കാർമേഘങ്ങൾ മൂടിയ ഇന്ത്യൻ വ്യോമയാനമേഖലയിലേക്ക് എന്തിനാണ് ചുവടുവെക്കുന്നതെന്ന ചോദ്യത്തിന് ഒറ്റവാക്യത്തിലായിരുന്നു രാകേഷ് ജുൻജുൻവാലയുടെ ഉത്തരം. താൻ തോൽവികൾക്കായി മുന്നൊരുക്കം നടത്തിയിട്ടുണ്ടെന്നായിരുന്നു ഒറ്റവാക്യത്തിലെ മറുപടി. ചൂതാട്ടം പോലെ അനിശ്ചിതത്വം നിറഞ്ഞ ഇന്ത്യൻ ഓഹരി വിപണിയിൽ പുതിയ പടവുകൾ കയറാൻ ജുൻജുൻവാലയെ സഹായിച്ചത് എക്കാലത്തുമുണ്ടായിരുന്ന ഈ ചങ്കുറ്റം തന്നെയായിരുന്നു.
1960 ജൂലൈ അഞ്ചിന് ഹൈദരാബാദിലാണ് ജുൻജുൻവാല ജനിച്ചത്. ആദായ നികുതി വകുപ്പിലെ ജീവനക്കാരനായിരുന്ന രാധേശ്യാംജി ജുൻജുൻവാലയുടേയും ഊർമ്മിള ജുൻജുൻവാലയുടേയും മകനായിട്ടായിരുന്നു ജനനം. ആദായ നികുതി വകുപ്പിലായത് കൊണ്ട് തന്നെ പിതാവിന്റെ സംസാരത്തിൽ എപ്പോഴും ഓഹരി വിപണി കടന്നു വരുമായിരുന്നു. പിതാവിന്റെ വാക്കുകളിൽ നിന്നാണ് കോളജ് വിദ്യാർഥിയായ ജുൻജുൻവാലയിൽ ഓഹരിക്കമ്പം കയറുന്നത്. ഇത് 1985ൽ ജുൻജുൻവാലയെ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ എത്തിച്ചു.
5000 രൂപയുമായിട്ടായിരുന്നു സ്റ്റോക്ക് മാർക്കറ്റിൽ ജുൻജുൻവാല വ്യാപാരത്തിന് തുടക്കം കുറിച്ചത്. ജുൻജുൻവാലയുടെ ആസ്തിയുടെ മൂല്യം ഇന്ന് ഏകേദശം 32,000 കോടിയിൽ എത്തിനിൽക്കുന്നുവെന്ന് അറിയുമ്പോൾ അദ്ദേഹത്തിന്റെ നേട്ടത്തിന്റെ വലിപ്പം മനസിലാവുക.
1985ൽ വിപണിയിലെത്തി 1986ന്റെ അവസാനമാവുമ്പോഴേക്കും അഞ്ച് ലക്ഷം രൂപ ലാഭമാണ് ജുൻജുൻവാല ഇന്ത്യൻ ഓഹരി വിപണിയിൽ നിന്നും കൊയ്തത്. 1986നും 1989നും ഇടക്കുള്ള കാലയളവിൽ ജുൻജുൻവാല 25 ലക്ഷം രൂപ ലാഭമുണ്ടാക്കി. 2021ലാണ് ജുൻജുൻവാല വലിയൊരു നിക്ഷേപം നടത്തുന്നത്. 7,294.8 കോടി അദ്ദേഹം ടൈറ്റാൻ കമ്പനിയിൽ നിക്ഷേപിച്ചു.
ഇതിന് പുറമേ നിരവധി കമ്പനികളുടെ ബോർഡിലും ജുൻജുൻവാലയുണ്ടായിരുന്നു. മുംബൈ മലബാർ ഹില്ലിൽ അദ്ദേഹത്തിന് ആഡംബര വസതിയുമുണ്ടായിരുന്നു. എന്നാൽ, വിവാദങ്ങളിൽ നിന്നും എക്കാലത്തും ഒഴിഞ്ഞു നിൽക്കാൻ ജുൻജുൻവാലക്കും കഴിഞ്ഞില്ല. 35 കോടിയുടെ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് സെബി ജുൻജുൻവാലക്കെതിരെ അന്വേഷണം ആരംഭിച്ചു. 2021 ജൂലൈയിലാണ് സെബി ഇതുസംബന്ധിച്ച പരാതി തീർപ്പാക്കിയത്.
തന്റെ കൈയിലുള്ള പണം ചെലവാക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് പൂർണമായും തിരിച്ചെടുക്കാനാണ് താൻ ദൈവത്തോട് പ്രാർഥിക്കുകയെന്ന് ജുൻജുൻവാല ഒരിക്കൽ പറഞ്ഞിട്ടുണ്ട്. നിക്ഷേപത്തിന്റേയും അതിൽ നിന്നും എങ്ങനെ നേട്ടങ്ങളുണ്ടാക്കണമെന്നും ചിന്തിക്കുന്നവരെ സംബന്ധിച്ചടുത്തോളം വേദപുസ്തകമാണ് ജുൻജുൻവാലയുടെ വാക്കുകൾ. ഇന്ത്യൻ ഓഹരി വിപണി നേട്ടങ്ങൾ പിന്നിട്ട് എത്രത്തോളം മുന്നോട്ട് കുതിച്ചാലും അതിനൊപ്പം ജുൻജുൻവാലയെന്ന പേരും ഉണ്ടാവുമെന്ന് ഉറപ്പാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.