ബജറ്റിന് പിന്നാലെ സ്വർണവില വീണ്ടും ഉയർന്നു; ഇന്ന് കൂടിയത് രണ്ടുതവണയായി 400 രൂപ

കൊച്ചി: കേന്ദ്രബജറ്റിന് പിന്നാലെ സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. രാവിലെയും ഉച്ചക്കുമായി രണ്ടുതവണയായി 400 രൂപയാണ് ഇന്ന് പവന് കൂടിയത്. രാവിലെ 200 രൂപ കൂടി 42200 രൂപയും ഉച്ചക്ക് വീണ്ടും 200 രൂപ കൂടി 42,400 രൂപയുമായി.

ഗ്രാമിന് രാവിലെ 25 രൂപ വർധിച്ച് 5275 രൂപയും ഉച്ചക്ക് വീണ്ടും 25 രൂപകൂടി 5300 രൂപയുമായി. ബജറ്റിൽ ഇറക്കുമതി ചെയ്യുന്ന സ്വർണാഭരണങ്ങൾക്ക് മൂന്ന് ശതമാനം നികുതി വർധിപ്പിച്ചിട്ടുണ്ട്. നേരത്തെ 22 % ഉണ്ടായിരുന്ന ഇറക്കുമതി നികുതി 25% ആയാണ് ഉയർത്തിയത്.

ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന സ്വർണത്തിന് നിലവിൽ 15 ശതമാനമാണ് തീരുവ. മൂന്ന് ശതമാനം ജി.എസ്.ടി കൂടി ചേര്‍ക്കുമ്പോള്‍ 18 ശതമാനം നികുതിയാകും. ഇതിനുപുറമേയാണ് ഇറക്കുമതി ചെയ്യുന്ന ആഭരണങ്ങൾക്ക് ഇപ്പോൾ മൂന്ന് ശതമാനം കൂടി നികുതി കൂട്ടിയത്. ഇതും വിലയിൽ പ്രകടമാകും.

സ്വർണത്തിന്റെ ഇറക്കുമതി ചുങ്കം ഗണ്യമായി കുറക്കുകയോ പൂർണമായി ഒഴിവാക്കുകയോ ചെയ്യണം എന്നായിരുന്നു സ്വർണവ്യാപാരികളുടെ ആവശ്യം. കറന്റ് അക്കൗണ്ട് കമ്മി (CAD) കുറക്കുന്നതിനും കറൻസിയെ ശക്തിപ്പെടുത്തുന്നതിനും വേണ്ടിയാണ് കനത്ത നികുതി ഏർപ്പെടുത്തിയത്. എന്നാൽ, ഇത് കള്ളക്കടത്ത്, ഹവാല ഇടപാടുകൾ, സമാന്തര സമ്പദ്‌വ്യവസ്ഥയുടെ വളർച്ച എന്നിവക്കാണ് ആക്കംകൂട്ടിയതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

‘800-1000 ടൺ സ്വർണം ഓരോ വർഷവും ഇറക്കുമതി ചെയ്യുമ്പോൾ ഏകദേശം 65,000 കോടി രൂപ നികുതിയായി ലഭിക്കുന്നു. കള്ളക്കടത്ത് നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായി ഇറക്കുമതി ചുങ്കം അഞ്ചു ശതമാനത്തിലേക്ക് കുറച്ചാൽ 21,000 കോടി രൂപയോളമാണ് ലഭിക്കുക. 35-40 ലക്ഷം കോടി രൂപയുടെ ബജറ്റ് അവതരിപ്പിക്കുന്ന രാജ്യത്ത് അഞ്ചു ശതമാനത്തിലേക്ക് എത്തിക്കുമ്പോഴുണ്ടാകുന്ന വരുമാനനഷ്ടം ഗുണഫലങ്ങൾ താരതമ്യംചെയ്യുമ്പോൾ വലിയൊരു നഷ്ടമല്ല. കള്ളക്കടത്തിൽ പിടിക്കപ്പെടുന്ന സ്വർണം കണ്ടുകെട്ടുകയും ഈ കുറ്റകൃത്യത്തിലേർപ്പെടുന്നവരെ ജാമ്യമില്ല വകുപ്പ് ചേർത്ത് ജയിലിലടക്കുകയും ചെയ്താൽ സംഭവം താനേ ഇല്ലാതാകും’ -ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ട്രഷററും ഓൾ ഇന്ത്യ ജം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ ദേശീയ ഡയറക്ടറുമായ അഷ്വ. അബ്ദുൽനാസർ ചൂണ്ടിക്കാട്ടി. 

Tags:    
News Summary - Todays kerala gold price

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT