കോഴിക്കോട്: വിവിധ പഠനവകുപ്പുകളിലെ അധ്യാപകനിയമനത്തിൽ കാലിക്കറ്റ് സർവകലാശാല അധികൃതരുടെ സ്വജനപക്ഷപാതത്തിെൻറ 'മികച്ച ഉദാഹരണ'മായി കാസർകോട് പാണത്തൂരുകാരൻ ആർ. രഞ്ജിത്ത്. പട്ടികവർഗ വിഭാഗത്തിൽപെട്ട രഞ്ജിത്തിന് നാലാം റാങ്ക് ലഭിച്ചിട്ടും കാലിക്കറ്റിലെ ഇക്കണോമിക്സ് അധ്യാപക തസ്തികയിൽ നിയമനം നൽകിയിരുന്നില്ല.
പ്രശസ്തമായ റാഞ്ചി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറിൽ (ഐ.ഐ.എം) അസിസ്റ്റൻറ് പ്രഫസറായി നിയമനം ലഭിച്ച രഞ്ജിത്തിെൻറ ദുരിതജീവിതം പുറത്തുവന്നതിന് പിന്നാലെയാണ് കാലിക്കറ്റ് സർവകലാശാലയുടെയും ഇടതുപക്ഷത്തിന് മൃഗീയഭൂരിപക്ഷമുള്ള സിൻഡിക്കേറ്റിെൻറയും ചതിയും ദലിത് വിരുദ്ധതയും ചർച്ചയാകുന്നത്. മദ്രാസ് ഐ.ഐ.ടിയിലെ പിഎച്ച്.ഡി ബിരുദവുമായി ഇൻറർവ്യൂവിനെത്തിയ സമൂഹത്തിലെ ഏറ്റവും പിന്നാക്കമുള്ള പട്ടികവർഗ വിദ്യാർഥിക്ക് സാങ്കേതിക കാരണങ്ങൾ പറഞ്ഞാണ് സിൻഡിക്കേറ്റ് നിയമനം നിഷേധിച്ചത്.
ഭരണകക്ഷികളുടെ അടുപ്പക്കാർക്കുമാത്രം നിയമനം നൽകി വിവാദമായ കാലിക്കറ്റിലെ അധ്യാപകനിയമനത്തിൽ ഇക്കണോമിക്സ് വിഷയത്തിൽ നാല് ഒഴിവുകളാണുണ്ടായിരുന്നു. രഞ്ജിത്തിന് നാലാം റാങ്കായിരുന്നു. ഓപൺ വിഭാഗത്തിൽ രണ്ടും മുസ്ലിം വിഭാഗത്തിൽ ഒരാൾക്കും നിയമനം നൽകി. നാലാമത്തെ ഒഴിവ് ഒ.ബി.സിക്കാണെന്ന് സർവകലാശാല പറയുന്നു. റാങ്ക് പട്ടികയിൽ ആളില്ലാത്തതിനാൽ എൻ.സി.എ (ഉദ്യോഗാർഥികളെ ലഭിക്കാത്ത അവസ്ഥ) ആയി കണക്കാക്കുകയും ചെയ്തു.
ഇൻറർവ്യൂവിൽ നന്നായി തിളങ്ങിയത് രഞ്ജിത്തായിരുന്നു. ഇക്കാര്യം ഇൻറർവ്യൂ നടത്തിയവർതന്നെ സമ്മതിക്കുന്നുണ്ട്. എന്നാൽ, നാലാം സ്ഥാനത്തേക്ക് പിന്തള്ളി. റാങ്ക് പട്ടികയും സംവരണക്രമ പട്ടികയും പുറത്തുവിടാതെയുള്ള നിയമന ക്രമക്കേടിനെതിരെ പലരും ഹരജി നൽകിയിരുന്നു. രഞ്ജിത്തിെൻറ ഹരജിയും ഹൈകോടതി ഫയലിൽ സ്വീകരിച്ചിരുന്നു.
കാലിക്കറ്റ് സർവകലാശാല, വൈസ് ചാൻസലർ, സംസ്ഥാന സർക്കാർ, നിയമനം കിട്ടിയ മൂന്ന് പേർ എന്നിവരെ എതിർകക്ഷികളാക്കിയായിരുന്നു ഹരജി. നിയമനം തീരുമാനിച്ച ദിവസംതന്നെയാണ് സംവരണക്രമ പട്ടികയുണ്ടാക്കിയതെന്ന വൈരുധ്യവും രഞ്ജിത്ത് ഹരജിയിൽ ചൂണ്ടിക്കാട്ടി.
ഇക്കണോമിക്സ് അധ്യാപക ഇൻറർവ്യൂവിൽ പെങ്കടുത്ത 20 പേർ ക്രമക്കേട് ആരോപിച്ച് കഴിഞ്ഞ ജനുവരിയിൽ സിൻഡിക്കേറ്റിന് പരാതി നൽകിയിരുന്നു. അന്തർദേശീയ, ദേശീയ സ്കോളർഷിപ്പുകളടക്കം ലഭിച്ചവരായിരുന്നു രഞ്ജിത്തിനൊപ്പം ഇൻറർവ്യൂവിൽ പങ്കെടുത്തവരിൽ ഏറെയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.