വിദേശത്ത് പഠിക്കാൻ പോണോ? വരൂ...ഐ.ഇ.എൽ.ടി.എസ് പഠിക്കാം

പലരും പറഞ്ഞ് കേട്ട് കാണും ഐ.ഇ.എല്‍.ടി.എസിനെ കുറിച്ച്. സത്യത്തില്‍ എന്താണ് ഐ.ഇ.എല്‍.ടി.എസ്? ലോകത്തിലെ ഏറ്റവും വലിയ ഇംഗ്ലീഷ് പ്രോഫിഷ്യന്‍സി ടെസ്റ്റാണ് ഇന്റർനാഷനൽ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിംഗ് സിസ്റ്റം അഥവാ ഐ.ഇ.എൽ.ടി.എസ്. ആർക്കുവേണമെങ്കിലും എഴുതാം എന്നതാണ് ഐ.ഇ.എൽ.ടി.എസിന്റെ പ്രധാന സവിശേഷത. പതറാതെ ഇംഗ്ലീഷ് പറഞ്ഞു നിൽക്കാൻ കഴിവുണ്ടെങ്കിൽ ഐ.ഇ.എൽ.ടി.എസ് എന്ന വെല്ലുവിളി ആർക്കും മറികടക്കാം.

ബ്രിട്ടീഷ് കൗൺസിൽ, ഐ.ഡി.പി ഓസ്‌ട്രേലിയ, യൂണിവേഴ്‌സിറ്റി ഓഫ് കേംബ്രിഡ്ജ് എന്നീ കേന്ദ്രങ്ങളാണ് ഐ.ഇ.എൽ.ടി.എസ് പരീക്ഷയ്ക്ക് മേൽനോട്ടം വഹിക്കുന്നത്. ലോകത്തെ 140 ൽ പരം രാജ്യങ്ങളിലെ വിദ്യാഭ്യാസ, തൊഴിൽ, സ്ഥാപനങ്ങളിൽ ഈ പരീക്ഷ അടിസ്ഥാനപ്പെടുത്തിയാണ് പ്രവേശനം. ലോകമെമ്പാടുമുള്ള പത്തായിരത്തിലേറെ സ്ഥാപനങ്ങള്‍ അംഗീകരിച്ച ഇംഗ്ലീഷ് പ്രാവീണ്യ സര്‍ട്ടിഫിക്കറ്റ് ആണ് ഐ.ഇ.എല്‍.ടി.എസ് നല്‍കുന്നത്.

ലിസണിങ്ങ്(listening),റീഡിങ്ങ് (reading),റൈറ്റിങ്ങ് (writting),സ്പീക്കിങ്ങ്(speaking) എന്നിവയിലുള്ള നിങ്ങളുടെ അറിവ് പരിശോധിക്കുകയാണിവിടെ.അതായത് ഇംഗ്ലീഷ് എഴുതാനും, വായിക്കാനും, ഗ്രഹിക്കാനും സംസാരിക്കാനുമുള്ള കഴിവുകള്‍ ശാസ്ത്രീയമായി പ്രത്യേകം പ്രത്യേകം പരീക്ഷിക്കും എന്നർഥം.

രണ്ട് മണിക്കൂറും 45 മിനിറ്റുമാണ് പരീക്ഷയുടെ ദൈർഘ്യം. ഒന്നിനും ഒൻപതിനും ഇടയിലാണ് സ്കോർ .രണ്ടു വർഷം വരെയാണ് ഫലത്തിന്റെ കാലാവധി. ഈ കാലഘട്ടത്തിൽ പരമാവധി അഡ്മിഷന് വേണ്ടി ശ്രമിക്കാം. പരീക്ഷയെഴുതി വിജയിച്ചില്ലെങ്കിൽ വീണ്ടും എഴുതാൻ അവസരവുമുണ്ട്. വിദേശ രാജ്യത്ത് ആവശ്യമായ ഭാഷാ വൈദഗ്ദ്യം പരീക്ഷിക്കുന്നതാണ് പരീക്ഷ. അതുകൊണ്ടുതന്നെ ഒരുങ്ങിത്തന്നെ പുറപ്പെടണം ഈ പരീക്ഷയെഴുതാൻ.

