ന്യൂഡൽഹി: ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദേശ വിദ്യാർഥികൾക്ക് പ്രവേശന പരീക്ഷയില്ലാതെ നേരിട്ട് പ്രവേശനം നൽകാൻ യൂനിവേഴ്സിറ്റി ഗ്രാൻഡ്സ് കമീഷൻ അനുമതി നൽകി. നിലവിലെ സീറ്റിനെ ബാധിക്കാതെ 25 ശതമാനം അധിക സീറ്റ് അനുവദിച്ചാണ് ഇത് സാധ്യമാക്കുക.
റെഗുലേറ്ററി ബോഡികൾ നിശ്ചയിച്ച അടിസ്ഥാന സൗകര്യവും ഫാക്കൽറ്റിയും മറ്റും ഉറപ്പാക്കണമെന്ന് നിബന്ധനയുണ്ട്. അണ്ടർ ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സുകളിൽ വിദേശ വിദ്യാർഥികളെ ആകർഷിക്കാനാണ് വ്യവസ്ഥകളിൽ ഇളവ് നൽകിയതെന്ന് യു.ജി.സി ചെയർമാൻ ജഗദേഷ് കുമാർ പി.ടി.ഐ വാർത്ത ഏജൻസിയോട് പറഞ്ഞു. ഇന്ത്യയിലെയും വിദേശത്തെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തമ്മിലുള്ള എക്സ്ചേഞ്ച് പ്രോഗ്രാം, ധാരണപത്രം എന്നിവയുടെ അടിസ്ഥാനത്തിൽ പഠിക്കുന്ന വിദ്യാർഥികളെ 25 ശതമാനത്തിൽ ഉൾപ്പെടുത്തില്ല. വിദേശ വിദ്യാർഥികൾക്കായി അനുവദിച്ച സൂപ്പർ ന്യൂമററി സീറ്റുകളിൽ മറ്റുള്ളവരെ പ്രവേശിപ്പിക്കില്ല.
വിദേശകാര്യ മന്ത്രാലയത്തിൽനിന്നുള്ള വിവരങ്ങൾ പ്രകാരം 2021ൽ 23,439 വിദേശ വിദ്യാർഥികളാണ് ഇന്ത്യയിൽ പഠിക്കാനെത്തിയത്. ഇത് മുൻ വർഷത്തേക്കാൾ കുറവാണ്.
2019ൽ 75000ത്തിലേറെ വിദേശ വിദ്യാർഥികൾ ഇന്ത്യയിൽ പഠനത്തിനെത്തിയിരുന്നു. വിദേശ വിദ്യാർഥികൾക്ക് ഇളവ് നൽകാൻ ഇതും പ്രേരണയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.