മാര്‍ച്ച് മുതല്‍ എസ്.ഐ.പി  നിക്ഷേപത്തിന്  എന്‍.എ.സി.എച്ച്

മുംബൈ: മ്യൂച്വല്‍ ഫണ്ടുകളിലെ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്‍റ് പ്ളാന്‍ (എസ്.എ.പി) വഴി നിക്ഷേപം നടത്തുന്നവര്‍ക്ക് പ്രതിമാസ പണമടവിന് മാര്‍ച്ച് മുതല്‍ ഇലക്ട്രോണിക് ക്ളിയറിങ് സിസ്റ്റത്തിന് (ഇ.സി.എസ്) പകരം  നാഷനല്‍ ഓട്ടോമേറ്റഡ് ക്ളിയറിങ് ഹൗസ് (എന്‍.എ.സി.എച്ച്) സംവിധാനത്തിലേക്ക് മാറാം. നാഷനല്‍ പേമെന്‍റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയാണ് ഈ സംവിധാനം നടപ്പാക്കുന്നത്. എല്ലാ പുതിയ മ്യൂച്വല്‍ ഫണ്ട് എസ്.ഐ.പികളും ഇനി ഈ സംവിധാനത്തിലായിരിക്കും പ്രവര്‍ത്തിക്കുക. 
ഒറ്റത്തവണ രജിസ്ട്രേഷന്‍ വഴി നിശ്ചിത പദ്ധതിയിലേക്ക് ആഗ്രഹിക്കുന്ന തുക ഇതു വഴിയടക്കാം. ബാങ്ക് അക്കൗണ്ട് നമ്പര്‍ ഉള്‍പ്പെടെ വിശദാംശങ്ങള്‍ നല്‍കി വണ്‍ടൈം മാന്‍ഡേറ്റ് (ഒ.ടി.എം) ഫോം പൂരിപ്പിച്ച് ഒപ്പിട്ട് ഫണ്ട് ഹൗസിന് നല്‍കിയാല്‍ ബാങ്ക് നിശ്ചിത ദിവസം നിശ്ചിത തുക പദ്ധതിയിലേക്ക് മാറ്റിക്കൊള്ളും. ഒരു നിശ്ചിത കാലത്തേക്കോ റദ്ദാക്കുന്നതുവരെയോ ഇതു തുടരാം. ഓരോ ഫോളിയോകള്‍ക്കും പ്രത്യേകം ഒ.ടി.എം നല്‍കണം. വ്യത്യസ്ത ഫണ്ടു ഹൗസുകളിലാണ് നിക്ഷേപമെങ്കിലും പ്രത്യേകം ഫോറം പൂരിപ്പിച്ച് നല്‍കണം. ഇ.സി.എസ് സംവിധാനം ചെറുകിട പട്ടണങ്ങളില്‍ സാധ്യമായിരുന്നില്ല. എന്നാല്‍, 90,000 ബ്രാഞ്ചുകള്‍ അംഗമായതിനാല്‍ ചെറുപട്ടണങ്ങളില്‍നിന്നുപോലും എന്‍.എ.സി.എച്ച് വഴി എളുപ്പത്തില്‍ പണമടക്കാം. ചെറുപട്ടണങ്ങളിലും ഗ്രാമങ്ങളിലുമുള്ളവര്‍ക്കും ചെക്കിന്‍െറ ആവശ്യമില്ലാതെ പ്രതിമാസ പണമടവ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് സാധ്യമാക്കുന്നു എന്നതാണ് ഇതിന്‍െറ നേട്ടം. ഓണ്‍ലൈന്‍ പണം കൈമാറ്റവും ഇതിനായി നടത്തേണ്ടതില്ല. 
എസ്.ഐ.പിക്ക് ഇ.സി.എസ് സൗകര്യം ലഭിക്കാന്‍ 30 ദിവസം വരെ സമയം വേണ്ടിയിരുന്നെങ്കില്‍ എന്‍.സി.എച്ചില്‍ 10 ദിവസം മതിയാകും. പണമടക്കാനുള്ള നിര്‍ദ്ദേശം അംഗീകരിച്ചതിനുള്ള സ്ഥിരീകരണവും ഇടപാട് ദിവസംതന്നെ നിക്ഷേപകന് ലഭിക്കും. നിലവിലുള്ള എസ്.ഐ.പികളില്‍ കാലാവധി പൂര്‍ത്തിയാകുന്നതുവരെ ഇ.സി.എസ് തുടരും. കാലാവധി അവസാനിക്കുകയോ എസ്.ഐ.പി പുതുക്കുകയോ ചെയ്യുകയാണെങ്കില്‍ എന്‍.എ.സി.എച്ച് ഫോറം പൂരിപ്പിച്ച് നല്‍കണം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.