പരീക്ഷയുമായി ബന്ധപ്പെട്ട് ഐ.ഇ.എല്‍.ടി.എസ് അക്കാദമിക്, ഐ.എല്‍.ടി.എസ് ജനറല്‍ ട്രെയിനിങ്ങ് എന്നിങ്ങനെ രണ്ട് തരം സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ട്. ബിരുദം, ബിരുദാനന്തരബിരുദം, അല്ലെങ്കില്‍ ഏതെങ്കിലും പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ക്ക് വേണ്ടി ജോലി തുടങ്ങിയ ആവശ്യങ്ങള്‍ക്ക് വിദേശത്ത് പോകുന്നവര്‍ക്ക് ഐ.എല്‍.ടി.എസ് അക്കാദമിക് ആണ് അനുയോജ്യം.ബിരുദത്തിന് താഴെ മറ്റേത് വിദ്യാഭ്യാസ ആവശ്യത്തിനായി പോകുന്നവര്‍ക്കും ഐ.ഇ.എല്‍.ടി.എസ് ജനറല്‍ ട്രെയിനിങ്ങ് ആണ് ആവശ്യം.

ഐ.ഇ.എൽ.ടി.എസും ഒ.ഇ.ടിയും തമ്മിലുള്ള വ്യത്യാസം എന്താണ് ?

ഒരു വിദേശജോലി സ്വപ്‌നം കാണുന്ന ഉദ്യോഗാർഥിയുടെ മനസിൽ സ്വഭാവികമായും ഉരുത്തിരിയാവുന്ന ചോദ്യമാണിത്.

ഏതാണ് പഠിക്കാൻ എളുപ്പം? ഏതാണ് ഏറ്റവും മികച്ചത്?

ഐ.ഇ.എൽ.ടി.എസിനും ഒ.ഇ.ടിക്കും പ്രധാനമായും സ്പീക്കിങ്, റൈറ്റിങ്, ലിസണിങ്, റീഡിങ് എന്നീ നാല് ഘടകങ്ങളാണ് (മൊഡ്യൂളുകൾ) ഉള്ളത്. ഇരു പരീക്ഷകളും വിജയിക്കണമെങ്കിൽ ഈ നാല് കടമ്പകളും കടക്കണം. മൊഡ്യൂളുകൾ ഒരുപോലെയെങ്കിലും അതിനുള്ളിലെ വസ്തുതകളിൽ വ്യത്യാസം പ്രകടമാണ്. രണ്ടും രണ്ടു തലത്തിലുള്ള പരീക്ഷകളാണെന്ന് സാരം.

ഐ.ഇ.എൽ.ടി.എസിൽ നിന്ന് വ്യത്യസ്തമായി ഒ.ഇ.ടി മെഡിക്കൽ പ്രൊഫഷണലുകൾക്ക് വേണ്ടി മാത്രമുള്ളതാണ്. യു.കെ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ ജോലി ആഗ്രഹിക്കുന്ന മെഡിക്കൽ പ്രൊഫഷണലുകൾക്ക് ഒ.ഇ.ടി തിരഞ്ഞെടുക്കാം. ഐ.ഇ.എൽ.ടി.എസും ഒ.ഇ.ടിയും തമ്മിലുള്ള പ്രധാന വ്യത്യാസവും ഇതുതന്നെ. ഒ.ഇ.ടിക്ക് ഇംഗ്ലീഷ് മാത്രം അറിഞ്ഞാൽ പോരാ. ഇവിടെ പ്രവർത്തിപരിചയവും പ്രധാനമാണ്. രോഗിയോടും രോഗിയുടെ സഹായിയോടും അവരുടെ ആവശ്യങ്ങൾ അനുസരിച്ചും രോഗാവസ്ഥ തിരിച്ചറിഞ്ഞും ഒരു നഴ്‌സോ ഡോക്ടറോ എങ്ങനെയായിരിക്കണം പ്രതികരിക്കേണ്ടതെന്നും ഉദ്യോഗാർഥിയിലൂടെ എക്‌സാമിനർ വിലയിരുത്തുകയാണ് ചെയ്യുന്നത്. സന്ദർഭത്തിനനുസരിച്ചുള്ള ഉദ്യോഗാർഥിയുടെ ഇംഗ്ലീഷ് ഭാഷാ ശൈലിയും ഒ.ഇ.ടി പരീക്ഷയിൽ നിർണായകമാണ്.

