മ്യൂച്വല്‍ ഫണ്ട് നിക്ഷേപകരുടെ കെ.വൈ.സി വിശദാംശങ്ങള്‍ നിര്‍ബന്ധം

ന്യൂഡല്‍ഹി: മൊത്ത വാര്‍ഷിക വരുമാനവും മൊത്തം മുല്യവുമുള്‍പ്പെടെ പുതിയ നിക്ഷേപകരുടെ കെ.വൈ.സിയുമായി (ക്നോ യുവര്‍ ക്ളയന്‍റ്) ബന്ധപ്പെട്ട അധിക വിവരങ്ങള്‍ നിര്‍ബന്ധമായും നല്‍കണമെന്ന് മ്യൂച്വല്‍ ഫണ്ട് ഹൗസുകള്‍ക്ക് നിര്‍ദ്ദേശം. നിലവിലുള്ള വരിക്കാര്‍ ഡിസംബര്‍ 31ന് മുമ്പ് ഇത്തരത്തിലുള്ള വിശദാംശങ്ങള്‍ നല്‍കണം. ഇത്തരം വിവരങ്ങളില്ലാതെ പുതിയ അപേക്ഷകരെ ചേര്‍ക്കേണ്ടെന്നും നിര്‍ദ്ദേശമുണ്ട്. വ്യവസായ സംഘടനയായ അസോസിയേഷന്‍ മ്യൂച്വല്‍ ഫണ്ട് ഓഫ് ഇന്ത്യ പുറപ്പെടുവിച്ച ‘ബെസ്റ്റ് ഗൈഡ്ലൈന്‍സ് സര്‍ക്കുലറിനനുസരിച്ചാണ് ഈ നിര്‍ദ്ദേശം.

മ്യൂച്വല്‍ ഫണ്ട് വ്യവസായത്തില്‍ കെ.വൈ.സിയുടെ കാര്യത്തില്‍ ഏക രൂപം കൊണ്ടുവരുന്നതിനും ആഗോള ടാക്സ് നിയമമായ യു.എസിലെ എഫ്.എ.ടി.സി.എ (ഫോറിന്‍ അക്കൗണ്ട് ടാക്സ് കംപ്ളിയന്‍സ് ആക്ട്) ക്കനുസൃതമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനുമാണ് ഈ നടപടി. ഇന്ത്യയുള്‍പ്പെടെ രാജ്യങ്ങള്‍ ഒപ്പിട്ട ഈ നിയമമനുസരിച്ച് എല്ലാ ധനകാര്യ സ്ഥാപനങ്ങളും കൂടുതല്‍ വിപുലമായ കെ.വൈ.സി സ്വീകരിച്ച് വിദേശ നികുതി ദായകരുടെ അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ വാര്‍ഷിക അടിസ്ഥാനത്തില്‍ നല്‍കേണ്ടതുണ്ട്.

നവംബര്‍ ഒന്നു മുതല്‍ നിക്ഷേപത്തിന്‍െറ അനുഭവസ്ഥനായ ഉടമസ്ഥന്‍െറ വിവരങ്ങള്‍ നിര്‍ബന്ധമായും എല്ലാ പുതിയ നിക്ഷേപകരില്‍നിന്നും ശേഖരിച്ച് നല്‍കണമെന്ന് ഫണ്ട് ഹൗസുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടിട്ടുണ്ടെന്നും ബി.എസ്.ഇ സര്‍ക്കുലറില്‍ വ്യക്തമാക്കി. നിക്ഷേപകര്‍ വിവരം നല്‍കുന്നില്ളെങ്കില്‍ ഫണ്ട് ഹൗസിന് എല്ലാ വാങ്ങല്‍, കൈമാറ്റ നിര്‍ദ്ദേശങ്ങളും നിരസിക്കാം. നിലവിലുള്ള നിക്ഷേപകരുടെ ലഭ്യമല്ലാത്ത വിവരങ്ങള്‍ ശേഖരിക്കുന്നതിന് കൂടുതല്‍ ശ്രമം നടത്താനും ഡിസംബര്‍ 31ന് മുമ്പ് ഇത് പൂര്‍ത്തിയാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.