കൊച്ചി: മാർച്ച് സീരീസിന്‍റെ ആദ്യവാരത്തിന് തിളക്കം പകർന്ന് നിഫ്‌റ്റിയും സെൻസെക്‌സും മുന്നേറി. രണ്ടാഴ്‌ച്ചകളിലെ തിരിച്ചടിക്ക് ശേഷം ബുൾ ഇടപാടുകാർ കാഴ്‌ച്ചവെച്ച ശക്തമായ തിരിച്ച് വരവാണ് പ്രമുഖ ഇൻഡക്‌സുകൾക്ക് കരുത്ത് സമ്മാനിച്ചത്. ബോംബെ സൂചിക 1305 പോയിൻറ്റും നിഫ്‌റ്റി 409 പോയിൻറ്റും പ്രതിവാര നേട്ടം കൈവരിച്ചു. ബി.എസ്.ഇ, എൻ.എസ്.ഇഇൻഡക്‌സുകൾ മൂന്ന് ശതമാനം മുന്നേറി. മിഡ് ക്യാപ് ഇൻഡക്‌സും മൂന്ന് ശതമാനം കയറി, അതേ സമയം നിഫ്‌റ്റി ബാങ്കിന് ഒരു ശതമാനം മാത്രം ഉയരാനായുള്ളു.
വാരത്തിൻറ്റ ആദ്യ പകുതിയിൽ വിദേശ ധനകാര്യസ്ഥാപനങ്ങൾ വിപണിയോട് കാണിച്ച താൽപര്യം ബ്ലൂചിപ്പ് ഓഹരികളുടെ വിലക്കയറ്റത്തിന് വഴിതെളിച്ചു. ഈ അവസരത്തിൽപ്രദേശിക നിക്ഷേപകർ മുൻ നിരയിലെയും രണ്ടാം നിരയിലെയും ഓഹരികളിൽ പിടിമുറുക്കി. എന്നാൽ വാരമദ്ധ്യം പിന്നിട്ടവേളയിൽ വിദേശ വിപണികളിൽ നിന്നുള്ള പ്രതികൂല വാർത്തകൾ ഓപ്പറേറ്റർമാരെനിക്ഷേപങ്ങളിൽ നിന്ന് ഒരു ചുവട് പിൻതിരിപ്പിച്ചത് സൂചികയിൽ വൻ ചാഞ്ചാട്ടം സൃഷ്‌ടിച്ചു.
ഇതിനിടയിൽ വിദേശ ഫണ്ടുകൾ നിക്ഷേപം തിരിച്ചു പിടിക്കാൻ കാണിച്ച തിരക്കിട്ട നീക്കങ്ങൾ ഫോറെക്‌സ് മാർക്കറ്റിൽ ഇന്ത്യൻ രൂപയെയും സമ്മർദ്ദത്തിലാക്കി. അതേ സമയം ഏതാണ്ട് 4400 കോടി രൂപയുടെ ഓഹരികൾ പിന്നിട്ടവാരം അവർ ശേഖരിച്ചു. എന്നാൽ ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ 3000 കോടി രൂപയുടെ ഓഹരികൾ വിറ്റുമാറി. ഹ്രസ്വ കാലയളവിലേയ്‌ക്ക് വിപണിയുടെ ചലനങ്ങൾ വിലയിരുത്തിയാൽ നിഫ്‌റ്റിക്ക് 15,260 റേഞ്ചിലെ പ്രതിരോധം അൽപ്പം കടുപ്പമേറിയതായി മാറാൻ ഇടയുണ്ട്.
ഈ തടസം മറികടക്കാനായില്ലെങ്കിൽ 14,626 ലേയ്‌ക്ക് തിരുത്തലിന് ശ്രമിക്കാം. എന്നാൽ ആദ്യ പ്രതിരോധം മറികടന്നാൽ മാസമദ്ധ്യം നിഫ്‌റ്റിക്ക് 15,550 ന് മുകളിൽ ഇടം കണ്ടത്താനാവും. പോയവാരം സൂചിക 15,273 വരെ ഉയർന്ന ശേഷം 14,638 ലേയ്‌ക്ക് ഇടിഞ്ഞങ്കിലും വാരാന്ത്യം നിഫ്‌റ്റി 14,938 പോയിൻറ്റിലാണ്.
