യു.എ.ഇ സന്ദര്‍ശിക്കുന്ന ഇന്ത്യക്കാര്‍ക്കും പ്രവാസികൾക്കും ഇനി മുതല്‍ ഫോണ്‍പേയിലൂടെ ഇന്ത്യൻ രൂപയിൽ തന്നെ ഇടപാടുകള്‍ നടത്താം. ദുബൈ ആസ്ഥാനമായുള്ള മഷ്‌രിഖ് ബാങ്കുമായി സഹകരിച്ചാണ് ഫോൺപേ ഈ സൗകര്യം സാധ്യമാക്കിയത്. ഇതിനായി ഫോൺപേയുടെ യൂനിഫൈഡ് പേയ്‌മെന്‍റ് ഇന്‍റർഫേസ് (യു.പി.ഐ) യു.എ.ഇയിലേക്കും വിപുലീകരിച്ചതായി കമ്പനി അറിയിച്ചു.
വിവിധയിടങ്ങളിലെ മഷ്‌രിഖിന്‍റെ നിയോപേ കൗണ്ടറുകൾ വഴി ഇടപാട് നടത്താനാവും. കറൻസി വിനിമയ നിരക്ക് കാണിച്ച ശേഷം ഇന്ത്യൻ രൂപയിലാണ് പണം ഈടാക്കുക. ഇതിനായി ആദ്യം, ഫോൺപേ ആപ്പിൽ യു.പി.ഐ ഇന്‍റർനാഷനൽ എന്ന ഒപ്ഷൻ തിരഞ്ഞെടുക്കണം. ശേഷം അന്താരാഷ്ട്ര പേയ്‌മെന്‍റുകൾക്കായി, നിങ്ങൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ബാങ്ക് അക്കൗണ്ട് സെലക്ട് ചെയ്യണം. തുടർന്ന് യു.പി.ഐ പിൻ നൽകിയാൽ ഈ സൗകര്യം ലഭ്യമാവും. യു.എ.ഇയിലെ പ്രവാസികൾക്ക് അവരുടെ മൊബൈൽ നമ്പറിൽതന്നെ ഈ സൗകര്യം ഉപയോഗിക്കാം.
റീട്ടെയില്‍ ഔട്ട്ലറ്റുകളിലെയും മറ്റ് വ്യാപാര സ്ഥാപനങ്ങളിലെയും റസ്റ്റാറന്‍റുകളിലെയും വിനോദ സഞ്ചാര കേന്ദ്രങ്ങളിലെയുമൊക്കെ ക്യൂ.ആര്‍ കോഡുകള്‍ ഫോണ്‍പേ ആപ് ഉപയോഗിച്ച് സ്‌കാന്‍ ചെയ്ത് പണം നല്‍കാന്‍ സാധിക്കും. ഇടപാട് വിപുലീകരിക്കുന്നതിനായി രാജ്യത്തുടനീളമുള്ള വിവിധ സ്ഥാപനങ്ങളില്‍ നിയോപേ സംവിധാനം ലഭ്യമാക്കിയിട്ടുണ്ട്. ഇടപാടിനുമുമ്പ് കറൻസി എക്സ്ചേഞ്ച് നിരക്ക് കാണിക്കുന്നതിനാൽ ഇടപാടുകാർക്ക് സുതാര്യത ഉറപ്പുവരുത്താനുമാകും.
മഷ്‌രിഖ് ബാങ്കും ഇന്ത്യയിലെ യു.പി.ഐ ഇടപാടുകള്‍ നിയന്ത്രിക്കുന്ന നാഷനല്‍ പേയ്‌മെന്‍റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ഇന്‍റര്‍നാഷനല്‍ പേയ്മെന്റ്സ് ലിമിറ്റഡും (എൻ.ഐ.പി.എല്‍) തമ്മില്‍ 2021ല്‍ ഇതുസംബന്ധിച്ച് കരാറിന് രൂപം നല്‍കിയിരുന്നു. ഇതുപ്രകാരം മഷ്‌രിഖ് ബാങ്കിന്‍റെ പേയ്‌മെന്‍റ് ടെര്‍മിനലുകള്‍ യു.പി.ഐ ഇടപാടുകള്‍ക്ക് ഉപയോഗിക്കാം. പ്രവാസികള്‍ക്ക് യു.എ.ഇ മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ച് ഫോണ്‍പേ ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.