സ്വർണ കരുതൽ നിക്ഷേപത്തിൽ ആദ്യ പത്തിലുള്ള രാജ്യമാണ് ഇന്ത്യ. വൻതോതിൽ സ്വർണശേഖരമാണ് ഇന്ത്യ സൂക്ഷിച്ചിട്ടുള്ളത്. സാമ്പത്തിക വർഷത്തിന്റെ കഴിഞ്ഞ കുറേപാദങ്ങളിലായി ഇന്ത്യ വലിയ രീതിയിൽ സ്വർണം വാങ്ങുന്നുണ്ട്. ഇതിനൊപ്പം തന്നെ വിദേശത്തുള്ള സ്വർണ ആസ്തി ഇന്ത്യയിലേക്ക് മാറ്റുകയും ചെയ്യുന്നു. 2022ൽ 214 ടൺ സ്വർണമാണ് ഇന്ത്യയിലേക്ക് മാറ്റിയത്. എന്തുകൊണ്ടാണ് ഇന്ത്യ സ്വർണം ഇത്തരത്തിൽ വിദേശത്ത് നിന്ന് കൊണ്ടു വരുന്നത്. ഇന്ത്യയുടെ സ്വർണ കരുതൽ നിക്ഷേപത്തെ കുറിച്ച് അറിയേണ്ടതെല്ലാം.
ഫോറിൻ എക്സ്ചേഞ്ച് റിസർവിന്റെ വിവരങ്ങൾ പ്രകാരം കരുതൽ നിക്ഷേപമായി ഇന്ത്യക്ക് 855 ടൺ സ്വർണ നിക്ഷേപമുണ്ട്. ഇതിൽ 510.5 ടണ്ണാണ് ഇന്ത്യയിൽ സൂക്ഷിച്ചിട്ടുള്ളത്.
ഈയടുത്തായി ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ നിന്നും 102 ടൺ സ്വർണം ഇന്ത്യയിലേക്ക് ആർ.ബി.ഐ മാറ്റിയിരുന്നു. വിദേശത്ത് സൂക്ഷിക്കുന്നതിനേക്കാൾ നിലവിലെ സാഹചര്യത്തിൽ സ്വർണം ഇന്ത്യയിൽ തന്നെ വെക്കുന്നതാണ് നല്ലതെന്ന ആർ.ബി.ഐ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.
ഇതിനൊപ്പം ഉത്സവകാലത്തുള്ള വർധിച്ച ആവശ്യകതയും ഇത്തരമൊരു തീരുമാനമെടുക്കുന്നതിന് ആർ.ബി.ഐയെ പ്രേരിപ്പിച്ചു.മെയ് 31ാം തീയതിയാണ് അതീവരഹസ്യമായി സ്വർണം ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ നിന്നും ഇന്ത്യയിലേക്ക് എത്തിച്ചത്. പ്രത്യേക വിമാനവും മറ്റ് സുരക്ഷ സംവിധാനങ്ങളും ഒരുക്കിയായിരുന്നു നീക്കം.
നിലവിൽ ഇന്ത്യയുടെ 324 ടൺ സ്വർണമാണ് വിദേശത്തുള്ളത്. ഇതിൽ ഭൂരിപക്ഷവും യു.കെയിലാണ്. ഏറ്റവും സുരക്ഷിതമായി സ്വർണം സൂക്ഷിക്കാൻ കഴിയുന്നത് യു.കെയിലെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിലാണ്. 1697 മുതൽ സ്വർണം സൂക്ഷിക്കുന്ന ഇവിടെ നിലവിൽ 5,350 ടൺ സ്വർണമുണ്ടെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.