സെൻസെക്‌സ് 49,099 ൽ നിന്ന് 51,540 വരെ കയറിയ അവസരത്തിൽ അലയടിച്ച വിൽപ്പന സമ്മർദ്ദം മൂലം സൂചിക 49,440 ലേയ്‌ക്ക് ഇടിഞ്ഞു. എന്നാൽ വെള്ളിയാഴ്‌ച്ച വ്യാപാരംഅവസാനിക്കുമ്പോൾ സെൻസെക്‌സ് 50,505 പോയിൻറ്റിലാണ്. എഫ്.എം.സി.ജി, ഓട്ടോമൊബൈൽ വിഭാഗം ഓഹരികളിൽ പല അവസരത്തിലും ഫണ്ടുകൾ താൽപര്യം കാണിച്ചു. ബാങ്കിംഗ് ഓഹരികൾക്ക്‌വാരാന്ത്യം തിരിച്ചടിനേരിട്ടു. ആർ.ഐ.എൽ, മാരുതി, ഇൻഫോസീസ്, ടി.സി.എസ്, ഒ.എൻ.ജി സി, സൺ ഫാർമ്മ, ഐ.ടി.സി, എൽ ആൻറ് ടി തുടങ്ങി ഓഹരി വിലകൾ ഉയർന്നപ്പോൾ എയർടെൽ, എച്ച്.ഡി.എഫ്.സി ബാങ്ക്, എസ്.ബി.ഐ എന്നിവയ്‌ക്ക് തളർച്ചനേരിട്ടു.
വിനിമയ വിപണിയിൽ രൂപയുടെ മൂല്യത്തിൽ വീണ്ടും വൻ ചാഞ്ചാട്ടം. 73.91 ൽ നിന്ന്
ഒരവസരത്തിൽ രൂപ 72.60 ലേയ്‌ക്ക് മെച്ചപ്പെട്ടങ്കിലും വാരാന്ത്യം ഡോളറിന് മുന്നിൽ ഇന്ത്യൻ നാണയം 73.16 ലാണ്. വിദേശ നിക്ഷേപം ഈ വാരം ഉയർന്നാൽ രൂപ ശക്തിപ്രാപിക്കാം. ഡോളർ സൂചിക കരുത്ത് നേടുന്നതിനാൽ അമേരിക്കൻ ട്രഷറി, ബോണ്ട് വരുമാനങ്ങളിലെ വർദ്ധന കണ്ട് ഫണ്ടുകൾ മഞ്ഞാലോഹത്തിലെ നിക്ഷേപം പിൻവലിക്കാൻ മത്സരിച്ചു. മുൻവാരത്തിലെ 1735 ഡോളറിൽ നിന്ന് ട്രോയ് ഔൺസ് സ്വർണ വില പത്തു മാസത്തിനിടയിൽ ആദ്യമായി 1700 ഡോളറിലെ താങ്ങ്‌തകർത്തങ്കിലും വാരാന്ത്യം ഇതേ നിരക്കിൽ
ക്ലോസിങ് നടന്നു. പിന്നിട്ട 30 ദിവസത്തിനിടയിൽ സ്വർണ വില ഔൺസിന് 133 ഡോളർ ഇടിഞ്ഞു. സ്വർണ വിപണിയുടെ ചലനങ്ങൾ സാങ്കേതികമായി വീക്ഷിച്ചാൽ പ്രതിദിന ചാർട്ടിൽ സെല്ലിങ് മൂഡിൽ നീങ്ങുന്ന സ്വർണത്തിന് 1657 ഡോളറിൽ സപ്പോർട്ട് നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.