സംസ്ഥാന സർക്കാറിന്റെ ഏജൻസിയായ അസാപ് ഐ.ഇ.എല്‍.ടി.എസ് പരിശീലനം നടത്തുന്നുണ്ട്.അസാപ് ഓണ്‍ലൈന്‍ മോഡിലാണ് ഐ.ഇ.എൽ.ടി.എസ്, ഒ.ഇ.ടി പരിശീലനം നടത്തുന്നത്. അക്കാദമിക് പരിശീലനം, പൊതു പരിശീലനം എന്നിങ്ങനെ രണ്ട് തരത്തിലാണ് ഐ.ഇ.എൽ.ടി.എസ് പരിശീലനം. രണ്ടും ഓണ്‍ലൈന്‍ മോഡില്‍ നടത്തും. അക്കാദമിക് പരിശീലനം പ്ലസ്ടു പാസായവര്‍ക്കും ബിരുദ ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്കും പൊതു പരിശീലനം ഉദ്യോഗാര്‍ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും ഉള്ളതാണ്. ഒ.ഇ.ടി പരിശീലനം ആരോഗ്യ പ്രൊഫഷണലുകളെ പരീക്ഷയില്‍ സജ്ജമാക്കാന്‍ ലക്ഷ്യമിടുന്ന ഓണ്‍ലൈന്‍ പരിശീലനമാണ്. വിശദാംശങ്ങള്‍ക്കും രജിസ്റ്റര്‍ ചെയ്യുന്നതിനും www.asapkerala.gov.in സന്ദര്‍ശിക്കുക.

ഐ.ഇ.എൽ.ടി.എസിന്റെ പ്രസക്തി

കഴിഞ്ഞ രണ്ട് വർഷങ്ങളായി ലോക രംഗത്തെ മാറിയ തൊഴിൽ സാഹചര്യത്തിൽ ഐ.ഇ.എൽ.ടി.എസിന്റെ പ്രസക്തി വളരെ വലുതാണ്. ഇംഗ്ലീഷ് എവിടെയെല്ലാം അടിസ്ഥാന ഭാഷയായി പരിഗണിക്കുന്നുവോ അവിടെയെല്ലാം ഒഴിവാക്കാനാവാത്ത ഘടകമാണ് ഐ.ഇ.എൽ.ടി.എസ്. ഉയർന്ന ജീവിതനിലവാരം പുലർത്തുന്ന യു.കെ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിങ്ങൾ ഒരു ജോലി ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഐ.ഇ.എൽ.ടി.എസ് എന്ന കടമ്പ കടന്നിരിക്കണം.

പാഠഭേദങ്ങൾ

ഐ.ഇ.എൽ.ടി.എസിന് പ്രധാനമായും രണ്ട് പാഠഭേദങ്ങളാണ് ഉള്ളത്. അക്കാഡമിക്, ജനറൽ എന്നിവയാണ് പൊതുവായുള്ള പാഠഭേദങ്ങൾ.

അക്കാഡമിക്

സമീപകാലത്ത് ലോകത്ത് ഏറ്റവും അധികം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നത് ആരോഗ്യമേഖലയിലാണ്. യു.കെ, യു.എസ്,ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ ഉന്നതപഠനത്തിന് ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കും ഡോക്ടർ, ഫാർമസിസ്റ്റ്, നഴ്‌സ് പോലുള്ള മെഡിക്കൽ പ്രൊഫഷണലുകൾക്കും അക്കാഡമിക് ഐ.ഇ.എൽ.ടി.എസ് ഒരു തെരഞ്ഞെടുക്കാം.

ജനറൽ ട്രെയിനിങ്

കാനഡ പോലുള്ള രാജ്യങ്ങളിൽ കുടിയേറാൻ ആഗ്രഹിക്കുന്നവർക്ക് ജനറൽ ഐ.ഇ.എൽ.ടി.എസ് ഒരു കടമ്പയാണ്.

Tags:    
News Summary - what is IELTS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.