌ തിരിച്ചടിനേരിട്ടപ്പോൾ അമേരിക്കൻ മാർക്കറ്റായ ഡൗ ജോൺസ്‌ സൂചികയും തളർന്നു. കേന്ദ്ര ബജറ്റിനോട്‌ അനുബന്ധിച്ച്‌ വാരത്തിന്റെ ആദ്യ പകുതിയിൽ തിളങ്ങിയ ഓഹരി ഇൻഡക്‌സുകൾ രണ്ടാം പകുതിയിൽ തളർന്നു. അടുത്ത വാരം നടക്കുന്ന റിസർവ്‌ ബാങ്ക്‌ അവലോകനത്തെ ഉറ്റ്‌നോക്കുകയാണ്‌ നിക്ഷേപ മേഖല. അതേ സമയം അമേരിക്കയിൽ പലിശ നിരക്ക്‌ വർദ്ധിക്കുമെന്നതിനെ കുറിച്ചുള്ള അമിതമായ ആശങ്കകൾ ഫണ്ടുകളിൽ ചെറിയ അളവിൽ സമ്മർദ്ദം സൃഷ്‌ടിക്കുന്നുണ്ട്‌.

ഇതിനിടയിൽ കിഴക്കൻ യൂറോപ്പിലെ രാഷ്ട്രീയ-സൈനിക പിരിമുറുക്കങ്ങളും ഓഹരി വിപണിയുടെ മുന്നേറ്റത്തിന്‌ തടസമായി. ബജറ്റ്‌ പ്രഖ്യാപനം നിഫ്റ്റി മിഡ്‌ക്യാപ്, സ്‌മോൾ ക്യാപ്‌ ഇൻഡക്‌സുകൾക്ക്‌ നേട്ടം പകർന്നു. നിഫ്റ്റി മെറ്റൽ ഇൻഡക്‌സ്‌, ഹെൽത്ത്, ഫാർമ ഇൻഡക്‌സുകളും മികവ്‌ കാണിച്ചു, ഇവ ഏതാണ്ട്‌ അഞ്ച്‌ മുതൽ ഏഴ്‌ ശതമാനം വരെ ഉയർന്നു. നിഫ്റ്റി ഐ.ടി ഇൻഡക്‌സ്‌ മൂന്നരശതമാനം നേട്ടമുണ്ടാക്കി.

ടാറ്റാ സ്‌റ്റീൽ, സൺ ഫാർമ്മ, എച്ച്‌.സി.എൽ, ടെക്‌, ഐ.ടി.സി തുടങ്ങിയ ഓഹരി വിലകൾ ഏഴ്‌ ശതമാനം ഉയർന്നപ്പോൾ ഇൻഡസ്‌ ബാങ്ക്‌,ആക്‌സിസ്‌ ബാങ്ക്‌, എച്ച്‌.ഡി.എഫ്‌.സി ബാങ്ക്‌, ബജാജ്‌ ഫൈനാൻസ്‌ തുടങ്ങിയവ നാല്‌ ശതമാനം മികവ്‌ കാണിച്ചു, വിപ്രോ, ടി.സി.എസ്‌, ഇൻഫോസീസ്‌, ഡോ: റെഡീസ്‌, ഐ.സി.ഐ.സി.ഐ ബാങ്ക്‌, എസ്‌.ബി.ഐ തുടങ്ങിയവയും ശ്രദ്ധിക്കപ്പെട്ടു. അതേ സമയം വിൽപ്പന സമ്മർദ്ദത്തിൽ ആർ.ഐ.എൽ, മാരുതി, എച്ച്‌.ഡിഎഫ്‌.സി, എം ആൻറ്‌ എം തുടങ്ങിയവയ്‌ക്ക്‌ തിരിച്ചടി.

