അപകടത്തിൽ ഗുരുതര പരിക്ക് പറ്റിയിട്ടും സിവിൽ സർവീസ് പരീക്ഷ മുടക്കിയില്ല; ആദ്യശ്രമത്തിൽ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഐ.പി.എസ് ഓഫിസറായി ചരിത്രം കുറിച്ച് ദിവസവേതനക്കാരന്റെ മകൻ

ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനായി ലക്ഷക്കണക്കിന് ആളുകളാണ് ഓരോ വർഷവും യു.പി.എസ്.സി പരീക്ഷയെഴുതുന്നത്. ഐ.എ.എസിന് മാത്രമല്ല, ഒട്ടേറെ ഉന്നത കരിയറുകളിലേക്ക് അവസരം തുറക്കുന്ന ജാലകം കൂടിയാണ് യു.പി.എസ്.സി സിവിൽ സർവീസ് പരീക്ഷ. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ​ഐ.പി.എസ് ഉദ്യോഗസ്ഥൻ സഫിൻ ഹസനെ കുറിച്ചാണ് പറയാൻ പോകുന്നത്.

ഗുജറാത്തിലെ പാലൻപൂർ ഗ്രാമത്തിൽ 1995ലാണ് സഫിൻ ഹസൻ ജനിച്ചത്. പരിമിതികൾക്കിടയിലും മക്കളെ നന്നായി നോക്കാൻ സഫിന്റെ മാതാപിതാക്കൾ ഏറെ ശ്രദ്ധിച്ചു. പാചകതൊഴിലായിരുന്നു അമ്മക്ക്, പിതാവിന് ജോലി ഡയമണ്ട് ഫാക്ടറിയിലും. പണികഴിഞ്ഞെത്തിയാൽ അവർ ഒരു സ്റ്റാളിലിരുന്ന് പുഴുങ്ങിയ മുട്ടകൾ വിൽപ്പന നടത്തും. 2000ത്തിൽ മാതാപിതാക്കൾക്ക് ജോലിയില്ലാതായതാണ് സഫിന്റെ ​ജീവിതത്തിലെ ഏറ്റവും പരീക്ഷണ കാലഘട്ടം.

പഠിക്കാൻ മിടുക്കനായിരുന്നു സഫിൻ. സർക്കാർ സ്കൂളിലായിരുന്നു പഠനം. സ്കൂളിൽനിന്ന് അവന് ഏറെ പിന്തുണ കിട്ടി. 11, 12 ക്ലാസുകളിലെ ഫീസ് സ്കൂൾ അധികൃതർ ഒഴിവാക്കികൊടുത്തു. ഒരിക്കൽ ജില്ലാ കലക്ടർ സ്കൂൾ സന്ദർശിക്കാൻ എത്തിയതാണ് യു.പി.എസ്.സി എന്ന കടുത്ത മത്സര പരീക്ഷയിലേക്ക് വഴി തുറന്നത്. കലക്ടർക്ക് ലഭിച്ച ആദരവും അംഗീകാരവും സഫിനെ ആകർഷിച്ചു. സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് സമൂഹത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കാൻ സാധിക്കുമെന്നും ആ മിടുക്കൻ മനസിലാക്കി.

പ്ലസ് പഠനം കഴിഞ്ഞ് ബന്ധുക്കളുടെ സാമ്പത്തിക സഹായത്തോടെ സഫിൻ എൻജിനീയറിങ് കോളജിൽ ചേർന്നു. യു.പി.എസ്.സി പരീക്ഷയിലെ വിജയമായിരുന്നു സഫിന്റെ ഏറ്റവും വലിയ മുൻഗണന. അതിനാൽ ബിരുദ പഠനകാലത്ത് തന്നെ സഫിൻ പരീക്ഷക്കായി തയാറെടുപ്പ് തുടങ്ങി. സാമ്പത്തികം വലിയൊരു പ്രതിസന്ധിയായിരുന്നു. ആവശ്യത്തിന് പഠനസാമ​ഗ്രികൾ ഇല്ലാത്തതും പ്രശ്നമായി. കോളജ് പഠനത്തിന് ശേഷം ഡൽഹിയിൽ സിവിൽ സർവീസ് പരി​ശീലനത്തിന് പോയി.

2017ൽ യു.പി.എസ്.സി പരീക്ഷയെഴുതാൻ പോകുമ്പോഴുണ്ടായ വലിയ അപകടം സഫിന്റെ സ്വപ്നങ്ങളുടെ ചിറകറുത്തുവെന്നാണ് പലരും കരുതിയത്. ഗുരതരമായി പരിക്കേറ്റിട്ടും സഫിൻ പരീക്ഷ എഴുതാനായി പരീക്ഷാ ഹാളിലെത്തി. അതിനു ശേഷമാണ് ആശുപത്രിയിലെത്തി ചികിത്സ തേടിയത്. അതുവരെ എല്ലാ വേദനയും സഹിച്ചു. നിരവധി ശസ്ത്രക്രിയകളും ഫിസിയോ തെറപ്പി സെക്ഷനുകളും വേണ്ടി വന്നു പരിക്ക് ഭേദമാക്കാൻ. സിവിൽ സർവീസ് പരീക്ഷയിൽ സഫിന് 570ാം റാങ്ക് ലഭിച്ചത് സഫിന്റെ എല്ലാ മുറിവുകളും ഉണക്കി. ആരോഗ്യം വീണ്ടെടുത്ത സഫിൻ ഗുജറാത്ത് കേഡറിൽ സേവനമാരാംഭിച്ചു.

Tags:    
News Summary - Meet IPS Safin Hasan who cleared UPSC CSE exam at 22

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.