കൊച്ചി: പ്രതീക്ഷിച്ച പോലെ തന്നെ റഷ്യ ഒരിക്കൽ കുടി വെടി നിർത്തലിന് തയ്യാറായത് ആഗോള ഓഹരി വിപണികൾക്ക് പുതുജീവൻ പകർന്നു. റഷ്യയും യുക്രെയ്‌നും തമ്മിലുള്ള ഉന്നതതല ചർച്ചകൾ പ്രത്യാശയ്‌ക്ക് വകനൽക്കുമെന്ന വിലയിരുത്തൽ ഇന്ത്യൻ നിഷേപകരിലും ശുഭാപ്തിവിശ്വാസം പകർന്നത് ഓഹരി സൂചിക രണ്ട് മാസത്തിനിടയിലെ ഏറ്റവും മികച്ച പ്രതിവാര നേട്ടത്തിലേയ്‌ക്ക് പ്രവേശിക്കാൻ അവസരം ഒരുക്കി.
ഇതിനിടയിൽ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞടുപ്പ് ഫലങ്ങളും കുതിപ്പിന് വേഗത പകർന്നു. അതേ സമയം വരാനിരിക്കുന്ന പ്രതികൂല വാർത്തകൾ പലതും ഓഹരി സൂചികയിൽ വീണ്ടും വിള്ളലുവാക്കാമെന്നതിനാൽ മാസാന്ത്യം വരെ വിപണിയിൽ ഊഹക്കച്ചവടക്കാരുടെ സാന്നിധ്യം ഉയർന്ന് തന്നെ നിൽക്കാം. പോയവാരം ബോംബെ സെൻസെക്‌സ് 1238 പോയിന്റും നിഫ്‌റ്റി 373 പോയിന്റും നേട്ടത്തിലാണ്. നാലാഴ്‌ച്ച കരടിവലയത്തിൽ അകപ്പെട്ട ഇന്ത്യൻ മാർക്കറ്റ് തളർച്ചയിൽ നിന്ന് കാഴ്‌ച്ചവെച്ച തിരിച്ച് വരവ് നേട്ടമാക്കാൻ പ്രാദേശിക നിക്ഷേപകരും ഉത്സാഹിച്ചു.
ആഴ്ചയുടെ തുടക്കത്തിൽ യുദ്ധഭീതിയിൽ ആടി ഉലഞ്ഞ് ഓഹരി ഇൻഡക്‌സുകൾ ഒരവസരത്തിൽ നിക്ഷേപകരെ മുൾ മുനയിൽ നിർത്തിയെങ്കിലും പിന്നീട് അലയടിച്ച ബുൾ തരംഗം സെൻസെക്‌സിനെ 55,550 ന് മുകളിലെത്തിച്ചു. വാരാരംഭത്തിൽ 52,300 ലേയ്‌ക്ക് ഇടിഞ്ഞ സൂചിക താഴ്‌ന്ന റേഞ്ചിൽ നിന്നും 3000 പോയിൻറ്റിൽ അധികം തിരിച്ചു കയറി. ഈവാരം സെൻസെക്‌സിന് 56,975 ആദ്യ പ്രതിരോധവും 53,222 ൽ താങ്ങുമുണ്ട്. വിപണിയുടെ സാങ്കേതിക വശങ്ങൾ വിലയിരുത്തിയാൽ പാരാബോളിക്ക് എസ്.ഏ.ആർ, സൂപ്പർ ട്രെൻറ്റും സെല്ലിങ് മൂഡിലാണ്. അതേ സമയം ഏം.എ.സി.ഡി ദുർബലാവസ്ഥയിൽ നിന്നും തിരിച്ചു വരവിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചത് ബുൾ ഇടപാടുകാരുടെ ആത്‌മവിശ്വാസം ഉയർത്തും.
നിഫ്‌റ്റി മുൻവാരത്തിലെ 16,245 ൽ നിന്ന് 15,682 ലേയ്‌ക്ക് ഇടിഞ്ഞതിനിടയിലെ വാങ്ങൽ താൽപര്യം വ്യാപാരാന്ത്യം സൂചികയെ 16,630 ലേയ്‌ക്ക് ഉയർത്തി. വിപണിക്ക് ഈ വാരം 15,960 റേഞ്ചിലെ സപ്പോർട്ട് നിലനിർത്താനായാൽ സ്വാഭാവികമായും 17,000 ലേയ്‌ക്ക് ചുവടുവെക്കാൻ ശ്രമം നടത്തും.