ബോംബെ ഓഹരി സൂചിക 57,200 ൽ നിന്ന്‌ മികവ്‌ കാണിച്ച്‌ വാരത്തിന്റെ ആദ്യ പകുതിയിൽ 59,607 വരെ ഉയർന്നങ്കിലും വാരാവസാനത്തിലെ ലാഭമെടുപ്പിൽ തളർന്ന്‌ 58,644 ൽ ക്ലോസിങ്‌ നടന്നു. ഈവാരം വിപണിക്ക്‌ 59,525 ലെ പ്രതിരോധം തകർക്കാനായാൽ സൂചിക 60,425 ലെ ലക്ഷ്യമാക്കി നീങ്ങും. അതേ സമയം ഉയർന്ന തലത്തിൽ ലാഭമെടുപ്പിന്‌ വീണ്ടും നീക്കം നടന്നാൽ 57,800‐57,000ലേയ്‌ക്ക്‌ സാങ്കേതിക തിരുത്തലിന്‌ മുതിരാം. നിഫ്‌റ്റിക്ക്‌ 17,800 ന്‌ മുകളിൽ ഇനിയും ഇടം പിടിക്കാനായില്ല. മുൻവാരത്തിലെ 17,101 ൽ നിന്ന്‌ സൂചിക 17,790 റേഞ്ചിലേയ്‌ക്ക്‌ കയറിയതിനിടയിൽ ഓപ്പറേറ്റർമാർ നടത്തിയ പ്രോഫിറ്റ്‌ ബുക്കിങ്‌ വാരാന്ത്യം സൂചികയെ 17,516 ലേയ്‌ക്ക്‌ തളർത്തി.

സാങ്കേതിക വശങ്ങൾ വിലയിരുത്തിയാൽ നിഫ്‌റ്റി അതിന്റെ 20 ദിവസങ്ങളിലെ ശരാശരിയായ 17,800 റേഞ്ചിൽ ലാഭമെടുപ്പിന്‌ ഉത്സാഹിച്ചങ്കിലും 50 ദിവസങ്ങളിലെ ശരാശരിക്ക്‌ മുകളിൽ വാരാവസാനം പിടിച്ചു നിൽക്കുന്നത്‌ മുന്നേറ്റത്തിന്‌ വഴിതെളിക്കാം. വിദേശ ധനകാര്യസ്ഥാപനങ്ങൾ പിന്നിട്ടവാരം അഞ്ച്‌ ദിവസങ്ങളിലായി മൊത്തം 7696 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. അതേ സമയം ആഭ്യന്തര ഫണ്ടുകൾ 6295 കോടി രുപയുടെ ഓഹരികൾ വാങ്ങി കൂട്ടിയപ്പോൾ 371 കോടിയുടെ വിൽപ്പനയും നടത്തി.

ഫോറെക്‌സ്‌ മാർക്കറ്റിൽ രൂപയുടെ മൂല്യം മെച്ചപ്പെട്ടു. വാരാരംഭത്തിൽ 75.04 ൽ നിന്ന്‌ രൂപ 74.46 ലേയ്‌ക്ക്‌ കരുത്ത്‌ കാണിച്ചെങ്കിലും വ്യാപാരാന്ത്യം രൂപ 74.64 യാണ്‌. രാജ്യാന്തര വിപണിയിൽ ക്രൂഡ്‌ ഓയിൽ വില ബാരലിന്‌ 91 ഡോളറിൽ നിന്നും 93.44 ഡോളർ വരെ ഉയർന്നു. എണ്ണ മാർക്കറ്റിലെ ചലനങ്ങൾ വിലയിരുത്തിയാൽ രൂപ വീണ്ടും 75 ലേയ്‌ക്ക്‌ ദുർബലമാകാം. സ്വർണം ട്രോയ്‌ ഔൺസിന്‌ 1782 ഡോളറിൽ നിന്ന്‌ 1813 വരെ കയറിയ ശേഷം വാരാന്ത്യം നിരക്ക്‌ 1807 ഡോളറിലാണ്‌.

Tags:    
News Summary - Stock market review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT