അംബാനി കുടുംബത്തിന് സുരക്ഷ നൽകുന്നത് കേന്ദ്ര സർക്കാറിന് തുടരാമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: അംബാനി കുടുംബത്തിന് സുരക്ഷ നൽകുന്നത് കേന്ദ്ര സർക്കാറിന് തുടരാമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി. അംബാനി കുടുംബത്തിന് കേന്ദ്ര സർക്കാർ സുരക്ഷ നൽകുന്നതിനെതിരെ ത്രിപുര ഹൈകോടതിയിൽ സമർപ്പിക്കപ്പെട്ട പൊതുതാൽപര്യ ഹരജിയും ഇടക്കാല ഉത്തരവുകളും തീർപ്പാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ വിധി. സുരക്ഷാ സംവിധാനത്തിനുള്ള ചിലവ് നിലവിലുള്ളതുപോലെ അംബാനി കുടുംബം തന്നെ വഹിക്കണമെന്നും കോടതി വ്യക്തമാക്കി.

ഒരു സ്വകാര്യ വ്യക്തിക്ക് നൽകിയ സുരക്ഷയെ പൊതുതാൽപര്യ ഹരജിയിലൂടെ ചോദ്യംചെയ്യാൻ ഹരജിക്കാരന് നിയമപരമായ അവകാശമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

നേരത്തെ, ഹരജി പരിഗണിച്ച ത്രിപുര ഹൈകോടതി, അംബാനി കുടുംബത്തിനുള്ള സുരക്ഷാ ഭീഷണിയെ കുറിച്ച് റിപ്പോർട്ട് നൽകാൻ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ കേന്ദ്രം എതിർത്തതോടെയാണ് വിഷയം സുപ്രീംകോടതിയുടെ പരിഗണനക്കെത്തിയത്. ഹൈകോടതിയുടെ ഉത്തരവ് സുപ്രീംകോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു.

സുരക്ഷ നൽകിയതിനെതിരെ കോടതിയിൽ ഹരജി നൽകാനുള്ള നിയമപരമായ അവകാശത്തെ കേന്ദ്ര സർക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചോദ്യംചെയ്തു. വിശദമായ കൂടിയാലോചനകൾക്ക് ശേഷമാണ് സുരക്ഷ നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നതെന്നും കേന്ദ്രം വ്യക്തമാക്കി.

നിങ്ങൾ എന്തിനാണ് മറ്റൊരാൾക്ക് സർക്കാർ സുരക്ഷ നൽകുന്നതിൽ ആശങ്ക പ്രകടിപ്പിക്കുന്നതെന്ന് കോടതി ഹരജിക്കാരനോട് ചോദിച്ചു. തീരുമാനമെടുക്കാൻ സർക്കാർ ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ ഏറ്റവും വലുതും പ്രമുഖവുമായ കമ്പനികളുടെ പ്രമോട്ടർമാരാണ് അംബാനി കുടുംബം. ഇവരുടെ ജീവന് ഭീഷണി ഉണ്ടെന്ന് അവിശ്വസിക്കാൻ കാരണങ്ങളൊന്നുമില്ല. ഹരജിക്കാരന് ഈ ഭീഷണിയെക്കുറിച്ച് ഇതിനകം തന്നെ അറിയാം, അതുകൊണ്ടാണ് അംബാനി കുടുംബത്തിന് മതിയായ സുരക്ഷ ഒരുക്കുന്നത്. കൂടാതെ, ബോംബെ ഹൈക്കോടതിയും നേരത്തെ അംബാനി കുടുംബത്തിന്‍റെ ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുടെ ആവശ്യകത അംഗീകരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇവർക്ക് സുരക്ഷ നൽകുന്നത് റദ്ദാക്കണമെന്ന ഹർജി തള്ളുകയാണ് -കോടതി വ്യക്തമാക്കി.

Tags:    
News Summary - Supreme Court permits Centre to continue with security cover for Ambani family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.