ന്യൂഡൽഹി: നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിനെ സംബന്ധിക്കുന്ന രഹസ്യ വിവരങ്ങൾ ഹിമാലയൻ സന്യാസിക്ക് കൈമാറിയ മുൻ ഡയറക്ടർ ചിത്ര രാമകൃഷ്ണന്റെ വീട്ടിൽ ആദായ നികുതി പരിശോധന. മുംബൈയിലെ അവരുടെ വസതിയിലാണ് പരിശോധന നടക്കുന്നത്. എൻ.എസ്.ഇയുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറിയതിലൂടെ അനധികൃതമായി സമ്പത്ത് നേടിയിട്ടുണ്ടോയെന്നാണ് ആദായ നികുതി വകുപ്പ് പരിശോധിക്കുക.
2013 മുതൽ 2016 വരെ ചിത്ര രാമകൃഷ്ണ എൻ.എസ്.ഇയുടെ മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായിരുന്നു. പിന്നീട് വ്യക്തിപരമായ കാരണങ്ങളാൽ ഇവർ പദവി രാജിവെക്കുകയായിരുന്നു. ഈയടുത്താണ് എൻ.എസ്.ഇയെ സംബന്ധിക്കുന്ന നിർണായക വിവരങ്ങൾ ഇവർ ഹിമാലയൻ സന്യാസിക്ക് കൈമാറിയെന്ന് സെബി അറിയിച്ചത്.
എൻ.എസ്.ഇയുടെ സാമ്പത്തിക പ്രവചനങ്ങൾ, ബിസിനസ് പ്ലാൻ, ബോർഡ് അജണ്ട എന്നിവയാണ് ചോർത്തി നൽകിയത്. എൻ.എസ്.ഇയുടെ ചട്ടങ്ങളുടെ നഗ്നമായ ലംഘനമായി സെബി ഇതിനെ കണക്കാക്കിയിരുന്നു. ഓഹരി വിപണിയുടെ അടിത്തറ ഇളക്കുന്നതാണ് ചിത്രയുടെ നടപടിയെന്നും സെബി വിലയിരുത്തിയിരുന്നു. തുടർന്ന് ചിത്ര രാമകൃഷ്ണന് സെബി പിഴ ചുമത്തുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.