മുൻ നിര ഓഹരികളായ സൺ ഫാർമ്മ, ഡോ: റെഡീസ്, ഇൻഫോസിസ്, എച്ച്.സി.എൽ, ടി.സി.എസ്, വിപ്രോ, എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി ബാങ്ക്, എച്ച്.യു.എൽ, ആർ.ഐ.എൽ, ടാറ്റാ സ്‌റ്റീൽ, എച്ച്.ഡി.എഫ്.സി, എം ആൻറ് എം തുടങ്ങിയവയിൽ വാങ്ങൽ താൽപര്യം ശക്തമായിരുന്നു. മാരുതി, ഐ.സി.ഐ.സി.ഐ ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവയ്‌ക്ക് തിരിച്ചടിനേരിട്ടു.
വിനിമയ വിപണിയിൽ രൂപയ്‌ക്ക് മൂല്യ തകർച്ച. മുൻവാരത്തിലെ 76.49 ൽ നിന്ന് വിനിമയ നിരക്ക് റെക്കോർഡുകൾ തകർത്ത് 76.87 ലേയ്‌ക്ക് ഇടിഞ്ഞ ശേഷം വാരാന്ത്യം 76.75 ലാണ്. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ ബാരലിന് 100 ഡോളറിന് മുകളിൽ നീങ്ങുന്നതിനാൽ രൂപയ്‌ക്ക് നേരിട്ട ദുർബലാവസ്ഥ തുടരാം. പിന്നിട്ടവാരം എണ്ണ വില 132.79 ഡോളർ വരെ ഉയർന്ന ശേഷം വാരാന്ത്യം 112.39 ഡോളറിലാണ്. ക്രൂഡ് ഇറക്കുമതി ചിലവ് വർദ്ധിച്ചതോടെ എണ്ണ കമ്പനികൾ രൂപ വിറ്റ് ഡോളർ ശേഖരിക്കാൻ രംഗത്തുണ്ട്.
പുതിയ സാഹചര്യത്തിൽ പെട്രോളിയം ഉൽപ്പന്നങ്ങളുടെ ആഭ്യന്തര വില വർദ്ധിക്കുന്നതിനൊപ്പം നാണയപ്പെരുപ്പം പുതിയ ഉയരങ്ങളിലേയ്‌ക്ക് ചുവടുവെക്കുമെന്നത് സാമ്പത്തിക വളർച്ചയെ പിന്നോക്കം വലിക്കും. പലിശ നിരക്കുകളിൽ വൈകാതെ ഭേദഗതികൾക്ക് ആർ.ബി.ഐ നിർബന്ധിതമാകും.
അമേരിക്കയിൽ പണപ്പെരുപ്പം നാൽപത് വർഷത്തിനിടയിലെ ഏറ്റവും ഉയരത്തിൽ എത്തിയ സാഹചര്യത്തിൽ അടുത്ത വാരം യു.എസ് ഫെഡ് റിസർവ് പലിശയിൽ മാറ്റം വരുത്താം. അവിടെ പലിശ ഉയർന്നാൽ രാജ്യാന്തര ഫണ്ടുകൾ ഇന്ത്യൻ ഓഹരിയിൽ നിന്ന് കൂടുതൽ തുക പിൻവലിക്കുമെന്നത് വിൽപ്പന സമ്മർദ്ദത്തിൻറ്റ ആക്കം വർദ്ധിപ്പിക്കാം. ഈ വർഷം ഇതിനകം വിദേശ ഫണ്ടുകൾ ഇന്ത്യയിൽ 1.14 ലക്ഷം കോടി രൂപയുടെ വിൽപ്പന നടത്തി. ഇത് മൂലം രൂപയുടെ മൂല്യം ഡിസംബറിന് ശേഷം മൂന്നര ശതമാനം ഇടിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.