ഓഹരിയധിഷ്ഠിത ഫണ്ടുകളിലെ  നിക്ഷേപം 20 മാസത്തെ താഴ്ന്ന നിലയില്‍

മുംബൈ: ഓഹരി വിപണികളിലെ ചാഞ്ചാട്ടവും ഓഹരികളുടെ വിലയിടിവും ഓഹരിയധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപത്തില്‍നിന്ന് നിക്ഷേപകരെ പിന്നോട്ടുവലിക്കുന്നു. ജനുവരിയില്‍ ഓഹരിയധിഷ്ഠിത ഫണ്ടുകളിലെ അറ്റ നിക്ഷേപം 2914 കോടി രൂപയായിരുന്നു. 2015ല്‍ പ്രതിമാസ ശരാശരി 7550 കോടി രൂപയായിരുന്ന സ്ഥാനത്താണിത്. 
8000 കോടിയോളം രൂപയുടെ വിറ്റൊഴിയലാണ് ജനുവരിയില്‍ ഈ ഫണ്ടുകളിലുണ്ടായത്.  സെന്‍സെക്സില്‍ 4.8 ശതമാനം ഇടിവാണ് ജനുവരിയില്‍ രേഖപ്പെടുത്തിയത്. നിക്ഷേപകര്‍ ഓഹരിയധിഷ്ഠിത ഫണ്ടുകളില്‍നിന്ന് അകലുന്നത് ഓഹരി വിപണികളെ കൂടുതല്‍ മോശമായി ബാധിക്കാനിടവരുത്തും. നിലവില്‍ വിദേശ നിക്ഷേപ  സ്ഥാപനങ്ങള്‍ വന്‍തോതില്‍ വിപണിയില്‍നിന്ന് പണം പിന്‍വലിച്ചിട്ടും  വലിയ വീഴചകളുണ്ടാകാതെ വിപണി പിടിച്ചു നില്‍ക്കുന്നത് ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെ പിന്തുണയിലാണ്. ഈ വര്‍ഷം ഇതുവരെ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 11000 കോടി രൂപയാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍നിന്ന് പിന്‍വലിച്ചത്. 
അതേസമയം, മ്യൂച്വല്‍ ഫണ്ടുകള്‍ മാത്രം ഇതേ കാലയളവില്‍ നിക്ഷേപിച്ചത് 7000 കോടി രൂപയാണ്. ഓഹരി വിപണിയിലെ ഇടിവ് നിക്ഷേപത്തിനുള്ള മികച്ച അവസരമായാണ് ഫണ്ടു മാനേജര്‍മാര്‍ കാണുന്നത്.  എന്നാല്‍, നിക്ഷേപം കുറയുന്നത് അവസരം പ്രയോജനപ്പെടുത്തുന്നതിന് തടസമാകുമെന്നാണ് ഇവരുടെ വിലയിരുത്തല്‍. ഡിസംബര്‍ അവസാനം ഓഹരിയധിഷ്ഠിത ഫണ്ടുകളുടെ ആസ്തി 4.05 ലക്ഷം കോടിയായിരുന്നത് ജനുവരി 31 ആയപ്പോഴേക്കും 3.84 ലക്ഷം കോടിയായി കുറയുകയും ചെയ്തിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.