ന്യൂഡൽഹി: പ്രതിദിന മാറ്റം നിലവിൽവന്ന ശേഷം രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നു. മൂന്നുവർഷത്തിനിടെ ഏറ്റവുമുയർന്ന നിരക്കാണ് കഴിഞ്ഞദിവസം പെട്രോളിന് ഇൗടാക്കിയത്. പുതിയ വിലനിർണയ സംവിധാനം നിലവിൽവന്ന ജൂലൈ മുതൽ പെട്രോളിന് ആറുരൂപയും ഡീസലിന് 3.67 രൂപയും വർധിച്ചു. ഡൽഹിയിൽ പെട്രോളിന് 69.04 രൂപയാണ് കഴിഞ്ഞദിവസം ഇൗടാക്കിയത്. 2014 ആഗസ്റ്റ് പകുതിക്കുശേഷമുള്ള ഏറ്റവുമുയർന്ന നിരക്കാണിത്. ഡീസലിന് 57.03 ആണ് കഴിഞ്ഞദിവസം ഇൗടാക്കിയത്. നാലുമാസത്തിനിടെയുള്ള ഏറ്റവുമുയർന്ന നിരക്ക്.
കൊച്ചിയിൽ ഇൗ മാസം പെട്രോളിന് 3.74 രൂപ വർധിച്ചു. ആഗസ്റ്റ് ഒന്നിന് 67.88 ഉണ്ടായിരുന്നത് ആഗസ്റ്റ് 25 ആയപ്പോഴേക്കും 71.62 ആയി. ഡീസലിന് ആഗസ്റ്റ് ഒന്നിന് 59.39 ഉണ്ടായിരുന്നത് 25 ആയപ്പോഴേക്കും 60.92 ആയി. വർധനവ് 1.53 രൂപ. വില കുറയുമെന്നും അന്തർദേശീയ വിപണിയിലെ ഏറ്റക്കുറച്ചിലുകളുടെ ഫലം അതത് ദിവസംതന്നെ ഉപഭോക്താക്കൾക്ക് ലഭിക്കുമെന്നും വാഗ്ദാനം ചെയ്താണ് കേന്ദ്ര സർക്കാർ എല്ലാ ദിവസവും നിരക്ക് നിശ്ചയിക്കുന്ന സംവിധാനം നടപ്പാക്കിയത്. നേരത്തെ, ഇന്ധനവിലയിൽ എന്തു മാറ്റമുണ്ടായാലും മാധ്യമങ്ങളിൽ വാർത്തയാകുന്നതിനാൽ ജനങ്ങൾ കൃത്യമായി അറിഞ്ഞിരുന്നു. എന്നാൽ, എല്ലാ ദിവസവും ചെറിയ േതാതിൽ വില വർധിപ്പിക്കുന്നതിനാൽ ഇത് വാർത്തയാവുകയോ ജനങ്ങളറിയുകയോ ചെയ്യുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.