മുംബൈ: നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്കിന്‍റെ വായ്പ നയം. റിപ്പോ നിരക്ക് നാലു ശതമാനമായും റിവേഴ്സ് റിപ്പോ നിരക്ക് 3.5 ശതമാനമായും തുടരും. കോവിഡ് രണ്ടാം തരംഗം നേരിടുന്ന സാഹചര്യത്തിലാണ് ധനനയ യോഗത്തിന്‍റെ തീരുമാനം.
റിസർവ് ബാങ്ക് ബാങ്കുകൾക്ക് നൽകുന്ന വായ്പയുടെ പലിശയാണ് റിപ്പോ നിരക്ക്. റിസർവ് ബാങ്കിന് നൽകുന്ന വായ്പയുടെ പലിശ നിരക്കാണ് റിവേഴ്സ് റിപ്പോ.
'പലിശനിരക്കുകളിൽ മാറ്റമുണ്ടാകില്ല, വളർച്ചക്കാവശ്യമായ നടപടികൾ തുടരും' -ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. രാജ്യത്ത് 2021-22 സാമ്പത്തിക വർഷത്തിൽ ജി.ഡി.പി വളർച്ച 9.5 ശതമാനമായി കുറച്ചു. 10.5 ശതമാനമായിരുന്നു പ്രതീക്ഷിച്ചിരുന്നത്. നടപ്പ് സാമ്പത്തിക വർഷം 5.1 ശതമാനം ചില്ലറ പണപ്പെരുപ്പം പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മൂന്നുദിവസം നീണ്ടുനിന്ന ധനനയ യോഗത്തിന് ശേഷമാണ് പ്രഖ്യാപനം. വിലക്കയറ്റത്തിന്‍റെ സാഹചര്യത്തിലാണ് പലിശനിരക്കിൽ മാറ്റം വരുത്തേണ്ടെന്ന റിസർവ് ബാങ്കിന്‍റെ തീരുമാനം. 2020 മേയിലാണ് നേരത്തേ പലിശ നിരക്കിൽ മാറ്റം വരുത്തിയത്.
ചെറുകിട ഇടത്തരം വ്യവസായങ്ങളെ സഹായിക്കുന്നതിന് പ്രഖ്യാപിച്ച 16,000 കോടിയുടെ സിഡ്ബി പദ്ധതി തുടരും. 50 കോടി വരെ വായ്പയെടുത്തവർക്ക് ഇതിലൂടെ ആനുകൂല്യം ലഭിക്കും. നേരത്തേ 25 കോടിയായിരുന്നു വായ്പ പരിധി.
കോവിഡിന്‍റെ രണ്ടാം തരംഗത്തിന്‍റെ സാഹചര്യത്തിൽ രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതിയും ശക്തികാന്ത ദാസ് വിവരിച്ചു. ആദ്യതരംഗത്തപ്പോലെ രണ്ടാം തരംഗം സമ്പദ്വ്യവസ്ഥയെ പിടിച്ചുകുലുക്കിയില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.